ഇശ്‌റത്‌ കേസില്‍ അമിത് ഷാ ഒഴിവാകുമ്പോള്‍

Posted on: December 27, 2013 6:00 am | Last updated: December 27, 2013 at 7:41 am

siraj copyഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ കുറ്റപത്രത്തില്‍ നിന്ന് ആരോപണവിധേയനായ ഗുജറാത്ത് മുന്‍മന്ത്രി അമിത് ഷായുടെ പേരൊഴിവാക്കിയിരിക്കയാണ് സി ബി ഐ. സംഭവം നടക്കുമ്പോള്‍ ഗുജറാത്തില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഷാക്കെതിരെ കുറ്റം ചുമത്താന്‍ മതിയായ തെളിവില്ലെന്നതാണ് 2013 ജൂലൈ മൂന്നിന് സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തിന്റെ അനുബന്ധത്തില്‍ അന്വേഷണ ഏജന്‍സി വിലയിരുത്തുന്നത്.
ഇശ്‌റത്ത് ജഹാനും മലയാളിയായ പ്രാണേഷ് കുമാറും ഉള്‍പ്പെടെ മുന്ന് പേര്‍ കൊല്ലപ്പെടാനിയായ 2004 ജൂണ്‍ ആറിലെ സംഭവം ഗുജറാത്ത് പോലീസും ഇന്റലിജന്‍സ് ബ്യൂറോയും ആസൂതണം ചെയത വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും നേരത്തേ വിവരം ലഭിച്ചിരുന്നുവെന്നുമാണ് സി ബി ഐ വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നത്. സംഭവത്തിന്റെ രണ്ട് ദിവസം മുമ്പ് ഐ പി എസ് ഓഫീസര്‍മാരായ ഡി ജി വന്‍സാരെ, പി പി പാണ്ഡെ എന്നിവരുമായി അഹമ്മദാബാദിലെ ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ രജീന്ദര്‍കുമാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും മോദിയെയും അമിത് ഷായെയും അറിയിക്കുകയും ചെയ്തുവെന്നും ഈ സംഭാഷണത്തിന്റെ ക്ലിപ്പുകള്‍ സി ബി ഐ ക്ക് ലഭിച്ചതായും വാര്‍ത്തയുണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും ഏറ്റുമുട്ടല്‍ വിദഗ്ധനുമായിരുന്ന മുന്‍ ഡി ഐ ജി. ഡി ജി വന്‍സാരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ക്കൊലയുള്‍പ്പെടെ നിരവധി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് അറസ്റ്റിലായ വന്‍സാരെ സര്‍വീസില്‍ നിന്ന് രാജി വെച്ചുകൊണ്ട് സെപ്തംബര്‍ ഒന്നിന് ഗുജറാത്ത് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച രാജിക്കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സുഹ്‌റാബുദ്ദീന്‍ ശൈഖ്, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസുകളില്‍ അമിത് ഷായുടെ പങ്ക് സി ബി ഐ സ്ഥിരീകരിച്ചതാണ്. സുഹ്‌റാബുദ്ദീന്‍ സംഭവമാണ് അദ്ദേഹത്തിന്റെ ആഭ്യന്തരമന്ത്രി പദവി നഷ്ടപ്പെടുത്തിയത്. ഗുരുതരമായ ആരോപണങ്ങളാണ് ഈ കേസിന്റെ കുറ്റപത്രത്തില്‍ ഷാക്കെതിരെ സി ബി ഐ ഉന്നയിക്കുന്നത്. സുഹ്‌റാബുദ്ദീന്‍ വധത്തിന്റെ മുഖ്യ ആസൂത്രകന്‍ ഷാ ആയിരുന്നുവെന്നും രാഷ്ട്രീയക്കാരും ക്രിമിനലുകളും പോലീസിലെ ഉന്നതരുമടങ്ങുന്ന അന്തര്‍സംസ്ഥാന കൊള്ളസംഘന്റെ നേതാവായിരുന്നു അദ്ദേഹമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വന്‍കിട ബിസിനസ്സുകാരെ ഭീഷണിപ്പെടുത്തിയും ബന്ധുക്കളെ തട്ടിക്കൊണ്ടുപോയും ഷായുടെ നേതൃത്വത്തിലുള്ള സംഘം കോടികള്‍ സമ്പാദിച്ചിരുന്നുവെന്നും സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. വ്യക്തിതാത്പര്യത്തിനും രാഷട്രീയ നേട്ടങ്ങള്‍ക്കും വേണ്ടി എന്ത് നിഷ്ഠൂരകൃത്യവും നെറികേടും ചെയ്യാന്‍ മടിക്കാത്ത ക്രൂരനെന്ന് സി ബി ഐ തന്നെ സാക്ഷ്യപ്പെടുത്തിയ അമിത് ഷായെ, നേരത്തെ എടുത്ത നിലപാടിന് വിരുദ്ധമായി ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിന്ന് ഇപ്പോള്‍ ഒഴിവാക്കിയ സി ബി ഐ നടപടി ദൂരൂഹമാണ്.
സംഭവം നടക്കുമ്പാള്‍ അമിത് ഷാ അഹമ്മദാബാദില്‍ ഇല്ലെന്നതാണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ സി ബി ഐ പറയുന്ന ഒരു കാരണം. ഷാക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടന്നതല്ലാതെ ഇശ്‌റത്ത് ജഹാന്‍ വധത്തില്‍ നേരിട്ട് പങ്കുണ്ടെന്ന പരാതി ആരും ഉന്നയിച്ചിട്ടില്ലെന്നിരിക്കെ സി ബി ഐ നിരത്തിയ ഈ തെളിവ് തികച്ചും ദുര്‍ബലമായിപ്പോയി. ഫോണ്‍ വഴിയുള്ള ഗൂഢാലോചനക്ക് എന്തിനാണ് അഹമ്മദാബാദില്‍ ഷായുടെ സാന്നിധ്യം? വ്യാജ ഏറ്റുമുട്ടലിന് തൊട്ടുമുമ്പ് കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെ ഷാ വിളിച്ചിരുന്നുവെന്ന് പുതിയ കുറ്റപത്രത്തിലും സി ബി ഐ വ്യക്തമാക്കുന്നുണ്ട്. ഇത് ഔദ്യോഗിക വിളിയായിരുന്നുവത്രെ! സി ബി ഐയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടിക്കുന്നതാണ് ഇത്തരം കരണം മറിച്ചിലുകള്‍.
കുറ്റകൃത്യങ്ങളില്‍ മാത്രമല്ല അമിത് ഷാക്ക് നൈപുണ്യം; കേസുകള്‍ അട്ടിമറിക്കുന്നതിലും അതിവിദഗ്ധനാണദ്ദേഹം. തുള്‍സി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസ് അട്ടിമറിക്കാന്‍ ചില ബി ജെ പി നേതാക്കളുമൊത്ത് അമിത് ഷാ ഗൂഢാലോചന നടത്തിയ വിവരം അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ പുഷ്പ് ശര്‍മ വെളിപ്പെടുത്തിയതാണ്. അമിത്ഷാക്ക് പുറമെ ബി ജെ പി നേതാക്കളം എ പിമാരുമായ പ്രകാശ് ജാവ്‌ദേക്കര്‍, ഭൂപേന്ദര്‍ യാദവ്, രാംലാല്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗുഢാലോചനയുട വിവരം അവര്‍ക്കിടയിലെ ഫോണ്‍സംഭാഷണത്തില്‍ നിന്നാണ് ശര്‍മ കണ്ടെത്തിയത്. ഇതുസംബന്ധിച്ചു സപ്തംബര്‍ ആദ്യത്തില്‍ സുപ്രീം കോടതിയില്‍ ശര്‍മ ഒരു കേസും ഫയല്‍ ചെയ്തിട്ടുണ്ട്. അമിത് ഷാക്ക് മാത്രമല്ല, ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കും ഗുഢാലോചനയില്‍ പങ്കുള്ളതായി വന്‍സാരെ തന്റെ കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കേസില്‍ ഷാക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ അന്വേഷണം മോദിയിലേക്ക് നീളുകയുള്ളുവന്നതാണ് ഈ സംഭവത്തിലെ മര്‍മപ്രധാനമായ വശം. ഷായെ കുറ്റപത്രത്തില്‍ നിന്ന് സി ബി ഐ ഒഴിവാക്കുന്നതോടെ മോദി സുരക്ഷിതനായി.