സിനിമാ ചിത്രീകരണ വേദിയാകാന്‍ പാലൂര്‍കോട്ട ഒരുങ്ങുന്നു

Posted on: December 25, 2013 8:21 am | Last updated: December 25, 2013 at 8:21 am

പുഴക്കാട്ടിരി: ടിപ്പുസുല്‍ത്താന്റെ പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കടുങ്ങപുരത്തെ പാലൂര്‍കോട്ടയും വെള്ളച്ചാട്ടവും ചരിത്രസിനിമയുടെ ചിത്രീകരണത്തിന് വേദിയാകുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള സാഹിത്യ സാംസ്‌കാരിക ചരിത്രത്തെ ഇതിവൃത്തമാക്കിയുള്ള സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനാക്കുവാനാണ് പാലൂര്‍കോട്ട ഒരുങ്ങുന്നത്. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലം മുകള്‍ ഭാഗത്തുള്ള കുന്നിന്‍ ചെരിവുമാണ് പരിഗണിക്കുന്നത്.
ഖിലാഫത്ത് സമരചരിത്രവുമായി ബന്ധപ്പെടുത്തി ചട്ടിപ്പറമ്പിലെ അലി അരിക്കത്ത് സംവിധാനം ചെയ്ത ട്വിന്‍ ലെജന്റ്‌സ് ഓഫ് മലബാര്‍ എന്ന ചരിത്രത്തിലൂടെയാണ് പാലൂര്‍കോട്ടയെ ചലചിത്ര സംവിധായക പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ അറിഞ്ഞുതുടങ്ങിയത്.
ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ റസി മുഹമ്മദും സംഘവും ലൊക്കേഷന്‍ പരിശോധനക്കായി എത്തിയത്. മലപ്പുറത്തെ വിവിധ ചരിത്ര പ്രദേശം സംഘം സന്ദര്‍ശിച്ചു. ഖിലാഫത്ത് സമരനായകരായ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടെയും എം പി നാരായണമേനോന്റെയും സ്മാരക സ്തൂപത്തില്‍ ആദരവ് സമര്‍പ്പിച്ചാണ് യാത്രക്ക് തുടക്കം കുറിച്ചത്.