ടൂറിസം ബോര്‍ഡിന് വിദേശ ഭാഷകളില്‍ ഫേസ്ബുക്ക് പേജ്

Posted on: December 28, 2013 12:06 am | Last updated: December 28, 2013 at 12:06 am

തിരുവനന്തപുരം: വിദേശഭാഷകളില്‍ സോഷ്യല്‍ മീഡിയയില്‍ ഔദ്യോഗിക പേജ് തുറക്കുന്ന ആദ്യ ടൂറിസം ബോര്‍ഡ് ആയി കേരള ടൂറിസം മാറുന്നു. ജര്‍മന്‍, ഫ്രഞ്ച് ഭാഷകളില്‍ പുതിയ ഫേസ്ബുക്ക് പേജുകള്‍ തുടങ്ങിക്കൊണ്ടാണിത്.
ബ്രിട്ടന്‍ കഴിഞ്ഞാല്‍ കേരളത്തിലേക്ക് ഏറ്റവും അധികം സഞ്ചാരികളെത്തുന്ന വിദേശരാജ്യം ഫ്രാന്‍സ് ആണ്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തിനടുത്ത് ഫ്രഞ്ച് സഞ്ചാരികളാണ് കേരളത്തിലെത്തിയത്. ആയുര്‍വേദ ചികിത്സക്കും മറ്റുമായി കേരളത്തിലേക്ക് സഞ്ചാരികള്‍ കൂടുതലായെത്തുന്ന രാജ്യങ്ങളിലൊന്നാണ് ജര്‍മനി.
കായലുകളും ഹില്‍ സ്‌റ്റേഷനായ മൂന്നാറും ആനപരിപാലന കേന്ദ്രമായ കോന്നിയും ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ ലക്ഷ്യസ്ഥാനങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തി സംവേദനക്ഷമവും വായനാസൗഹൃദവുമായ രീതിയിലാണ് ഫ്രഞ്ച് ( https://www.facebook.com/keralatourismeOfficiel), ജര്‍മന്‍ (https://www.facebook.com/keralatourismus) ഭാഷകളിലുള്ള ഫെയ്‌സ്ബുക്ക് പേജുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ആയുര്‍വേദവുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളടങ്ങുന്ന ഇംഗ്ലീഷ് പേജിന് ഒരുലക്ഷത്തിലധികം ആരാധകരാണുള്ളത്. ജര്‍മന്‍ പേജിന് ജര്‍മന്‍ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള 4500 സജീവ ആരാധകരുണ്ട്.