ഉപരോധവും ബഹിഷ്‌കരണവും പിന്‍വലിച്ചു

Posted on: December 30, 2013 6:20 am | Last updated: December 30, 2013 at 1:10 pm

ldfതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നിയമസഭാ സമ്മേളനം മുതല്‍ എല്‍ ഡി എഫ് നടത്തി വന്ന മുഴുവന്‍ സമരങ്ങളും നിര്‍ത്തിവെക്കാന്‍ ഇടതു മുന്നണി യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആഗസ്റ്റ് പന്ത്രണ്ടിന് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം നേരത്തെ പിന്‍വലിച്ചിരുന്നു. അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടാത്തതില്‍ പ്രതിഷേധിച്ച് പിന്നീട് നടത്തിവന്ന ഉപരോധ, ബഹിഷ്‌കരണ സമരങ്ങള്‍ അവസാനിപ്പിക്കാനാണ് ഇന്നലെ ചേര്‍ന്ന ഇടതു മുന്നണി യോഗം തീരുമാനിച്ചത്. ജനുവരി മൂന്ന് മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാലുമാണ് പ്രത്യക്ഷ സമരപരിപാടികള്‍ നിര്‍ത്തിവെക്കുന്നതെന്നാണ് ഇടതു മുന്നണിയുടെ വിശദീകരണം. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി നടത്തി വന്ന പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കുന്നത് യു ഡി എഫിന് ആശ്വാസമാകും.
ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്ലിഫ് ഹൗസ് ഉപരോധവും മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധവും ബഹിഷ്‌കരണവുമാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നത്.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സെക്രട്ടേറിയറ്റ് ഉപരോധം നീട്ടിക്കൊണ്ടു പോകാനാകാതെ അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് എല്‍ ഡി എഫ് തുടര്‍ ഉപരോധ സമരങ്ങളുമായി മുന്നോട്ടു പോയത്. എന്നാല്‍, തുടര്‍സമരങ്ങളെക്കുറിച്ച് മുന്നണിക്കുള്ളില്‍ നിന്നുതന്നെ ഭിന്നസ്വരം ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് ക്ലിഫ് ഹൗസ് സമരത്തിനെതിരെ ഘടക കക്ഷികളുടെ ഭാഗത്തുനിന്ന് രൂക്ഷമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഉപരോധത്തിനെതിരെ വീട്ടമ്മ പരസ്യമായി രംഗത്തെത്തിയതും ഇടതു മുന്നണിക്ക് തിരിച്ചടിയായി.
ജനപങ്കാളിത്തം കുറയുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് ഘടക കക്ഷികളുടെ ആവശ്യം കഴിഞ്ഞ എല്‍ ഡി എഫ് യോഗം നിരസിച്ചിരുന്നു. എന്നാല്‍, ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഘടക കക്ഷികള്‍ ഈ ആവശ്യം ശക്തമായി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമര പരിപാടികള്‍ അവസാനിപ്പിക്കുന്നത്.
അതേസമയം, സോളാര്‍ തട്ടിപ്പു കേസില്‍ നിയമസഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് യോഗത്തിനു ശേഷം എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സോളാര്‍ സമരങ്ങള്‍ പിന്‍വലിക്കുന്നതോടെ ഇടത് എം എല്‍ എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിയുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ വിലക്കുണ്ടാകില്ല. ആറന്മുള വിമാനത്താവളം, പട്ടയ പ്രശ്‌നം തുടങ്ങിയ ജനകീയ വിഷയങ്ങളും നിയമസഭയില്‍ ഉന്നയിക്കുമെന്ന് വൈക്കം വിശ്വന്‍ അറിയിച്ചു.