Connect with us

Kerala

സി പി എം തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക്; നവമാധ്യമ ഇടപെടലിന് പരിശീലനം നല്‍കും

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാന്‍ സി പി എം തീരുമാനം. സര്‍ക്കാറിനെതിരായ സമരങ്ങള്‍ ഒരുവശത്ത് തുടരുന്നതിനൊപ്പം പാര്‍ട്ടി തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും തുടങ്ങും. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള ആലോചനകള്‍ പാര്‍ട്ടിക്കുള്ളില്‍ തുടങ്ങിക്കഴിഞ്ഞു. സിറ്റിംഗ് എം പിമാര്‍ക്കെല്ലാം ഒരു അവസരം കൂടി നല്‍കുമെന്നാണ് സൂചന. മണ്ഡലത്തില്‍ കൂടുതല്‍ സജീവമാകാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കാന്‍ നവമാധ്യമ ഇടപെടലിന് കേന്ദ്രീകൃത പരിശീലനം നല്‍കാനും പാര്‍ട്ടി തീരുമാനിച്ചു. പരസ്യ പ്രചാരണങ്ങളുടെ തുടക്കമെന്ന നിലയില്‍ ഫെബ്രുവരി ഒന്നിന് പിണറായി വിജയന്റെ കേരള യാത്രയും തുടങ്ങും. ജനുവരി മൂന്നിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാറിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഇപ്പോള്‍ നടക്കുന്ന സമരങ്ങളുടെ വീര്യവും കൂട്ടും.
ടെലിവിഷന്‍ ചര്‍ച്ചകളും സോഷ്യല്‍ മീഡിയകളും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് ഈ രംഗത്ത് പ്രത്യേകം പരിശീലനം നല്‍കാനുള്ള തീരുമാനം. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്കും പാര്‍ട്ടിയെ ഇതിന് പ്രേരിപ്പിച്ചു. യുവാക്കള്‍ക്കിടയില്‍ അഭിപ്രായ രൂപവത്കരണം നടക്കുന്നത് സോഷ്യല്‍ മീഡിയകളിലാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഈ രംഗത്തെ സജീവ ഇടപെടലിനായി പ്രത്യേക ശില്‍പ്പശാല നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പരമ്പരാഗത രീതിയിലുള്ള പ്രചാരണം പുതിയ കാലത്ത് വലിയ ചലനമുണ്ടാക്കുന്നില്ലെന്നാണ് പൊതുവിലയിരുത്തല്‍. കാലം മാറുന്നതിന് അനുസരിച്ച് പ്രചാരണ രംഗത്തും മാറ്റം കൊണ്ടുവരണമെന്നാണ് കാഴ്ചപ്പാട്. കാര്യങ്ങള്‍ ഗ്രഹിക്കാതെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഇടപെടുന്നത് വലിയ വീഴ്ചയാകുന്നുണ്ട്. രണ്ട് നേതാക്കള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന സാഹചര്യം വരെയുണ്ടാകുന്നു. അവതാരകന്റെ ചോദ്യങ്ങളോടാണ് പ്രതികരിക്കുന്നതെങ്കിലും ജനങ്ങളുമായാണ് സംവദിക്കുന്നതെന്ന ബോധ്യം പലപ്പോഴും ഉണ്ടാകുന്നില്ലെന്ന വിമര്‍ശം ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശീലനം.
പാര്‍ട്ടി അനുഭാവികളായ കാര്‍ട്ടൂണിസ്റ്റുകളുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ അച്ചടക്ക നടപടികള്‍ തത്കാലം വേണ്ടെന്നാണ് മറ്റൊരു തീരുമാനം. ഇതിന്റെ ഭാഗമായി വിമത പ്രവര്‍ത്തനം നടന്ന കഞ്ഞിക്കുഴിയില്‍ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ നടപടി താക്കീതില്‍ ഒതുങ്ങും. ഏരിയാ സെക്രട്ടറി സി കെ ഭാസ്‌കരന് താക്കീതും പളനിക്ക് പരസ്യ ശാസനയും മാത്രം മതിയെന്നാണ് തീരുമാനം.
സംഘടനാ സംവിധാനങ്ങള്‍ സജ്ജമാകുന്നതോടെ പരസ്യ പ്രചാരണങ്ങളിലേക്ക് കടക്കും. പുന്നപ്ര രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പിണറായി വിജയന്റെ കേരള യാത്ര.
കേന്ദ്ര സര്‍ക്കാറിന്റെ ആഗോളവത്കരണ നയങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിയും മുഖ്യവിഷയങ്ങളാക്കിയാകും യാത്ര. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് സ്വീകരണ പരിപാടികളും പൊതുയോഗങ്ങളും സംഘടിപ്പിക്കുക. രണ്ട് മാസം കൊണ്ട് 140 മണ്ഡലങ്ങളിലും പര്യടനം നടത്താനാണ് പദ്ധതി.
പാര്‍ട്ടി ശുദ്ധീകരണം ലക്ഷ്യമിട്ട് പാലക്കാട്ട് സംഘടിപ്പിച്ച പ്ലീനം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കീഴ്ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാനായി മേഖലാ സമ്മേളനങ്ങള്‍ നാളെ നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് മേഖലാ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുക. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ മേല്‍നോട്ടത്തിലാകും യോഗങ്ങള്‍.