ആറ് കോണ്‍ഗ്രസ് എം പിമാര്‍ക്ക് സീറ്റ് നഷ്ടപ്പെടും; സുധീരനും പത്മജക്കും അവസരം ലഭിച്ചേക്കും

Posted on: December 27, 2013 12:47 am | Last updated: December 27, 2013 at 12:47 am

congressതിരുവനന്തപുരം: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ് സിറ്റിംഗ് എം പിമാരെ കോണ്‍ഗ്രസ് മാറ്റി നിര്‍ത്തിയേക്കുമെന്ന് സൂചന. വി എം സുധീരനും പത്മജാ വേണുഗോപാലിനും അവസരം നല്‍കുന്നതിനും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതോടൊപ്പം ഘടകക്ഷികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കുമെന്നാണ് സൂചന.
ചാലക്കുടിയില്‍ കെ പി ധനപാലന്‍, കൊല്ലത്ത് എന്‍ പീതാംബര കുറുപ്പ്, കോഴിക്കോട് എം കെ രാഘവന്‍, കണ്ണൂരില്‍ കെ സുധാകരന്‍, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, ഇടുക്കിയില്‍ പി ടി തോമസ് എന്നിവര്‍ക്കായിരിക്കും സീറ്റ് നഷ്ടപ്പെടുക. വി എം സുധീരനെ ആലപ്പുഴയിലും ചാലക്കുടിയില്‍ പത്മജാ വേണുഗോപാലിനെയുമാണ് പരിഗണിക്കുന്നത്. എന്നാല്‍ വി എം സുധീരനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ആലപ്പുഴയിലെ സിറ്റിംഗ് എം പിയും കേന്ദ്രമന്ത്രിയുമായ കെ സി വേണുഗോപാല്‍ കൊല്ലത്തേക്ക് മാറണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആഗ്രഹമറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കൊല്ലത്തേക്ക് പരിഗണിക്കുന്നത്. കണ്ണൂരിലെ സിറ്റിംഗ് എം പി കെ സുധാകരന്‍ മാറി നില്‍ക്കുകയാണെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആറ് തവണയിലേറെ ലോക്‌സഭയിലേക്ക് മത്സരിച്ച കേന്ദ്ര മന്ത്രി കൂടിയായ കൊടിക്കുന്നില്‍ സുരേഷിന് ഇത്തവണ സീറ്റ് ലഭിക്കാനിടയില്ല. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ കൊടിക്കുന്നിലിന് പകരം കെ പി എം എസ് നേതാവ് പുന്നല ശ്രീകുമാറിനെ പരിഗണിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ക്രിസ്ത്യന്‍ സഭകളുടെ അതൃപ്തിക്കിരയായ പി ടി തോമസിനെ ഇടുക്കിയില്‍ നിര്‍ത്തുന്നതിന് ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിക്കാനിടയില്ലെന്നറിയുന്നു. അതേസമയം കൊല്ലം സീറ്റില്‍ പീതാംബര കുറുപ്പിന് ഒരിക്കല്‍ക്കൂടി അവസരം നല്‍കണമെന്ന് കൊല്ലം ഡി സി സി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഡി സി സി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന്‍ കെ പി സി സി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.
ലോക്‌സഭയിലേക്ക് കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യത്തില്‍ മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസും ഉറച്ചു നിന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വഴങ്ങേണ്ടിവരും. എന്നാല്‍ രാജ്യസഭാ സീറ്റ് ഓഫര്‍ ചെയ്ത് ഇവരെ സമാധാനിപ്പിക്കാനാകും ഹൈക്കമാന്‍ഡ് ശ്രമം. കോഴിക്കോട്, വയനാട് ഇതിലേതെങ്കിലും ഒരു സീറ്റെന്ന ആവശ്യവുമായി രംഗത്തുള്ള സോഷ്യലിസ്റ്റ് ജനതയും സീറ്റിന്റെ കാര്യത്തില്‍ കടുംപിടിത്തം തുടരാനാണ് സാധ്യത. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്കായി യു ഡി എഫ് യോഗം അടുത്തമാസം മൂന്നിന് തിരുവനന്തപുരത്ത് ചേരും.
നിലവില്‍ പി ടി തോമസ് വിജയിച്ച ഇടുക്കി സീറ്റാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നോട്ടമിടുന്നത്. ലയനത്തിലൂടെ മാണി കോണ്‍ഗ്രസിലെത്തിയ ജോസഫ് വിഭാഗത്തിലെ പ്രമുഖ നേതാവ് ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടിയാണ് മാണി ഈ സീറ്റ് ആവശ്യപ്പെടുന്നത്. ഇടുക്കി സീറ്റ് മാണിക്ക് കൊടുക്കേണ്ടി വന്നാല്‍ പകരം പി ടി തോമസിന് മറ്റൊരു സീറ്റ് നല്‍കണമെന്ന് എ വിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പി ടി തോമസിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെ എ ഗ്രൂപ്പ് ശക്തമായി രംഗത്തുണ്ടാകുമെന്നാണറിയുന്നത്. കോഴിക്കോട് സീറ്റ് സോഷ്യലിസ്റ്റ് ജനതക്ക് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായേക്കും. ഇവിടെ വീരേന്ദ്രകുമാര്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. പാര്‍ലിമെന്റിലും പുറത്തും മികച്ച പ്രകടനം കാഴ്ചവെച്ച സി പി എം പ്രതിനിധി എ സമ്പത്തിനെതിരെ ആറ്റിങ്ങലില്‍ വി എം സുധീരന്‍ മത്സരിച്ചില്ലെങ്കില്‍ ഷാനിമോള്‍ ഉസ്മാന് അവസരം ലഭിച്ചേക്കും. കാസര്‍കോട് സീറ്റാണ് മുസ്‌ലിം ലീഗ് ലക്ഷ്യമിടുന്നത്. ഇത് ലഭിച്ചാല്‍ പി വി അബ്ദുല്‍ വഹാബിനെ പരിഗണിക്കും. ഒാരോ സീറ്റ് കേരള കോണ്‍ഗ്രസ് മാണി, മുസ്‌ലീം ലീഗ്, സോഷ്യലിസ്റ്റ് ജനതക്കും വിട്ടുകൊടുക്കേണ്ടി വന്നാല്‍ കോണ്‍ഗ്രസ് പതിനാല് സീറ്റുകളില്‍ ഒതുങ്ങുമെന്നാണറിയുന്നത്.

ALSO READ  ജിതിൻ പ്രസാദയെ ലക്ഷ്യമിടുന്നത് നിർഭാഗ്യകരമെന്ന് കപിൽ സിബൽ