ഓണ്‍ലൈന്‍ ചില്ലറ വില്‍പന വര്‍ധിക്കുന്നു

Posted on: December 23, 2013 10:20 pm | Last updated: December 23, 2013 at 10:20 pm

ദുബൈ: യു എ ഇയില്‍ ഓണ്‍ലൈന്‍ വഴിയുള്ള ചില്ലറ വില്‍പ്പന വര്‍ധിക്കുന്നു. ക്രിസ്മസിനു മുന്നോടിയായി വില്‍പന വര്‍ധിച്ചിട്ടുണ്ടെന്ന് തെജ്യൂരി ഓണ്‍ലൈന്‍മാള്‍ എം ഡി അയാന്‍ മഖ്ബൂല്‍ അറിയിച്ചു. 125 ചില്ലറ വില്‍പ്പന കേന്ദ്രങ്ങളുടെ ഉത്പന്നങ്ങള്‍ തെജ്യൂരി ആവശ്യക്കാര്‍ക്ക് എത്തിക്കുന്നു.
‘ഡിസംബറില്‍ വില്‍പ്പന 50 മുതല്‍ 70 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്. ഡിസംബറില്‍ 10 ലക്ഷം പേര്‍ തെജ്യൂരി ഓണ്‍ലൈന്‍ ഉപയോഗിച്ചു. 40 ശതമാനം വര്‍ധനവാണുള്ളത്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഓണ്‍ലൈന്‍ വിപണനം മധ്യപൗരസ്ത്യദേശത്ത് വ്യാപകമായിട്ടില്ല. മേല്‍വിലാസം കണ്ടുപിടിക്കാനുള്ള പ്രയാസവും ക്രെഡിറ്റ് സൈബര്‍ തട്ടിപ്പുമാണ് കാരണം-അയാസ് മഖ്ബൂല്‍ പറഞ്ഞു.
അതേസമയം, അരാമക്‌സ് പോലുള്ള കൊറിയര്‍ കമ്പനികളിലും ഇടപാടുകാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 42 മുതല്‍ 51 വരെ ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരാള്‍ ശരാശരി 1,400 ദിര്‍ഹമിന്റെ ഓര്‍ഡറാണ് നല്‍കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ് വഴിയാണ് ഓണ്‍ലൈന്‍ ഉപഭോഗം ഏറെയും.