കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതം: രാജ്യത്തെ സ്റ്റേറ്റ് ബേങ്കുകള്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ സ്തംഭിച്ചു

Posted on: December 24, 2013 11:58 pm | Last updated: December 24, 2013 at 11:58 pm

തലശ്ശേരി: മുംബൈയിലെ കേന്ദ്ര സര്‍വര്‍ സിസ്റ്റത്തില്‍ അവിചാരിതമായുണ്ടായ തകരാറുകളെ തുടര്‍ന്ന് രാജ്യത്താകെയുള്ള എസ് ബി ഐ ശാഖകളില്‍ ഇടപാടുകള്‍ ഒന്നേ മുക്കാല്‍ മണിക്കൂറോളം സ്തംഭിച്ചു. ഇന്നലെ ഉച്ചക്ക് 1.45 ഓടെ നേരിട്ട പ്രവര്‍ത്തന തടസ്സം വൈകുന്നേരം മൂന്നര മണിയോടെയാണ് പരിഹരിച്ചത്. ഈ സമയമത്രയും ജീവനക്കാരും ഇടപാടുകാരും ഏറെ വലഞ്ഞു. ക്രിസ്തുമസ് തലേന്നാളായതിനാല്‍ വന്‍ തിരക്കാണ് വിവിധ ബ്രാഞ്ചുകളിലുണ്ടായത്. ഏറ്റവും കൂടുതല്‍ തിരക്കേറിയ സമയത്ത് കമ്പ്യൂട്ടര്‍ ശൃംഖലകളിലുണ്ടായ തകരാര്‍ കാരണം കോടികളുടെ പണമിടപാടുകള്‍ മുടങ്ങിയെന്നാണ് സൂചനകള്‍. സര്‍വറിന്റെ പ്രവര്‍ത്തനം ഇടക്കിടെ തടസ്സപ്പെടുന്നത് സ്റ്റേറ്റ് ബേങ്ക് അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്.