Connect with us

Gulf

നാണയങ്ങളില്‍ നിര്‍മിച്ച വേള്‍ഡ് എക്‌സ്‌പോ ലോഗോയുമായി മലയാളി

Published

|

Last Updated

ദുബൈ: വ്യത്യസ്ത രീതിയില്‍ വേള്‍ഡ് എക്‌സ്‌പോ ലോഗോ നിര്‍മിച്ച് മലയാളി ശ്രദ്ധേയനാകുന്നു. നാണയ-കറന്‍സി ശേഖരണം ഹോബിയാക്കിയ കാസര്‍കോട് എരിയാല്‍ സ്വദേശി ഇബ്രാഹിം തവക്കല്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ 75 രാജ്യങ്ങളുടെ നാണയങ്ങളുപയോഗിച്ചാണ് എക്‌സ്‌പോ2020 ലോഗോ നിര്‍മിച്ചത്.
ദുബൈയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ഈ യുവാവ് എക്‌സ്‌പോ2020 ദുബൈക്ക് ലഭിച്ചതിന് ശേഷമാണ് ലോഗോ നിര്‍മാണത്തിലേര്‍പ്പെട്ടത്. കാര്‍ഡ് ബോര്‍ഡില്‍ വെള്ളപ്രതലമുണ്ടാക്കി നാണയങ്ങള്‍ ഒട്ടിച്ച ശേഷം 75 സെന്റീമീറ്റര്‍ നീളവും 70 സെന്റീമീറ്റര്‍ വീതിയുമുള്ള സ്വര്‍ണവര്‍ണമുള്ള ഫ്രെയിം നിര്‍മിക്കുകയായിരുന്നു. ജോലി കഴിഞ്ഞുള്ള വിശ്രമ വേളകളാണ് ഇബ്രാഹിം ഇതിന് വിനിയോഗിക്കുന്നത്. ലോഗോ ഭരണാധികാരികള്‍ക്ക് സമര്‍പ്പിക്കാനാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
ചെറുപ്പത്തിലേ നാണയം, കറന്‍സി, സ്റ്റാമ്പ്, കൗതുക വസ്തുക്കള്‍, പേപ്പര്‍ കട്ടിങ് എന്നിവയുടെ ശേഖരണത്തില്‍ വ്യാപൃതനായ ഇബ്രാഹിം തവക്കല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുബൈയിലെത്തിക്കഴിഞ്ഞിട്ടും തന്റെ ശീലം ഉപേക്ഷിച്ചില്ല. വര്‍ഷങ്ങളോളം ജോലി ചെയ്ത ദെയ്‌റ നായിഫിലെ ഹോട്ടലിലെത്തിയിരുന്ന വിദേശികളില്‍ നിന്ന് നാണയങ്ങള്‍, കറന്‍സികള്‍, കൗതുക വസ്തുക്കള്‍ എന്നിവ സംഘടിപ്പിച്ചതോടെ ശേഖരം പെട്ടെന്ന് വിശാലമായി. യുഎഇയുടെയും ഇതര ഗള്‍ഫ് രാഷ്ട്രങ്ങളുടെയും പുരാതന നാണയങ്ങളും മറ്റ് കലാവസ്തുക്കളും തുടങ്ങി ഇന്ത്യയില്‍ ഭരണം നടത്തിയിരുന്ന സുല്‍ത്താന്‍മാരുടെയും നാട്ടുരാജാക്കന്മാരുടെയും കാലത്തെ നാണയങ്ങള്‍, പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ നാണയങ്ങള്‍, ഹൈദരാബാദിലെ നൈസാം രാജാവിന്റെ നാണയങ്ങള്‍ എന്നിങ്ങനെ നീളുന്നു ഈ യുവാവിന്റെ സമ്പത്ത്.
നൂറിലധികം രാഷ്ട്രങ്ങളിലെ നാണയങ്ങള്‍, പ്രചാരത്തിലുള്ളതും ഇല്ലാത്തതുമായ ഇന്ത്യന്‍ നാണയങ്ങള്‍,വിവിധ മാതൃകയിലുള്ളതും ഇന്ത്യയുടെ തന്നെ 10, 20, 50, 100 രൂപകളുടെ വെള്ളിത്തിളക്കമുള്ള നാണയത്തുട്ടുകള്‍, ഒന്ന്, രണ്ട്, നാല്, എട്ട് അണകള്‍, പുരാതന ഇന്ത്യയിലെ കറന്‍സികള്‍, നിലിവിലുള്ള വിവിധ മാതൃകയിലുള്ള നോട്ടുകള്‍ എന്നിവക്കു പുറമെ, കഅബയുടെ ചിത്രം ആലേഖനം ചെയ്ത ഇറാന്റെ 20,00,000 റിയാല്‍, ഈജിപ്തിലേയും യെമനിലേയും പള്ളികളുടെ ചിത്രമുള്ള കറന്‍സികളുമടക്കം ഒട്ടേറെ രാഷ്ട്രങ്ങളുടെ കറന്‍സികള്‍ ശേഖരത്തെ ശ്രദ്ധേയമാക്കുന്നു. ലോകത്തെ ഏറ്റവും നീളം കൂടിയ തസ്ബീഹ് മാലയുടെ നിര്‍മാണം പാതിവഴിയിലാണ്. ഉടന്‍ തന്നെ ഇത് പൂര്‍ത്തിയാകുമ്പോള്‍ ഒരു പക്ഷേ, ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇബ്രാഹിം തവക്കല്‍ സ്ഥാനം പിടിച്ചേക്കാം. ബന്ധപ്പെടേണ്ട നമ്പര്‍: 050 6953916.

Latest