Connect with us

Kannur

ദേശീയപാതാ വികസനം: നഷ്ടപരിഹാര പാക്കേജ് സമര്‍പ്പിച്ചു

Published

|

Last Updated

കണ്ണൂര്‍: ദേശീയപാതാ വികസനത്തിനുള്ള പ്രത്യേക നഷ്ടപരിഹാര പാക്കേജ് കേന്ദ്ര സര്‍ക്കാറിന് കേരളം സമര്‍പ്പിച്ചു. കേന്ദ്രത്തിന് പുറമെ റവന്യു, ധനകാര്യ വകുപ്പുകള്‍ക്കും പൊതുമരാമത്ത് വകുപ്പ് പാക്കേജ് സമര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്തെ ഭൂമി വിലക്ക് ആനുപാതികമായ നഷ്ടപരിഹാരം നിശ്ചയിക്കുന്നതാണ് പാക്കേജ്. നഷ്ടപരിഹാരം നിശ്ചയിക്കുമ്പോള്‍ പ്രദേശത്തെ ജനസാന്ദ്രത കൂടി കണക്കിലെടുക്കും. കേരളത്തിന്റെ പാക്കേജിന് അനുസൃതമായ ഫണ്ട് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പണം നല്‍കേണ്ടി വരും. ഇതുകൂടി കണക്കിലെടുത്താണ് റവന്യൂ, ധനകാര്യ വകുപ്പുകള്‍ക്കും പാക്കേജ് സമര്‍പ്പിച്ചിട്ടുള്ളത്. ദേശീയപാത പതിനേഴില്‍ കണ്ണൂര്‍ മുതല്‍ വെങ്ങളം വരെ 82 കിലോമീറ്റര്‍ ഭാഗത്തും വെങ്ങളം മുതല്‍ കുറ്റിപ്പുറം വരെ 88 കിലോമീറ്റര്‍ ഭാഗത്തും 45 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ റോഡ് നിര്‍മാണം ദേശീയപാതാ അതോറിറ്റി ഉപേക്ഷിച്ചിരിക്കുകയാണ്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത നാല് വരിയാക്കാന്‍ 2007ല്‍ തീരുമാനിച്ച് നിര്‍മാണ കരാര്‍ വരെ നല്‍കിയെങ്കിലും ആറ് വര്‍ഷം കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കാനായില്ല.
കേരളത്തിലെ റോഡ് വികസനത്തിന് വേഗം കൂട്ടുന്നത് ലക്ഷ്യമിട്ട് മുംബൈ പോലുള്ള മഹാ നഗരങ്ങളില്‍ നടപ്പാക്കിയ ട്രാന്‍സ്ഫറബിള്‍ ഡെവലപ്‌മെന്റ് റൈറ്റ്‌സ് കേരളത്തിലും നടപ്പാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് നഗരകാര്യ വകുപ്പിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിട്ടിച്ചിട്ടുണ്ട്. ഭൂവുടമക്ക് കൈമാറ്റം ചെയ്യാവുന്ന വികസനാവകാശം നല്‍കി ഭൂമി ഏറ്റെടുക്കുന്ന രീതിയാണിത്. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം മൂലം ദേശീയ പാതാ വികസനം ഇഴയുന്ന സാഹചര്യത്തിലാണ് ബദല്‍ സംവിധാനം എന്ന നിലയില്‍ പൊതുമരാമത്ത് വകുപ്പ് കേരളത്തിലും ട്രാന്‍സ്ഫറബിള്‍ ഡെവലപ്‌മെന്റ് റൈറ്റ്‌സ് (ടി ഡി ആര്‍) നടപ്പാക്കാന്‍ ആലോചിച്ച് നഗരകാര്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമൊന്നുമുണ്ടായിട്ടില്ല. വിപണി വിലയുടെ നാലിരട്ടി വില പോലും വാഗ്ദാനം ചെയ്തിട്ടും പല സ്ഥലങ്ങളിലും ദേശീയപാതാ വികസനത്തിന് വേണ്ടി ഭൂമി വിട്ടുകൊടുക്കാന്‍ പലരും തയ്യാറാകാത്ത സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് ബദല്‍ നടപടിക്കായി ശ്രമമാരംഭിച്ചിട്ടുള്ളത്. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് അവശേഷിക്കുന്ന ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാനും മറ്റുമുള്ള കാര്യങ്ങളില്‍ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും.
റോഡ് വികസിക്കുന്നതോടെ ഇളവിന് അര്‍ഹതയുള്ള സമീപത്തെ ഭൂമിക്ക് നല്ല വില ലഭിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്. കേരളത്തില്‍ ടി ഡി ആര്‍ പദ്ധതി ആലോചിച്ചാല്‍ വന്‍ വില കൊടുത്ത് ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യമൊഴിവാകും. ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് നഗര കാര്യ വകുപ്പായതിനാലാണ് ടി ഡി ആര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് അവര്‍ക്ക് കൈമാറിയത്.
എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നുമുണ്ടായില്ല.

Latest