12 വര്‍ഷം മുമ്പ് കാണാതായ യുവാവിനെ ബന്ധുക്കള്‍ക്ക് തിരിച്ചുകിട്ടി

Posted on: December 24, 2013 12:07 am | Last updated: December 24, 2013 at 12:07 am

തലശ്ശേരി: 12 വര്‍ഷമായി വീട്ടുകാരും ഉറ്റവരും തിരയുന്ന യുവാവ് യാദൃശ്ചികമായി പോലീസ് പിടിയിലായത് ബന്ധുക്കളുമായുള്ള സമാഗമത്തിന് വഴിതെളിഞ്ഞു.
ഇരിങ്ങാലക്കുട നന്തിക്കലിലെ ചേര്‍ക്കര വീട്ടില്‍ പ്രശാന്താണ് (38) അമ്മയുമായി പിണങ്ങി 26-ാം വയസ്സില്‍ വീടുവിട്ടത്. കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളില്‍ ഹോട്ടല്‍ പണി ചെയ്ത് അജ്ഞാത വാസത്തിലായിരുന്നു. ഇതിനിടെ തലശ്ശേരിയില്‍ അടിപിടി കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ജാമ്യത്തിലിറങ്ങി പിന്നീട് കേസിന്റെ വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വാറണ്ട് പ്രതിയുമായി.
പ്രശാന്തിനെ തിരയുന്ന പോലീസ് ഇയാളുടെ ഫോട്ടോ കണ്ണൂര്‍, മാഹി ഭാഗത്തെ വിവിധ ബാറുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കണ്ണൂരിലെ ബാര്‍ ജീവനക്കാരാണ് പ്രശാന്തിനെ തിരിച്ചറിഞ്ഞ് പോലീസില്‍ വിവരം നല്‍കിയത്. പ്രശാന്ത് നല്‍കിയ വിലാസത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ വര്‍ഷങ്ങളായി വീട്ടുകാരും അന്വേഷിക്കുകയാണെന്ന് കണ്ടെത്തി. തലശ്ശേരി അഡീഷനല്‍ എസ് ഐ റസാഖ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പ്രശാന്തിന്റെ അച്ഛന്‍ സുരേന്ദ്രനും കൊളശ്ശേരിയിലെ ബന്ധുക്കളും എത്തി. തലശ്ശേരി എ സി ജെ എം കോടതിയില്‍ നിന്നാണ ്പ്രശാന്തിനെ നാട്ടുകാര്‍ ഏറ്റുവാങ്ങിയത്.