കൊണ്ടോട്ടി താലൂക്ക് 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: December 22, 2013 1:04 pm | Last updated: December 22, 2013 at 1:04 pm

മലപ്പുറം: ജില്ലയില്‍ പുതുതായി രൂപവത്കരിച്ച കൊണ്ടോട്ടി താലൂക്കിന്റ ഉദ്ഘാടനം ഈമാസം 23 ന് വൈകീട്ട് അഞ്ചിന് കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
റവന്യൂ-കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് നിലവിലുള്ള 63 താലൂക്കുകള്‍ക്ക് പുറമെ 28.05.13 ഉത്തരവ് അനുസരിച്ച് പുതുതായി രൂപവത്കരിച്ച 12 താലൂക്കില്‍ ഉള്‍പ്പെടുന്നതാണ് കൊണ്ടോട്ടി താലൂക്ക്. ഏറനാട് താലൂക്കിലെ മൊറയൂര്‍, കുഴിമണ്ണ, മുതുവല്ലൂര്‍, നെടിയിരുപ്പ്, കൊണ്ടോട്ടി, പുളിക്കല്‍, വാഴക്കാട്, ചെറുകാവ്, ചീക്കോട്, വാഴയൂര്‍, എന്നീ 10 വില്ലേജുകളും തിരൂരങ്ങാടി താലൂക്കിലെ പള്ളിക്കല്‍ ,ചേലേമ്പ്ര എന്നീ രണ്ട് വില്ലേജുകളും കൂട്ടിചേര്‍ത്താണ് ജില്ലയിലെ ഏഴാമത്തെ താലൂക്കായ കൊണ്ടോട്ടി രൂപവത്കരിച്ചിരിക്കുന്നത്. തിരൂര്‍ റവന്യൂ ഡിവിഷന് കീഴിലാണ് കൊണ്ടോട്ടി താലൂക്ക് ഉള്‍പ്പെടുക. കരിപ്പൂര്‍ വിമാനത്താവളം, കാലിക്കറ്റ് സര്‍വകലാശാല ഭാഗികമായും കൂടാതെ സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും താലൂക്കിന്റെ പരിധിയില്‍ വരും.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വ്യവസായ – വിവര സാങ്കേതിക വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മിനി സിവില്‍ സ്റ്റേഷന് തറക്കല്ലിടും. ഊര്‍ജ ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ആദ്യ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുര്‍റബ്ബ്, ടൂറിസം-പട്ടികജാതി പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍, നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി എന്നിവര്‍ വിശിഷ്ടാതിഥികളാകും. കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ സ്വാഗതവും നിയുക്ത തഹസില്‍ദാര്‍ പി സയ്യിദ് അലി നന്ദിയും പറയും. എ ഡി എം പി മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
മാപ്പിളപ്പാട്ടിനെ കേരളത്തിന്റ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന കെ രാഘവന്‍ മാസ്റ്ററുടെ ഫോട്ടോ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ 23ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനാഛാദനം ചെയ്യും. പ്രശസ്ത ഗായകരെ പങ്കെടുപ്പിച്ച് ഇശല്‍ വിരുന്ന് ഗാനമേളയുമുണ്ടാവും. വാര്‍ത്താസമ്മേളനത്തില്‍ കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, ജില്ലാ കലക്ടര്‍ കെ ബിജു, എ ഡി എം പി മുരളീധരന്‍, നിയുക്ത തഹസില്‍ദാര്‍ പി സയ്യിദ് അലി, ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് എ അബ്ദുള്‍ കരീം, കൊണ്ടോട്ടി ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പി ഹുസൈന്‍, എ ഇ ഒ. കെ പി ഉണ്ണി, താലൂക്ക് രൂപവത്കരണ സമിതി കണ്‍വീനര്‍ പി എ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.