ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് നിരവധി കലാപ്രദര്‍ശനങ്ങള്‍

Posted on: December 23, 2013 10:20 pm | Last updated: December 23, 2013 at 10:20 pm

ദുബൈ: ജനുവരി രണ്ടിന് ആരംഭിക്കുന്ന ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നിരവധി സില-സാംസ്‌കാരിക പരിപാടികള്‍. ഫെബ്രുവരി രണ്ടുവരെ നീളുന്ന ഡിഎസ്എഫ് കലന്‍ഡര്‍ ഓഫ് ഇവന്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് പുറത്തിറക്കി.
വിവിധ ഡിഎസ്എഫ് കേന്ദ്രങ്ങളിലായി 150 പരിപാടികളാണ് ഒരു മാസം നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുക്കിയിട്ടുള്ളത്. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബൊലേവാഡ്, അല്‍ സീഫ് സ്ട്രീറ്റ്, അല്‍ റിഗ്ഗ സ്ട്രീറ്റ്, ദ് വാക്ക്-ജുമൈറ ബീച്ച് റസിഡന്‍സ് എന്നിവയാണു ഡി എസ് എഫിന്റെ മുഖ്യകേന്ദ്രങ്ങള്‍. ഷോപ്പിംഗ് തൊട്ടു വിനോദപരിപാടികള്‍ വരെയും ഫാഷന്‍ തൊട്ടു ലൈഫ് സ്‌റ്റൈല്‍ വരെയും കലയും സംസ്‌കാരവും തൊട്ടു രാജ്യാന്തര ഷോകള്‍ വരെയും വ്യത്യസ്തമായ അനുഭവങ്ങളാണ് ഒരുക്കുന്നതെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സിഇഒ ലൈല മുഹമ്മദ് സുഹൈല്‍ അറിയിച്ചു.
‘ഷോപ്പ് അറ്റ് യുവര്‍ ബെസ്റ്റ് എന്നതാണ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ആശയം. എക്‌സ്‌പോ 2020 ദുബൈ നേടിയെടുത്തതോടെ ലോകത്തിന്റെ പ്രതീക്ഷകള്‍ക്കൊപ്പമെത്താനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ലൈല സുഹൈല്‍ പറഞ്ഞു. ഉദ്ഘാടന ദിവസം വമ്പന്‍ വെടിക്കെട്ടും തെരുവു കലാകാരന്മാരുടെ പ്രകടനങ്ങളും മറ്റ് ആഘോഷങ്ങളുമായി വരുന്ന 32 ദിവസങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളുടെ പ്രതിരൂപം തന്നെ അവതരിപ്പിക്കും.
ഡിസംബര്‍ 30 മുതല്‍ ജനുവരി വരെ സിര്‍ക് ഡു സൊളീലിന്റെ മൈക്കല്‍ ജാക്‌സന്‍, ദി ഇമ്മോര്‍ട്ടല്‍ വേള്‍ഡ് ടൂര്‍ ട്രേഡ് സെന്ററില്‍ നടക്കും. ഡിഎസ്എഫ് കാര്‍ണിവല്‍ നടക്കുന്ന അല്‍ സീഫ്, അല്‍ റിഗ്ഗ സ്ട്രീറ്റുകള്‍, ബൊലേവാ, ജുമൈറ സ്ട്രീറ്റ്, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളില്‍ വാരാന്ത്യങ്ങള്‍ അടങ്ങാത്ത ആഘോഷത്തിന്റേതായിരിക്കും. തെരുവുനര്‍ത്തകര്‍, കാര്‍ട്ടൂണ്‍ രൂപങ്ങള്‍, ജിംനാസ്റ്റുകള്‍, അക്രോബാറ്റിക് പ്രകടനങ്ങള്‍, നര്‍ത്തകര്‍, സംഗീതജ്ഞര്‍, കോമാളി വേഷക്കാര്‍ എന്നിവര്‍ വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നെത്തും. സ്വാസിലാന്‍ഡില്‍നിന്നുള്ള പെലെ പെലെ ഡാന്‍സ് ഗ്രൂപ്പ്, മെക്‌സിക്കോ ടിയറ മെസ്റ്റിസ ട്രൂപ്പ്, ഇന്ത്യയില്‍നിന്നുള്ള തബല വാദകര്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ടാകും.
ബുര്‍ജ് ഖലീഫയില്‍ ജനുവരി 20ന് വെര്‍ട്ടിക്കല്‍ ഫാഷന്‍ ഷോ നടക്കും. പരിശീലനം സിദ്ധിച്ച നര്‍ത്തകര്‍ ബുര്‍ജ് ഖലീഫയ്ക്കു മുകളില്‍ വെര്‍ട്ടിക്കല്‍ അക്രോബാറ്റിക്‌സ് പ്രകടനം നടത്തും. ബുര്‍ജ് പാര്‍ക്കില്‍ ജനുവരി രണ്ട്, ഒന്‍പത്, 16 തീയതികളില്‍ ഡിഎസ്എഫ് മ്യൂസിക് നൈറ്റ്. അറബ് സംഗീത ലോകത്തെ പ്രമുഖര്‍ പങ്കെടുക്കും. ജനുവരി 24ന് സബീല്‍ പാര്‍ക്കില്‍ ഈജിപ്ഷ്യന്‍ ഗായകന്‍ മുഹമ്മദ് മുനീറും നാന്‍സി അജ്‌റമും പങ്കെടുക്കുന്ന സംഗീത പരിപാടി. മുഖ്യവേദികളില്‍ ബെദൂയിന്‍ ജീവിതശൈലിയുടെ നേര്‍ക്കാഴ്ചകളും ഒരുക്കുന്നുണ്ട്. ആഘോഷങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍ തുടങ്ങിയവയുണ്ടാകും.
അതേസമയം, പത്ത് കോടി ദിര്‍ഹമിന്റെ സമ്മാനങ്ങളാണ് ഇത്തവണത്തെ ഡി എസ് എഫില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഓരോ ദിവസം നറുക്കെടുപ്പിലൂടെ മൂന്ന് കാറും ലക്ഷം ദിര്‍ഹവും സമ്മാനങ്ങളുണ്ട്. അവസാന ദിവസം 8.5 ലക്ഷം ദിര്‍ഹമാണ് ബമ്പര്‍ സമ്മാനം.