കുപ്രസിദ്ധ വാഹന മോഷ്ടാക്കളായ മൂന്ന് പേര്‍ പിടിയില്‍

Posted on: December 27, 2013 12:44 pm | Last updated: December 27, 2013 at 12:44 pm

കോഴിക്കോട്: കുപ്രസിദ്ധ വാഹന മോഷ്ടാക്കളായ മൂന്ന് പേര്‍ പോലീസ് പിടിയില്‍. തിരുവനന്തപുരം വെള്ളറട മന്നാര്‍കോണം അജ്ഞനാ ഭവനില്‍ സൈമണ്‍ (51), ഫറോക്ക് കക്കാട്ടുപറമ്പ് മുഹമ്മദ് സലാം (28), കൂട്ടാളി മുഹമ്മദ് റിഷാദ് (24) എന്നിവരാണ് ചേവായൂര്‍ പോലീസിന്റെ പിടിയിലായത്. വേങ്ങേരി തടമ്പാട്ടുതാഴത്ത് വെച്ച് വാഹന പരിശോധനക്കിടെ സംശയാസ്പദമായി പിടികൂടിയ സൈമണില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം വലയിലായത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വാഹനങ്ങല്‍ മോഷണം നടത്തിയതായി വ്യക്തമായി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പയ്യോളി ഇരിങ്ങല്‍ സ്വദേശി മന്‍മഥന്റെ ഇന്‍ഡിക്ക കാര്‍ വീട്ടുമുറ്റത്ത് വെച്ചും വണ്ടൂര്‍ സ്വദേശി മാധവന്‍ നായരുടെ കാര്‍ പെരിന്തല്‍മണ്ണ ഇ എം എസ് ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ചും തേഞ്ഞിപ്പലം സ്വദേശി രഞ്ജിത്തിന്റെ ബൈക്ക്, ചെര്‍പ്പുളശേരി സ്വദേശി ഉമ്മറിന്റെ ലോറി എന്നിവ മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചു.
സൈമണ് തിരുവനന്തപുരം, പാലക്കാട്, എറണാംകുളം ജില്ലകളിലും മുഹമ്മദ് സലാമിന് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും റിഷാദിന് മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലും നിരവധി കേസുകള്‍ നിലവിലുണ്ട്. സലാം പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലും റിഷാദ് മാനന്തവാടി പോലീസ് സ്റ്റേഷനിലും വാഹന മോഷണക്കേസുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളികളാണ്.
പ്രതികളെ ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍ പടന്നയില്‍ അറസ്റ്റ് ചെയ്തു. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രിന്‍സ് എബ്രഹാമിന്റെ സ്‌ക്വാഡ് അംഗങ്ങളായ ബാബു, ശാഫി, രണ്‍ധീര്‍, ദീപു എന്നിവരും സംഘത്തിലുണ്ടായിരുന്നു.