നാടന്‍ കലാ വിസ്മയങ്ങളുമായി ഉത്സവം പരിപാടിക്ക് ഇന്ന് തുടക്കം

Posted on: December 29, 2013 1:33 am | Last updated: December 29, 2013 at 11:50 pm

കോഴിക്കോട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഉത്സവം 2013-14 പരിപാടിയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറിന് കോഴിക്കോട് ബീച്ചില്‍ നടക്കും. പഞ്ചായത്ത്- സാമൂഹിക ക്ഷേമ മന്ത്രി ഡോ. എം കെ മുനീറാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ഇന്നു മുതല്‍ ജനുവരി 19 വരെയുളള എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും വൈകീട്ട് ആറ് മണി മുതല്‍ നാല് വേദികളിലായി നാടന്‍ കലാപ്രകടനം നടക്കും.
കാപ്പാട് ബീച്ച്, കോഴിക്കോട് ബീച്ച്, സരോവരം ബയോപാര്‍ക്ക്, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. ഉദ്ഘാടനച്ചടങ്ങില്‍ എം കെ രാഘവന്‍ എം പി അധ്യക്ഷത വഹിക്കും. എ പ്രദീപ്കുമാര്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ സി എ ലത, കൗണ്‍സിലര്‍ ജീന്‍ മോസസ്, അഡ്വ. പി എം നിയാസ് പങ്കെടുക്കും. സംസ്ഥാന തലത്തില്‍ ഡി ടി പി സി സംഘടിപ്പിക്കുന്ന വിപുലമായ നാടന്‍കലാ പരിപാടിയുടെ ഭാഗമായാണ് ജില്ലാതല പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ മികച്ച നാടന്‍ കലാകാരന്മാരെ ആദരിക്കും.