ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പിന്താങ്ങുമോയെന്ന് ഇടത് പാര്‍ട്ടികള്‍ വ്യക്തമാക്കണം: മന്ത്രി കെ ബാബു

Posted on: December 29, 2013 1:32 am | Last updated: December 29, 2013 at 1:32 am

കോഴിക്കോട്: മോദിയുടെ നേതൃത്വത്തിലുളള ബി ജെ പിയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്താങ്ങുമോയെന്ന് ഇടത് പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് ഫിഷറീസ്-എക്‌സൈസ് മന്ത്രി കെ ബാബു. എന്‍ ഡി എയുടെ ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് 128-ാം ജന്‍മദിനാഘോഷം ഡി സി സി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്ലീനത്തിന് മുമ്പുള്ള പാര്‍ട്ടിയേക്കാള്‍ അപഹാസ്യമായിരിക്കുകയാണ് പ്ലീനത്തിന് ശേഷമുള്ള സി പി എം. ഇന്നത്തെ തലമുറയിലെ നേതാക്കള്‍ കമ്മ്യൂണിസ്റ്റ് ജീവിതം നയിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ സി പി എമ്മിന് തിരുത്തല്‍ സാധ്യമല്ല.
അഴിമതിക്കെതിരായ കുരിശ്‌യുദ്ധം നയിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സുസജ്ജമായിരിക്കുകയാണ്. മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡി സി സി വൈസ് പ്രസിഡന്റ് ഇ കെ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ സുമ ബാലകൃഷ്ണന്‍, എന്‍ സുബ്രഹ്മണ്യന്‍, കെ പി അനില്‍കുമാര്‍, നിര്‍വാഹക സമിതിയംഗങ്ങളായ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, പി എം നിയാസ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പി മൊയ്തീന്‍, ഡി സി സി ഭാരവാഹികളായ ഡോ. പി കെ ചാക്കോ, ഐ മൂസ, സി മാധവദാസ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് പി പി നൗഷിര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആയിഷക്കുട്ടി സുല്‍ത്താന്‍ സംബന്ധിച്ചു.