അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ നിയന്ത്രിക്കും

Posted on: December 27, 2013 1:08 am | Last updated: December 27, 2013 at 1:08 am

bussതിരുവനന്തപുരം: അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളുടെ മറവില്‍ സ്വകാര്യ ബസ് ലോബി ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകളെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗതാഗത കൗണ്‍സിലിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്സവ സീസണുകളിലാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരെ കൂടുതല്‍ ചൂഷണം ചെയ്യുന്നത്. ഈ വിഷയത്തില്‍ ഗോവന്‍ സര്‍ക്കാറും പരാതി ഉന്നയിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന സ്വകാര്യ ബസുകള്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വാഹനങ്ങള്‍ പെരുകുന്നതിനനുസരിച്ച് റോഡുകളുടെ സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടില്ല. ഈ പ്രശ്‌നം പരിഹരിക്കാനായി ഉള്‍നാടന്‍ ജലഗതാഗതവും കോസ്റ്റല്‍ ഷിപ്പിംഗും പ്രയോജനപ്പെടുത്തണം. കേരളത്തിലുടനീളം ജലപാതയുള്ളത് ഒരു അനുഗ്രഹമാണ്. ഇത് പ്രയോജനപ്പെടുത്തിയാല്‍ ചരക്ക് നീക്കം സുഗമമായി നിര്‍വഹിക്കുന്നതിന് സാധിക്കും. കേരളം ഉപഭോക്തൃ സംസ്ഥാനമായതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ചരക്കുമായി ധാരാളം വാഹനങ്ങള്‍ വരുന്നുണ്ട്. വാഹനങ്ങള്‍ ഓടിക്കുന്നവരുടെ അശ്രദ്ധ കൊണ്ടാണ് 85 ശതമാനം വരെ അപകടങ്ങളുണ്ടാകുന്നത്. അപകടങ്ങളുടെ എണ്ണം കുറക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നു വരികയാണ്. ഇ-ഗവേണന്‍സിലൂടെ മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെ കൂടുതല്‍ സുതാര്യമാക്കുകയാണ്. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളുടെ സഹകരണവും ആവശ്യമാണ്. വനിതാ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷനായിരുന്നു. ഗോവന്‍ ഗതാഗതവകുപ്പ് മന്ത്രി സുദിന്‍ ഡവില്‍ക്കര്‍, ചീഫ് സെക്രട്ടറി ഇ കെ’ഭരത്ഭൂഷണ്‍, ഗതാഗത വകുപ്പ് കമ്മീഷനര്‍ ഋഷിരാജ് സിംഗ് സംസാരിച്ചു.
രണ്ട് ദിവസത്തെ യോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്. അന്തര്‍ സംസ്ഥാന പെര്‍മിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം യോഗത്തിലുണ്ടാകും.
കുടാതെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിലവിലെ വാഹന നികുതിയിലെ അന്തരം, നിര്‍ഭയ ഫണ്ടിന്റെ വിന്യാസം, സ്പീഡ് ഗവര്‍ണര്‍ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കുന്നത്, കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വേണ്ട ഭേദഗതികള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. സമാപന സമ്മേളനം ഇന്ന് കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്യും.