Connect with us

Palakkad

വിശ്വനാഥന്‍ ആനന്ദിന് പിന്‍ഗാമിയാകാന്‍ മണ്ണാര്‍ക്കാട്ടുകാരന്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: വിശ്വനാഥന്‍ ആനന്ദിന് പിന്‍ഗാമി ഇനി മണ്ണാര്‍ക്കാടുനിന്ന്. നടമാളിക ഹില്‍വ്യൂ വീട്ടില്‍ ഡോ. സരിന്‍-ഷിജില്‍ ദമ്പതിമാരുടെ മകന്‍ നിഹാല്‍സരിന്‍ എന്ന ഒമ്പത് വയസുകാരന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ വഴിയേ ചെസിന്റെ പുതിയ സോപാനങ്ങള്‍ കീഴടക്കി മുന്നേറുകയാണ്.
ഇപ്പോള്‍ ദുബായ് അല്‍-ഐന്‍ യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍. ഒന്നാം റൗണ്ട് മത്സരത്തില്‍ ജപ്പാന്‍കാരനെയും രണ്ടാം റൗണ്ടില്‍ അമേരിക്കക്കാരനെയും പരാജയപ്പെടുത്തി.
പത്തുവയസിനു താഴെയുള്ളവരുടെ വിഭാഗത്തിലാണ് മത്സരിക്കുന്നത്. 2013 നവംറില്‍ ചെന്നൈയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിഹാല്‍ സരിന്‍ ഫൈനല്‍ റൗണ്ടില്‍ ഒഡീഷക്കാരനെ കീഴടക്കിയാണ് ഒന്നാമനായത്.
2013ല്‍ 19 വയസുകാരുടെ മത്സരത്തില്‍ രണ്ടാംസ്ഥാനവും കേരളത്തില്‍ നടന്ന അമ്പതിലധികം ടൂര്‍ണമെന്റുകളില്‍ സീനിയര്‍ താരങ്ങളെ തോല്‍പിച്ച് മെഡലുകളും നേടിയിട്ടുണ്ട്. 2011-12 വര്‍ഷങ്ങളില്‍ മോസ്റ്റ് പ്രോമിസിംഗ് ആന്‍ഡ് ബെസ്റ്റ് സബ് ജൂനിയര്‍ പ്ലേയര്‍ അവാര്‍ഡ് ലഭിച്ചു.
തൊടുപുഴയില്‍ നടന്ന എക്‌സിബിഷന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 41 പേരോട് ഏറ്റുമുട്ടിയ നിഹാല്‍ 40 പേരെ തോല്‍പിച്ച് ഒരാളോട് സമനിലയും 2012ലെ ഡോണ്‍ ബോസ്‌കോ ഓള്‍ കേരള റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനവും നിഹാല്‍ നേടി. മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളജ് റിട്ടയേഡ് പ്രഫസര്‍മാരായ സി ജെ എ സലാം-സുഹറ ദമ്പതിമാരുടെ പൗത്രനാണ് നിഹാല്‍ സരിന്‍.

 

Latest