Connect with us

Kerala

ഡ്യൂട്ടി പരിഷ്‌കരണം: ജനുവരി 16ന് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും

Published

|

Last Updated

തിരുവനന്തപുരം: രാത്രി ഡ്യൂട്ടിസമയം പരിഷ്‌കരിച്ച് ആരോഗ്യവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷ(കെ ജി എം ഒ എ)ന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജനുവരി 16ന് കൂട്ട അവധിയെടുത്തത്ത് പണിമുടക്കും. കെ ജി എം ഒ എ സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. നാലായിരത്തോളം വരുന്ന ഡോക്ടര്‍മാരില്‍ ആയിരം പേരാണ് പണിമുടക്കില്‍ പങ്കെടുക്കുകയെന്ന് കെ ജി എം ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇ പി മോഹനന്‍ അറിയിച്ചു.
പണിമുടക്കുന്ന ഡോക്ടര്‍മാര്‍ അന്ന് രാവിലെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും. അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ഒ പി, കാഷ്വാലിറ്റി ബഹിഷ്‌കരണം പോലുള്ള ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരപരിപാടികള്‍ ഇപ്പോള്‍ നടത്തേണ്ടതില്ലെന്നാണ് തീരുമാനം. ജനുവരി 16ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ തുടര്‍ സമരപരിപാടികളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും കെ ജി എം ഒ എ വ്യക്തമാക്കി.
സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ട് മുതല്‍ ഒമ്പത് വരെ ഒരു മണിക്കൂര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചിരുന്നു. ഡി എം ഒ വിളിച്ച കോണ്‍ഫറന്‍സിലും ഡോക്ടര്‍മാര്‍ പങ്കെടുത്തിരുന്നില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. രാത്രി ഡ്യൂട്ടി പുനക്രമീകരിച്ച് ആരോഗ്യവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഡോക്ടര്‍മാര്‍ ഒരു ദിവസം 17 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യേണ്ട സ്ഥിതിയാണെന്നാണ് അവരുടെ പരാതി.ി.

 

Latest