സംസ്ഥാന കേരളോത്സവം: കോഴിക്കോടിന് ചാമ്പ്യന്‍ഷിപ്പ്‌

Posted on: December 31, 2013 12:24 am | Last updated: December 30, 2013 at 11:24 pm

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന കേരളോത്സവത്തില്‍ കോഴിക്കോടിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. കായിക, കലാ വിഭാഗങ്ങളില്‍ മൊത്തം 463 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം നേടിയത്. 378 പോയിന്റ് നേടിയ കണ്ണൂരിനാണ് രണ്ടാം സ്ഥാനം. 324 പോയിന്റോടെ തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തി. അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ കൊല്ലത്തെ എന്‍ മെല്‍വിന്‍ (കൊല്ലം) വ്യക്തിഗതാ ചാമ്പ്യനായി. വനിതാ വിഭാഗത്തില്‍ ആലപ്പുഴ ജില്ലയിലെ റീനാ മാത്യുവും കണ്ണൂരിലെ അമന്റ സണ്ണിയും വ്യക്തിഗതാ ചാമ്പ്യന്‍പട്ടം പങ്കിട്ടു. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടുക്കിയുടെ ആനന്ദ് കെ മധുവും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടുക്കിയിലെ തന്നെ ടി സി ജിബിയയും വ്യക്തിഗതാ ചാമ്പ്യന്‍മാരായി. കൊല്ലം ഉളിയക്കോവില്‍ സ്വദേശിയായ അനീറ്റ ക്ലാരന്‍സാണ് കലാതിലകം. കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ഥിയാണ്. കലാപ്രതിഭയായി തൃശ്ശൂര്‍ ജില്ലയിലെ കെ എ അനൂപ് തിരഞ്ഞെടുക്കപ്പെട്ടു. മണിപ്പൂരി, ഒഡീസി, കഥക് എന്നിവയില്‍ അനൂപ് ഒന്നാം സ്ഥാനം നേടി. കേരള അഗ്രികള്‍ച്ചര്‍ ബിസിനസില്‍ എംബി എ വിദ്യാര്‍ഥിയാണ് അനൂപ്. കേരളോത്സവത്തില്‍ നാല് വര്‍ഷമായി വിവിധ ഇനങ്ങളിലായി വിജയിയാണ് അനൂപ്. കര്‍ണ്ണാടക സംഗീതം, ഭരതനാട്യം, കുച്ചുപ്പുടി, ചെണ്ട, മോണോ ആക്ട് എന്നിവ അനൂപ് ചെറുപ്പം മുതലേ അഭ്യസിച്ചു വരുന്നുണ്ട്.