പട്ടേലിനു പിറകെ മോദി, മോദിക്ക് പിറകെ മാണി

Posted on: December 31, 2013 5:20 am | Last updated: December 31, 2013 at 8:45 am

pc george1സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍- ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ നെഹ്‌റു കഴിഞ്ഞാല്‍ അടുത്ത സ്ഥാനം കൈയാളിയിരുന്ന വ്യക്തി. പട്ടേല്‍ (1875 -1950) ആരായിരുന്നു എന്ന കാര്യം പുതിയ തലമുറയിലെ എത്ര കോണ്‍ഗ്രസുകാര്‍ക്കറിയാം? പട്ടേലില്‍ നിന്ന് പകര്‍ന്നു കിട്ടിയ പൈതൃകം പിന്തുടരാന്‍ ആരെങ്കിലുമൊക്കെ കോണ്‍ഗ്രസില്‍ അവശേഷിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിനിന്ന് ഈ ഗതികേടുണ്ടാകുമായിരുന്നില്ല. നെഹ്‌റുവിന്റെ കാല്‍പ്പനിക സ്വപ്‌നങ്ങള്‍ക്കാണ് പട്ടേലിന്റെ പ്രയോഗിക രാഷ്ട്ര തന്ത്രത്തെക്കാള്‍ ദേശീയതലത്തിലും അംഗീകാരം ലഭിച്ചത്. ആരെയും പിണക്കാതെ എല്ലാവരെയും ഒപ്പം നിര്‍ത്തുക ആയിരുന്നു നെഹ്‌റുവിന്റെ തന്ത്രം. ജനാധിപത്യമായാലും മതേതരത്വമായാലും സോഷ്യലിസമായാലും അതെന്തും തന്നിലൂടെ വേണം നടപ്പിലാക്കലെന്നും എല്ലാ അധികാരവും തനിക്കായിരിക്കണമെന്നും നെഹ്‌റു ശഠിച്ചു. ആ ശാഠ്യത്തിനെതിരു നിന്നവരെ പുകച്ചു പുറച്ചുചാടിച്ചു. മകളെ കോണ്‍ഗ്രസ് പ്രസിഡന്റാക്കിയതോടെ ജനാധിപത്യം എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു ബാഹ്യ അലങ്കാരം മാത്രമായി. തീവ്ര ഹിന്ദുത്വത്തെ എതിര്‍ക്കാനെന്ന പേരില്‍ മൃദുഹിന്ദുത്വം പ്രോത്സാഹിപ്പിക്കുകുയം ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തുകയും ചെയ്തതോടെ മതേതരത്വം എന്ന സങ്കല്‍പം അട്ടിമറിക്കപ്പെട്ടു. ഒന്നുകില്‍ മതപ്രീണനം അല്ലെങ്കില്‍ മതവിരുദ്ധത എന്ന അര്‍ഥത്തില്‍ മതേതരത്വത്തിന് വ്യാഖ്യാനങ്ങള്‍ ചമക്കയ്‌പ്പെട്ടു. കോണ്‍ഗ്രസിന്റെ പരിപാടി സോഷ്യലിസം ആണെന്നു പ്രഖ്യാപിക്കപ്പെട്ടതോടെ രാജ്യത്ത് വളര്‍ന്നുവന്ന യഥാര്‍ഥ സോഷ്യലിസ്റ്റുകളെ, നമ്മുടെ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുടെ തലത്തിലേക്ക് തരം താഴ്ത്താനും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തി തന്നെ ഇല്ലാതാക്കാനും നെഹ്‌റുവിയന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ബി ജെ പിയും സംഘപരിവാര്‍ ശക്തികളും മറ്റ് രാഷ്ട്രീയ വിധ്വംസക ശക്തികളും ഇന്ന് രാജ്യത്തീവിധം കരുത്താര്‍ജിക്കാന്‍ കാരണം കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ കക്ഷിയാകാനുള്ള എല്ലാ അവസരങ്ങളും കളഞ്ഞുകുളിച്ച് വെറും ഒരു ആള്‍ക്കുട്ടമായി മാറിയതാണ്.
ഇവിടെയാണ് പട്ടേലിന്റെ പ്രസക്തി നരേന്ദ്ര മോദി തിരിച്ചറിഞ്ഞിരിക്കുന്നത്. കേശവബാലിറാം ഹെഡ്ഗാവറിന്റേയും സദാശിവ ഗോള്‍വള്‍ക്കറിന്റേയും ബാലാസാഹെബ് ദേവറസിന്റെയും കാലടിപ്പാടുകളെ പിന്തുടരാതെ, സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ പ്രായോഗിക രാഷ്ട്രീയ നയതന്ത്രജ്ഞതയിലേക്ക് ബി ജെ പി വഴി മാറി നടക്കുമെങ്കില്‍ അത് നല്ലതുതന്നെ. പക്ഷേ ഈ പ്രതിമാ നിര്‍മാണം ആ വഴിക്കുള്ള നീക്കമാണെന്നു കരുതാനാകില്ല. ഇത് ജനങ്ങളെ തങ്ങളിലേക്കാകര്‍ഷിക്കാനുള്ള സമര്‍ഥമായ ഒരടവാണ്. ആയിക്കോട്ടെ അങ്ങനെയെങ്കില്‍ അങ്ങനെ. അങ്ങനെയെങ്കിലും പട്ടേലിനെപ്പോലുള്ളവരുടെ സ്മരണ വീണ്ടുടുക്കപ്പെടുമല്ലോ.
പട്ടേലിനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ‘’സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താക്കളായ ലാരി കോളിന്‍സും ഡൊമിനിക് ലാപിയറും ഇങ്ങനെ കുറിച്ചിരിക്കുന്നു: ‘കഷണ്ടി തലയുടെ അറ്റം മുതല്‍ ഉള്ളന്‍ കാലിന്റെ അടിവരെ പട്ടേല്‍ ഭാരതിയനായിരുന്നു. അദ്ദേഹത്തിന്റെ ഡല്‍ഹിയിലുള്ള വീട് നിറയെ പുസ്തകങ്ങളായിരുന്നു. പുസ്തകങ്ങളെല്ലാം തന്നെ ഇന്ത്യന്‍ ഗ്രന്ഥകര്‍ത്താക്കള്‍ ഇന്ത്യയെ പറ്റി എഴുതിയതായിരുന്നു. ഇന്ത്യയുടെ മണ്ണില്‍ നിന്നുയര്‍ന്നുവന്ന ഏക ഇന്ത്യന്‍ നേതാവായിരുന്നു അദ്ദേഹം. ഗുജറാത്ത് സംസ്ഥാനത്തിലെ ഒരു കൃഷിക്കാരനായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. ബ്രിട്ടീഷ്‌കാരോട് യുദ്ധം ചെയ്യാന്‍ പോയ തന്റെ പിതാവില്‍ നിന്നും ലഭിച്ചതായിരുന്നു ഇന്ത്യന്‍ ദേശീയതയതോടുള്ള പട്ടേലിന്റെ കൂറ്. ശൈശവത്തിലെ ശൈത്യകാല രാത്രികളില്‍ അച്ഛന്റെ പട്ടാളക്കഥകള്‍ കേട്ടുകൊണ്ട് കൃഷിക്കാരുടെതായ തങ്ങളുടെ കുടിലില്‍ ചാണകം കത്തിച്ച തീക്കടുത്ത് അദ്ദേഹം ഇരുന്ന് തണുപ്പകറ്റി. അഹമ്മദാബാദിലെ കൂറ്റന്‍ തുണിമില്ലുകളില്‍ പണിയെടുക്കുന്നതിനായി അദ്ദേഹം നാട് വിട്ടു. രാത്രിയില്‍ അദ്ദേഹം പഠിച്ചു. തനിക്കു കിട്ടിയ ഒരോ രൂപയും സമ്പാദിച്ചു. അങ്ങനെ 33-ാം വയസ്സില്‍ നിയമം പഠിക്കുന്നതിന് ലണ്ടനിലേക്ക് പോകാനുള്ള പണമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആര്‍ഭാടങ്ങളുടെ വീഹാരഭൂമിയായി അദ്ദേഹം ലണ്ടന്‍ പട്ടണത്തെ കണ്ടതേയില്ല. അദ്ദേഹത്തിന് ഏറ്റവും നന്നായി അറിയാമായിരുന്നത് ലണ്ടന്‍നിയമപഠന കേന്ദ്രത്തിന്റെ ലൈബ്രറി ആയിരുന്നു. താന്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും കോടതികളിലേക്കുള്ള പത്ത് മൈല്‍ ദൂരം ബസ്സുകൂലി ലാഭിക്കാന്‍ വേണ്ടി നിത്യേന രണ്ട് പ്രാവശ്യം നടക്കുമായിരുന്നു, നിയമ ബിരുദം ലഭിച്ച ദിവസം അദ്ദേഹം ഒരു നടത്തം കൂടി നടന്നു. തുറമുഖത്തേക്ക്. ഇന്ത്യയിലേക്കുള്ള കപ്പലില്‍ സീറ്റ് ശരിപ്പെടുത്താന്‍. നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം പിന്നീടൊരിക്കലും ഇന്ത്യവിട്ടതുമില്ല. അതായിരുന്നു പട്ടേല്‍ എന്ന ഉരുക്കുമനുഷ്യന്‍!.
ആ മനുഷ്യനെ ഉരുക്കു പ്രതിമയായി തന്റെ തലക്കു മീതെ പ്രതിഷ്ഠിക്കാനുള്ള മോദിയുടെ പരിശ്രമത്തെ കേവലം ശിലായുഗത്തില്‍ നിന്നും ലോഹയുഗത്തിലേക്കുള്ള ആര്‍ എസ് എസിന്റെ പരിണാമം എന്നൊക്കെ തരംതാഴ്ത്തി സംസാരിക്കുന്ന കോണ്‍ഗ്രസ് പിള്ളേര്‍ അവരുടെ വിവരക്കേട് എഴുന്നള്ളിക്കുക മാത്രമാണ് ചെയ്യുന്നത്. കോണ്‍ഗ്രസില്‍ വളര്‍ന്നുവന്ന പിതൃനിഷേധികളുടെ ഈ പുതിയ തലമുറയെ അടിക്കാന്‍ ബി ജെ പി കണ്ടെത്തിയ ഒരു വടിയാണ് അവര്‍ സ്ഥാപിക്കാന്‍ പോകുന്ന പട്ടേലിന്റെ ഉരുക്കു പ്രതിമ. ബി ജെ പി അടുത്ത തിരഞ്ഞെടുപ്പില്‍ ഈ പ്രതിമ ഉപയോഗിച്ച് കോണ്‍ഗ്രസിനേല്‍പ്പിക്കുന്ന പ്രഹരം അതിതീവ്രമായിരിക്കും. ഇത് മനസ്സിലാക്കിയ കെ എം മാണി പി സി ജോര്‍ജിനെ മുന്‍നിര്‍ത്തി നടത്തിയ ഒരു കളിയായിരുന്നു മോദിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ഉയര്‍ത്തിക്കാണിച്ച് നടത്തിയ അഭ്യാസവും സംഘപരിവാര്‍ നേതാക്കളെ ആശ്ലേഷിതും. കെ എം മാണി ഉള്‍പ്പെടെയുള്ള കോട്ടയം അച്ചായന്മാരുടെ പരീക്ഷണ വസ്തുവാണ് യു ഡി എഫ് സര്‍ക്കാറിന്റെ ചീഫ് വിപ്പ് പി സി ജോര്‍ജെന്ന കാര്യം ഇതിന് മുമ്പ് അദ്ദേഹം എത്രയോ വട്ടം തെളിയിച്ചതാണ്. എല്ലാ മുട്ടയും ഒരേ കൊട്ടയിലിടാനുള്ള ബുദ്ധിമോശമൊന്നും മാണിയുടെ പാര്‍ട്ടി പ്രകടിപ്പിക്കില്ല. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ജോസ് കെ മാണിയെ കോണ്‍ഗ്രസുകാര്‍ കാല് വാരുമെന്നത് ഉറപ്പാണ്. ആ നഷ്ടം നികത്താന്‍ ബി ജെ പിയുടെ വോട്ട് ബേങ്കില്‍ നിന്നൊരു താത്കാലിക വായിപ. തിരിച്ചടവ് വോട്ടായി തന്നെ വേണമെന്നില്ല റൊക്കം പണമായും സ്വീകരിക്കും. ഭരിക്കുന്ന പാര്‍ട്ടിക്കനുകൂലമായി കൈ പൊക്കുന്ന പാരമ്പര്യമേ അച്ചായന്‍ പാര്‍ട്ടിക്കുള്ളൂ എന്നാണ് ചരിത്രം. അടുത്തുവരുന്ന തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിപദം അലങ്കരിക്കുക മോദിയായിരിക്കും എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. കേരളത്തില്‍ മറ്റൊരു മോദിയാകാന്‍ സാദ്യതയില്ലെങ്കിലും ഒരു മുലായം സിംഗോ ഒരു ലാലു പ്രസാദ് യാദവോ അതിനും പറ്റിയില്ലെങ്കില്‍ ഒരു കരുണാനിധിയെങ്കിലും ആകാന്‍ പറ്റുമെന്ന കണക്കുകൂട്ടല്‍ മാണി സാര്‍ തുടങ്ങിയിട്ട് കാലം കുറേയായി. ‘നായൊട്ടു തിന്നുകയും ഇല്ല പശുവിനെ ഒട്ടും തീറ്റിക്കുകയും ഇല്ല’ എന്ന മട്ടില്‍ മാണിയുടെ സ്വപ്‌നത്തിനു തടസ്സം നിന്നിരുന്ന ടി എം ജേക്കബ്, പി ജെ ജോസഫ്, പി സിതോമസ,് ആര്‍ ബാലകൃഷ്ണ പിള്ള എന്നീ കേരളാ കോണ്‍ഗ്രസ് സിംഹങ്ങളില്‍ ഒടുവില്‍ പറഞ്ഞ രണ്ട് പേര്‍ മാത്രമാണ് ഇപ്പോള്‍ മാണിക്ക് മുമ്പില്‍ പ്രതിബന്ധവുമായി നിലയുറപ്പിച്ചിരിക്കുന്നത്. ഇതില്‍ പി സി തോമസിനെ കൂടെ കെണി വെച്ച് പിടിക്കാനാണ് പഴയ ചങ്ങാതി സ്‌കറിയാ തോമസുമായി അടുത്തു കൂടിയിരിക്കുന്നതും അദ്ദേഹത്തെ ഉപയോഗിച്ച് പി സി തോമസ് വിഭാഗത്തെ ഇടതു മുന്നണിയില്‍ നിന്നടര്‍ത്തി വീഴിക്കാനുള്ള ശ്രമം കൊണ്ടുപിടിച്ചു തുടങ്ങിയിരിക്കുന്നതും. ഇനി ബി ജെ പിക്ക് പകരം മൂന്നാം മുന്നണിയാണ് കേന്ദ്രത്തിലധികാരത്തില്‍ വരുന്നതെങ്കില്‍ അവിടെയും ഭരണ കക്ഷിക്കു വേണ്ടി കൈ പൊക്കാന്‍ ജോസ് മോനുണ്ടാകും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും പാലക്കാട് പ്ലീനത്തില്‍ അദ്ധ്വാന വര്‍ഗസിദ്ധാന്തത്തെ കുറിച്ച് സഖാക്കന്മാരോട് പ്രഭാഷണം നടത്താനുള്ള അവസരം മാണിസാറുണ്ടാക്കിയത്. പൂച്ചയെ എടുെത്തറിഞ്ഞാല്‍ നാല് കാലേല്‍. അതാണ് പാലായിലെ കുഞ്ഞുമാണി! ഭരണമില്ലെങ്കില്‍ പിന്നെ മരണം. അതാണ് അദ്ധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ രത്‌നചുരുക്കം.
ജോര്‍ജ് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തതും മോഡി സ്തുതികള്‍ മുഴക്കിയതും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ പോയി ഗുജറാത്ത് സംഘത്തോടൊപ്പം ചായ കഴിച്ചതും ഒക്കെയായിരുന്നല്ലോ ചാലനുകളിലെ ചര്‍ച്ചാ വിഷയം. അതിനിടെ നമ്മുടെ നയതന്ത്ര ഉദ്യോഗസ്ഥ ആ പെണ്‍പിറന്നോത്തിയെ അമേരിക്കന്‍ സായിപ്പന്മാര്‍ തുണി അഴിച്ചു പരിശോധിച്ച വാര്‍ത്ത വന്നതിനാല്‍ ചാനലുകള്‍ പി സി ജോര്‍ജിനൊരിടവേള നല്‍കിയിരിക്കുകയാണ്. അല്ലാതിരുന്നെങ്കില്‍ ജോര്‍ജിന്റെ വിടുവായിത്തം കേട്ടുമടുത്ത് പലരും അവരുടെ ടി വി സെറ്റുകള്‍ തല്ലി പൊട്ടിക്കുക പോലും ചെയ്‌തേനെ.
നെഹ്‌റു മന്ത്രം ഉരുവിട്ടുരുവിട്ട് ക്രമേണ ഇന്ദിര മന്ത്രത്തിലേക്കു കോണ്‍ഗ്രസ് മാറി. ഇന്ദിരയെ ഇന്ദിരാ ഗാന്ധിയാക്കിയത് ഫിറോസ് ഗാന്ധിയായിരുന്നു. അദ്ദേഹവും ഒരു നെഹ്‌റുവിന്റെ വിമര്‍ശകന്‍ ആയിരുന്നു. ഇന്ദിര ഫിറോസിനെ ഉപേക്ഷിച്ചപ്പോഴും ഫിറോസിലെ ഗാന്ധിയെ സ്വന്തം പേരിനോടൊപ്പം നിലനിറുത്തി വരും തലമുറക്ക് മുതല്‍കൂട്ടാക്കുകയായിരുന്നു. ഈ നിലക്കു പോയാല്‍ പട്ടേല്‍ പ്രതിമ പൂര്‍ത്തിയാക്കിയാലുടന്‍ ബി ജെ പി ഫിറോസിന്റെ പ്രതിമാ നിര്‍മാണത്തിനായുള്ള കൂട്ടയോട്ടം ഫഌഗ് ഓഫ് ചെയ്യാനുള്ള എല്ലാ സാധ്യതയും ഉണ്ട്. നെഹ്‌റു കുടുംബത്തിന്റെ ഒരു കഷണം ബി ജെ പിയിലും കുടിയേറി താമസിക്കുന്നുണ്ടല്ലോ. മേനകാ ഗാന്ധിയേക്കാള്‍ എന്തുമെച്ചമാണ് ഈ സോണിയാ ഗാന്ധിക്ക്? വരുണ്‍ ഗാന്ധിയേക്കാള്‍ എന്തുമെച്ചമാണ് രാഹുല്‍ ഗാന്ധിക്ക് ? എല്ലാം ഡ്യൂപ്ലിക്കേറ്റ് ഗാന്ധികള്‍!

ALSO READ  അനുവദിക്കില്ല ചിറകരിയാന്‍