മത്സ്യത്തിന് അമിത വില ഈടാക്കുന്നതായി പരാതി

Posted on: December 29, 2013 11:10 pm | Last updated: December 29, 2013 at 11:21 pm

റാസല്‍ഖൈമ: റാസല്‍ഖൈമയിലും അബുദാബിയിലെ അല്‍ഗര്‍ബിയ്യയിലും മത്സ്യത്തിന് അമിതവില ഈടാക്കുന്നതായി പരാതി. ശൈത്യകാലത്തു മത്സ്യവില കുറയുന്ന പതിവു തെറ്റിച്ചാണു മീന്‍മാര്‍ക്കറ്റില്‍ വില കുതിച്ചുയര്‍ന്നത്. വിലവര്‍ധനയ്ക്കു പുറമേ ചില മത്സ്യ ഇനങ്ങള്‍ മാര്‍ക്കറ്റില്‍നിന്ന് അപ്രത്യക്ഷമായതായും ഉപഭോക്താക്കള്‍ പറഞ്ഞു.
കടലിലെ തിരയിളക്കവും കൊടുംതണുപ്പും കാലാവസ്ഥാ വ്യതിയാനവും കാരണം മത്സ്യബന്ധനത്തിന് ഇറങ്ങുന്നവര്‍ കരുതണമെന്നു തീരസുരക്ഷാസേന മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതുമൂലം കഴിഞ്ഞ മൂന്നു ദിവസമായി മീന്‍മാര്‍ക്കറ്റുകളില്‍ മത്സ്യങ്ങളുടെ കുറവു പ്രകടമാണ്. അറബികളുടെ ഇഷ്ടമത്സ്യങ്ങളായ ഹമൂര്‍, സമാന്‍ ഇനങ്ങള്‍ കിട്ടാക്കനിയായി. എമിറേറ്റിലെ പ്രധാന മത്സ്യവിപണിയായ സൂഖിലും മഈറീദിലും മത്സ്യങ്ങള്‍ വരുന്നതു നന്നേ കുറഞ്ഞു. കടല്‍ത്തീരത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരത്തു മാത്രമാണ് ഇപ്പോള്‍ മത്സ്യബന്ധനം നടക്കുന്നത്. മാര്‍ക്കറ്റില്‍ മൊത്തം വരുന്ന മത്സ്യങ്ങളുടെ 30 ശതമാനം മാത്രമാണു കഴിഞ്ഞ ദിവസം മാര്‍ക്കറ്റിലെത്തിയതെന്ന് നഗരസഭയുടെ സൂഖിന്റെ ചുമതലയുള്ള അബ്ദുല്ല അല്‍സആബി പറഞ്ഞു. മീന്‍വരവു കുറയുകയും വില ഗണ്യമായി കൂടുകയും ചെയ്തിട്ടുണ്ട്. 15 ദിര്‍ഹമിനു വിറ്റിരുന്ന അറബികളുടെ ഇഷ്ട ഇനമായ ഷേരിയുടെ വില കിലോയ്ക്ക് 25 ദിര്‍ഹമായി ഉയര്‍ന്നു.
കബാബ് ഇനത്തിലുള്ള മത്സ്യത്തിന്റെ വില കിലോയ്ക്കു 40 ദിര്‍ഹമില്‍ എത്തി. വര്‍ഷങ്ങള്‍ക്കുശേഷം ശാഫി മീന്‍വില കിലോയ്ക്ക് 50 ദിര്‍ഹമായത് ഇതു കൂടുതല്‍ ആവശ്യമുള്ള സ്വദേശികള്‍ക്കു തിരിച്ചടിയായി. ഇടത്തരം വലുപ്പത്തിലുള്ള ഒരു കിലോ ചെമ്മീന്റെ വില ഏറെക്കാലത്തിനുശേഷമാണ് 50 ദിര്‍ഹമാകുന്നതെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. മത്സ്യങ്ങളുടെ ദൗര്‍ലഭ്യം കാരണം പതിനൊന്നുമണിയോടെ മാര്‍ക്കറ്റ് അടച്ചതായി അല്‍സആബി അറിയിച്ചു.