സാഹോദര്യത്തിന്റെ പുലരിക്കായി ഉറങ്ങിയുണരാം…

Posted on: December 29, 2013 3:33 pm | Last updated: December 29, 2013 at 4:01 pm

munavarali-byline

blog-globe-sighnപള്ളിയുടെ ബാനറുകളും നോട്ടീസ് ബോര്‍ഡുകളും തകര്‍ക്കുക….
പള്ളികളിലേക്ക്‌ പോകുന്നവരെ ശകാര വര്‍ഷങ്ങള്‍ ചൊരിഞ്ഞു പരിഹസിക്കുക…
സ്ത്രീകളെയും കുട്ടികളെയും അതിക്രമിക്കുക….
വാളുകളും ഇരുമ്പ് വടികളും കൊണ്ട് സംഘം ചേര്‍ന്ന് മര്‍ധിക്കുക….
ഇത് , ദക്ഷിണ കന്നടയിലെ, പുത്തൂര്‍ – കുക്കുമ്പേ സുബ്രമണ്യ ഹൈവേയിലെ അബ്ബാട എന്നാ ഗ്രാമം. ഹിന്ദു മുസ്ലിം സഹോദരങ്ങള്‍ കഴിഞ്ഞ റമളാന്‍ വരെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ദിനങ്ങള്‍ നീക്കിയിരുന്ന ഒരു കൊച്ചു ഗ്രാമം. ബാങ്ക് ഒലികളും മണി നാദങ്ങളും സ്നേഹത്തിന്‍റെ ശബ്ദങ്ങള്‍ മുഴക്കിയിരുന്ന ഒരു പ്രദേശം..

hindu muslim maithriപക്ഷെ, ഇന്ന് സ്ഥിതി ഗതികള്‍ ആകെ മാറിയിരിക്കുന്നു. മതം വേറെ ആയതിന്‍റെ പേരില്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവേണ്ടി വരുന്ന ഒരു കൂട്ടം നിരാലംബരുടെ കഥകളാണ് അവിടെ നിന്നും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. മുപ്പതു കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. അതില്‍ പത്തു മുസ്ലിം കുടുംബങ്ങള്‍… ഈ കുടുംബങ്ങള്‍ക്കാണ് വേദനയുടെ ഒത്തിരി കഥകള്‍ പറയാനുള്ളത്. ആത്മ നൊമ്പരങ്ങളുടെ കണ്ണീരില്‍ ചാലിച്ചെടുത്ത നോവുന്ന കഥകള്‍…., പലപ്പോഴും സംസാരിക്കാന്‍ പോലും ഭയക്കുന്നവര്‍. പള്ളിയുടെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങുന്നു അവരുടെ ഹൃദയം തുറന്നുള്ള സംഭാഷണങ്ങള്‍ . ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പോലും ഭയക്കുന്ന നിസഹായര്‍.

പ്രദേശ വാസിയായ അഷ്‌റഫ്‌ പറയുന്നത് കേള്‍ക്കുക; ഞങ്ങള്‍ക്ക് എന്ത് ചെയ്യാനൊക്കും? ഞങ്ങളില്‍ പലരും കൂലിപ്പണിക്കാര്‍ ആണ്. പകല്‍ സമയങ്ങളില്‍ സ്ത്രീകള്‍ മാത്രമാണ് വീടുകളില്‍ ഉണ്ടാവാറ്. ഇത് ഞങ്ങളുടെ ഭയം വര്‍ധിപ്പിക്കുന്നു. അതെ, പ്രതികരിക്കാന്‍ പോലും വിധിക്കപ്പെടാത്തവര്‍..
വേറൊരു അനുഭവമാണ് അബ്ദുല്‍ ഖാദറിന് പറയാനുള്ളത്. ഒരിക്കല്‍ പശുവിനെ മേച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ . അപ്പോള്‍, ഒരു കൂട്ടം ആളുകള്‍ വന്നു ചോദിച്ചു നീ പശുവിനെ അറക്കാന്‍ പോവുകയാണോ എന്ന് . ആവുന്ന രീതിയിലൊക്കെ അല്ല എന്ന് പറഞ്ഞെങ്കിലും എന്നെ മര്‍ദിച്ചു അവഷനാകി അവര്‍ എന്‍റെ പശുവുമായി നടന്നു നീങ്ങി. നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ…

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27 നു ഏതാനും ചില ബജ്രന്ഗ്ദള്‍ പ്രവര്‍ത്തകര്‍ ജീപ്പിലും ബൈക്കുകളിലുമായി റോന്തു ചുട്ടിക്കൊണ്ടിരുന്നു. അടുത്തുള്ള മുസ്ലിം വീടുകളെല്ലാം പേടിപ്പിക്കുമാര്‍ അവരുടെ വാതിലുകളില്‍ മുട്ടിക്കൊണ്ടിരുന്നു. ആണുങ്ങളെല്ലാം പള്ളിയില്‍ പോയിരുന്നതിനാല്‍ സ്ത്രീകള്‍ മാത്രമേ വീട്ടിലുന്ദൈയിരുന്നുള്ളൂ. പേടിച്ചു വിറച്ച സ്ത്രീകള്‍ പലരും ലൈറ്റ് അണച്ച്, ശബ്ദമുണ്ടാക്കാതെ അകത്തു ഒതുങ്ങിക്കൂടി. അതിക്രമം കണ്ടു സഹിക്കാന്‍ കഴിയാതെ രവീന്ദ്ര നാഥ് റായി എന്ന ഹിന്ദു സഹോദരന്‍ അക്രമികളില്‍ പെട്ട രണ്ടാളുകളുടെ പിറകെ ഓടി. പാതി വഴിയില്‍, ബജ്രന്ഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവരും ചേര്‍ന്ന് രവീന്ദ്ര നാഥ്നെ മര്ധിക്കാന്‍ തുടങ്ങി. ശബ്ദം കേട്ട് പള്ളിയില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങി വന്നപ്പോള്‍ കാണാന്‍ കഴിഞ്ഞത് രവീന്ദ്ര നാഥ്നെ ജീപ്പ് കയറ്റി കൊല്ലാന്‍ ശ്രമിക്കുന്നതാണ്. പക്ഷെ, ഭാഗ്യവശാല്‍ ജീപ്പ് ഒരു ഇലക്ട്രിക്‌ പോസ്റ്റില്‍ തട്ടി നിശ്ചലമായി.

ഇന്ന്, ഈ ഗ്രാമത്തിലെ മുസ്ലിംകളും സമാദാനം കാംക്ഷിക്കുന്ന മറ്റുള്ളവരും ഭീതിയിലാണ്. മദ്രസയില്‍ പോകാന്‍ പോലും ഭയക്കുന്നു ഇവിടത്തെ കുട്ടികള്‍. ഞങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചതിനു ഒരു ഹിന്ദുവിനെ പോലും കൊല്ലാന്‍ ഒരുങ്ങിയെങ്കില്‍ , ഞങ്ങളുടെ അവസ്ഥ എന്താകുമെന്നു ഇവര്‍ ചോദിക്കുമ്പോള്‍ ഉത്തരം കണ്ടെത്താന്‍ നാം വിഷമിക്കുന്നു അല്ലെ? കര്‍ണാടകയില്‍ ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല . ഉര്‍ദു പത്രം കയ്യില്‍ പിടിച്ചതിന്റെ പേരില്‍ ഒരു വ്യക്തി ആക്രമിക്കപ്പെട്ട നാടാണിത്. പര്‍ദ്ദ ധരിച്ചവരെ സ്കൂളില്‍ നിന്നും പുറത്താക്കിയ സംഭവം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട നാട്….
സ്നേഹം വറ്റാത്ത ഹിന്ദു മുസ്ലിം അനുഭാവികള്‍ ഇന്നും ഉണ്ട് നമുക്ക് ചുറ്റും.പരസ്പര സ്നേഹത്തില്‍ വിശ്വസിക്കുന്ന സുമനസ്കര്‍.. ഒരാള്‍ ഒരു തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹം മൊത്തം അതില്‍ ഭാഗവാക്കാണെന്ന് അര്‍ത്ഥമില്ല. ഹിന്ദുവും മുസ്ലിമും ഒരു പാത്രത്തില്‍ നിന്നും ഉണ്ടിരുന്ന ഒരു പൈതൃകം ഉണ്ടായിരുന്നു നമുക്ക്. പൊതു ശത്രുക്കളെ ഒരുമിച്ചു പോരാടി തുരത്തിയിരുന്ന ചരിത്രമുണ്ടായിരുന്നു. അന്യന്‍റെ വേദന, അവനേതു മതത്തിലയിരുന്നെങ്കില്‍ കൂടി, സ്വന്തം വേദനയായി അവാഹിച്ചിരുന്ന ഒരു നല്ല കാലം. പരസ്പരം കൊന്നും കൊലവിളിച്ചുമല്ല കൊണ്ടും കൊടുത്തും ആണ് ജീവിക്കേണ്ടത് എന്ന് വിശ്വസിച്ചിരുന്ന നന്മ നിറഞ്ഞ നല്ല ഇന്നലെകള്‍. അവയൊക്കെ ഓര്‍ത്തു വിലപിക്കാനെ നമുക്ക് കഴിയൂ. തീവ്രവാദം …അത് എതിര്‍ക്കേണ്ടത് തന്നെയാണ്. അത് മുസ്ലിമില്‍ നിന്നായാലും ഹിന്ദുവില്‍ നിന്നായാലും. നമുക്ക് പ്രാര്‍ത്ഥിക്കാം, എല്ലായിടങ്ങളിലും ഹിന്ദുവും മുസ്ലിമും തോളോട് തോള്‍ ചേര്‍ന്ന് നടക്കുന്ന സുന്ദര കാഴ്ച കാണുന്ന ഒരു പുലരിയിലേക്ക് ഉറങ്ങിയുണരാനായി……

https://www.facebook.com/sayyidmunavvaralishihab