താമരശ്ശേരി പഞ്ചായത്ത് യോഗത്തില്‍ ഭരണ-പ്രതിപക്ഷ പ്രതിഷേധം

Posted on: December 25, 2013 8:25 am | Last updated: December 25, 2013 at 8:25 am

താമരശ്ശേരി: താലൂക്ക് ഉദ്ഘാടനത്തിനായുള്ള സ്വാഗതസംഘരൂപവത്കരണത്തില്‍ ജനപ്രതിനിധികളെ അവഗണിച്ചതിനെച്ചൊല്ലി ഗ്രാമപഞ്ചായത്ത് യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. താലൂക്ക് ആസ്ഥാനം സ്ഥിതിചെയ്യുന്ന ടൗണ്‍ വാര്‍ഡ് അംഗവും കോണ്‍ഗ്രസ് പ്രതിനിധിയുമായ അഡ്വ. ജോസഫ് മാത്യു, മുന്‍ പ്രസിഡന്റും നിലവില്‍ അംഗവുമായ സൈനുല്‍ ആബിദീന്‍ തങ്ങള്‍, പ്രതിപക്ഷ അംഗങ്ങള്‍ എന്നിവരെ അവഗണിച്ചെന്നാണ് ആക്ഷേപം.
ടൗണ്‍ വാര്‍ഡ് അംഗത്തെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെങ്കിലും സദസ്സില്‍ എത്തിയിരുന്നു. എന്നാല്‍ അനര്‍ഹരായ പലരെയും സ്വാഗതസംഘത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും പരിപാടി നടക്കുന്ന സ്ഥലത്തെ പഞ്ചായത്ത് അംഗമായിരുന്നിട്ടുപോലും തന്നെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് അഡ്വ. ജോസഫ് മാത്യു പറഞ്ഞു.
താലൂക്ക് ഉദ്ഘാടന ചടങ്ങിനായി ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം അനുവദിക്കണമെന്ന കാര്യം ചര്‍ച്ചക്കു വന്നപ്പോഴാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചത്. വിഷയം രേഖാമൂലം സ്വാഗതസംഘത്തെ അറിയിക്കുകയും ഇതിന്റെ കോപ്പി മുഴുവന്‍ അംഗങ്ങള്‍ക്കും നല്‍കുകയും ചെയ്താല്‍ ഒരു ലക്ഷം രൂപ അനുവദിക്കാമെന്ന് പ്രതിപക്ഷം അറിയിച്ചു. ഇതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ജനുവരി 14ന് നടക്കുന്ന താലൂക്ക് ഉദ്ഘാടനം ജനകീയമാക്കുന്നതിന് പകരം തത്പരകക്ഷികള്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുകയാണെന്ന് ആക്ഷേപമുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഉദ്ഘാടനത്തിന്റെ പേരില്‍ ഭീമമായ സംഖ്യ സ്വരൂപിക്കുന്നത് സ്വാര്‍ഥ താത്പര്യത്തിനാണെന്നും ആരേപണമുയര്‍ന്നിട്ടുണ്ട്.