Connect with us

National

മോദിക്ക് വേണ്ടി കര്‍ണാടകയിലും യുവതിയുടെ ഫോണ്‍ ചോര്‍ത്തി

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവ് പ്രകാരം മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ഒരു യുവതിയെ പ്രത്യേകം നിരീക്ഷിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ബംഗളൂരുവില്‍ വെച്ചും നിരീക്ഷിച്ച് യുവതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നുവെന്ന് തെളിയിക്കുന്ന 39 പുതിയ തെളിവുകള്‍ ഗുലൈല്‍. കോം പുറത്തുവിട്ടു.
യുവതിയുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്താന്‍ ഗുജറാത്ത് പോലീസിന് സഹായം നല്‍കിയവരില്‍ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ ഉദ്യോഗസ്ഥരുമുണ്ട്. ഗുജറാത്ത് ആഭ്യന്തര സെക്രട്ടറിയുടെ അംഗീകാരമില്ലാതായിരുന്നു ഇത്. പോലീസിന് വ്യക്തിയുടെ ഫോണ്‍ ചോര്‍ത്തണമെങ്കില്‍ ആഭ്യന്തര സെക്രട്ടറിയുടെ അംഗീകാരം നിര്‍ബന്ധമാണ്. ആര്‍ക്കിടെക്ടായ യുവതി സംസ്ഥാനത്തിന് പുറത്തായിരിക്കുമ്പോഴും ഗുജറാത്ത് പോലീസ് ഫോണ്‍ ചോര്‍ത്തിയിരുന്നു. 2009ല്‍ യുവതിയുടെ ഫോണ്‍ ചോര്‍ത്താന്‍ അംഗീകാരം തേടി കര്‍ണാടക സര്‍ക്കാറുമായി ഗുജറാത്ത് പോലീസ് ബന്ധപ്പെട്ടതിന്റെ ടെലിഫോണ്‍ സംഭാഷണങ്ങളടങ്ങിയ 39 പുതിയ ശബ്ദ രേഖകളാണ് വെബ്‌സൈറ്റ് പുറത്തുവിട്ടത്. “സാഹിബിന്” വേണ്ടിയെന്നാണ് ഫോണ്‍ സംഭാഷണങ്ങളിലുടനീളവും ഉള്ളത്. യുവതിയുടെ സ്വകാര്യ ജീവിതത്തെ സംബന്ധിച്ച് അറിയാന്‍ സാഹിബ് അതീവ താത്പര്യമെടുക്കുന്നുവെന്ന് ശബ്ദ രേഖകളിലുണ്ട്.
കഴിഞ്ഞ മാസം കോബ്രാപോസ്റ്റും ഗുലൈലും ചേര്‍ന്നാണ് ചോര്‍ത്തല്‍ സംഭവം വെളിച്ചത്ത് കൊണ്ടുവന്നത്. അമിത് ഷായും ഐ പി എസ് ഉദ്യോഗസ്ഥന്‍ ജി എല്‍ സിംഗാളും തമ്മിലുള്ള സംഭാഷണങ്ങളാണ് അന്ന് പുറത്തുകൊണ്ടുവന്നത്. പുതിയ രേഖകളില്‍ സിംഗാളും മറ്റൊരു ഐ പി എസുകാരനായ എ കെ ശര്‍മയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണുള്ളത്. ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായ സിംഗാളാണ് ഇതുസംബന്ധിച്ച പ്രധാന വിവരങ്ങള്‍ നല്‍കിയതെന്ന് റിപ്പോര്‍ട്ടുണ്ട്.

Latest