യുവതിയെ അപമാനിച്ചു; ബഹ്‌റൈന്‍ സ്ഥാനപതിക്കെതിരെ ഇന്ത്യയില്‍ കേസ്

Posted on: December 25, 2013 11:11 pm | Last updated: December 25, 2013 at 11:11 pm

rapeമുംബൈ: യുവതിയെ അപമാനിച്ച ഇന്ത്യയിലെ ബഹ്‌റൈന്‍ നയതന്ത്രജ്ഞനെതിരെ കേസെടുത്തു. എന്നാല്‍ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. ബഹ്‌റൈന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഖാജക്കെതിരെയാണ് കേസെടുത്തത്.

തന്റെ ഹൗസിംഗ് സൊസൈറ്റിയിലെ വനിതാ മാനേജറെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. നയതന്ത്രജ്ഞനെതിരെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കെട്ടിടത്തിലെ ലിഫ്റ്റ് റിപ്പയറിനായി അടച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് തന്നെ ഇദ്ദേഹം അപമാനിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു.

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കൊബ്രഗഡയെ യു എസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇന്ത്യ- യു എസ് ബന്ധം വഷളാകുന്നതിനിടയിലാണ് ബഹ്‌റൈന്‍ നയതന്ത്രജ്ഞനെതിരെ ഇന്ത്യയില്‍ കേസെടുക്കുന്നത്. എന്നാല്‍ കേസെടുത്തെങ്കിലും ഇദ്ദേഹത്തിന് ഇന്ത്യ നയതന്ത്ര പരിരക്ഷ അനുവദിച്ചുകൊണ്ട് അറസ്റ്റ് ഒഴിവാക്കുകയായിരുന്നു.