Connect with us

International

റഷ്യയിലെ 'പൂച്ച പ്രക്ഷോഭകര്‍' ജയില്‍ മോചിതരായി

Published

|

Last Updated

മോസ്‌കോ: റഷ്യയിലെ വിമതപ്രവര്‍ത്തകരുടെ പൂച്ച (പുസ്സി) കലാപവുമായി ബന്ധപ്പെട്ട് രണ്ട് യുവതികള്‍ കൂടി ജയില്‍ മോചിതരായി. പൊതുമാപ്പ് ലഭിച്ചതിനെ തുടര്‍ന്നാണിത്. നദെസ്ദ തോലോകോനികോവ്, മറിന അലിയോഖിന എന്നിവരാണ് മോചിതരായത്. സൈബീരിയയിലെ ജയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നദേസ്ദ.
പൂച്ചയുടെ മുഖം മൂടിയണിഞ്ഞ് തെരുവ് നാടകം സംഘടിപ്പിച്ച് ജനങ്ങളെ കലാപത്തിലേക്ക് നയിച്ചുവെന്നാണ് പൂച്ച കലാപകാരികളായ യുവതികള്‍ക്കെതിരെയുള്ള കേസ്.
2012 ആഗസ്റ്റിലാണ് ഇവര്‍ ജയിലിലായത്. നേരത്തെ പ്രസിഡന്റ് മാപ്പ് നല്‍കിയതോടെയാണ് ഇപ്പോള്‍ ഇവര്‍ ജയില്‍ മോചിതരായത്. മോസ്‌കോയിലെ പ്രധാന ദേവാലയത്തില്‍ പ്രതിഷേധ ഗാനം നടത്തിയ ശേഷം തിരിച്ചുവരുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. റഷ്യക്കാരെ അവഹേളിച്ചുവെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം. പുടിന്‍വിരുദ്ധ വിഭാഗവും പാശ്ചാത്യ രാജ്യങ്ങളും യുവതികളെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ചിരുന്നു. ദേവാലയത്തില്‍ നടന്നത് വിശ്വാസത്തിന്റെ ഭാഗമായുള്ള ചടങ്ങാണെന്നും സര്‍ക്കാര്‍ ഇടപെട്ടത് ശരിയായില്ലെന്നുമായിരുന്നു ഇവരുടെ വാദം.
എന്നാല്‍, പൊതുമാപ്പ് നിയമത്തിലൂടെ ഇവരെ ജയില്‍ മോചിതരാക്കിയതും റഷ്യയില്‍ പുതിയ വിവാദത്തിനാണ് തിരികൊളുത്തുകയെന്നാണ് നിരീക്ഷണം. പുടിന്‍ അനുകൂലികള്‍ ഇതിനെതിരെ രംഗത്ത് വന്നതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. പൊതമാപ്പ് നിയമം പ്രബല്യത്തില്‍ വന്ന ശേഷം വിരലിലെണ്ണാവുന്നവര്‍ക്കേ ജയില്‍ മോചനം ലഭിച്ചിട്ടുള്ളൂ. ഈ നിയമം ഉപയോഗിച്ച് സര്‍ക്കാര്‍ വിരുദ്ധര്‍ക്ക് മോചനം സാധ്യമാക്കിയതില്‍ പുടിന്‍ അനുകൂലികള്‍ അസംതൃപ്തരാണ്.
പാശ്ചാത്യരാജ്യങ്ങള്‍ക്കിടയില്‍ പ്രസിഡന്റിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നീക്കമാണിതെന്ന് ഇവര്‍ കരുതുന്നു. സോച്ചി ഒളിംമ്പികിസിന്റെ പശ്ചാത്തലത്തിലാണ് നടപടി. പൊതുമാപ്പ് നിയമം പ്രാബല്യത്തില്‍ വന്ന് രണ്ട് ദിവസത്തിന് ശേഷം പ്രമുഖ വ്യവസായിയെ ഈ നിയമം ഉപയോഗിച്ച് ജയില്‍ മോചിതനാക്കിയിരുന്നു. മിഖാഈല്‍ കോഡോര്‍രോവെസ്‌കിയാണ് മോചിതനായത്. പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷമാണ് ഇയാള്‍ മോചിതനായത്.