Connect with us

Malappuram

വരകളിലൊതുങ്ങാത്ത ചാര്‍ളി ചാപ്ലിന് ചിത്രങ്ങളിലൂടെ സ്മരണാഞ്ജലി

Published

|

Last Updated

മലപ്പുറം: കറുപ്പും വെളുപ്പും നിറഞ്ഞ ചിത്രങ്ങളിലൂടെ ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചാര്‍ളി ചാപ്ലിന് വരകളിലൂടെ സ്മരണാഞ്ജലി അര്‍പ്പിച്ച് ഓണ്‍ലൈന്‍ പ്രദര്‍ശനം തുടങ്ങി. ചാര്‍ളി ചാപ്ലിന്‍ ഓര്‍മയായിട്ട് 36 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് അദ്ദേഹത്തിന്റെ ജീവിതവും സിനിമയും പ്രമേയമാക്കി വരച്ച 30 പെന്‍സില്‍ ഡ്രോയിംഗുകളുടെ പ്രദര്‍ശനത്തിന് ദി കേരള ആര്‍ട്ടിസ്റ്റ് ഓണ്‍ലൈന്‍ ആര്‍ട്ട് ഗാലറിയില്‍ തുടക്കമായത്. യുവ പത്രപ്രവര്‍ത്തകനും കലാകാരനുമായ മുഖ്താര്‍ ഉദരംപൊയിലിന്റേതാണ് ചിത്രങ്ങള്‍.
സിനിമയും ജീവിതവും എഴുത്തിലൂടെയും വരകളിലൂടെയും അവതരിപ്പിക്കുന്ന ഇല്ലസ്‌ട്രേറ്റഡ് ഫീച്ചറെന്ന വ്യത്യസ്ത രീതിയാണ് പ്രദര്‍ശനത്തെ വ്യതിരിക്തമാക്കുന്നത്. ചാപ്ലിന്റെ കുട്ടിക്കാലം മുതല്‍ മരണം വരെ ഫീച്ചര്‍ അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലുമുണ്ടായ വളര്‍ച്ചയും തളര്‍ച്ചയും പ്രദര്‍ശനത്തില്‍ കോറിയിട്ടിട്ടുണ്ട്.
ഗാന്ധിജിയോടൊപ്പവും ഐന്‍സ്റ്റീനോടൊപ്പവുമുള്ള ചിത്രങ്ങള്‍ ചരിത്രപാഠം കൂടിയാണ്. വിവാദം സൃഷ്ടിച്ച ജോവാന്‍ ബാരിയുടെ ആരോപണവും ചിത്രസഹിതം നല്‍കിയിട്ടുണ്ട്. അക്കാലത്ത് മാധ്യമങ്ങളില്‍ വന്ന പരസ്യങ്ങളുടെ പകര്‍പ്പു വരകള്‍ കൗതുകമുണര്‍ത്തുന്നു. കുറഞ്ഞ വരികളിലും വരകളിലും സമഗ്രമായി തന്നെ ചാര്‍ളി ചാപ്ലിനെ അടയാളപ്പെടുത്തുന്നുണ്ട് ഈ ചിത്രങ്ങളില്‍. നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി വാദിക്കുന്ന ചിത്രങ്ങളായിരുന്നു ചാപ്ലിന്റേത്. കൃത്യമായ രാഷ്ട്രീയം ചാപ്ലിന്‍ സിനിമകളിലുണ്ടായിരുന്നു. ഫാസിസത്തിനും യുദ്ധത്തിനുമെതിരെ പ്രതികരണങ്ങളും അതിലടങ്ങിയിരുന്നു. വെറുമൊരു തമാശപ്പടമായിരുന്നില്ല ചാപ്ലിന്‍ ചിത്രങ്ങളെന്നും മലപ്പുറം ജില്ലയിലെ ഉദരംപൊയില്‍ സ്വദേശിയായ മുഖ്താറിന്റെ ഈ വരകള്‍ ഓര്‍മിപ്പിക്കുന്നുണ്ട്.