വിരമിച്ചവര്‍ക്ക് ചികിത്സാഫണ്ട് വര്‍ധിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: ആര്യാടന്‍

Posted on: December 22, 2013 12:55 pm | Last updated: December 22, 2013 at 12:55 pm

കോഴിക്കോട്: ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് ചികിത്സാഫണ്ട് വര്‍ധിപ്പിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഡി സി സി ഓഫീസില്‍ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ എസ് എസ് പി എ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെന്‍ഷനേഴ്‌സിന്റെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും. ചെറുപ്രായത്തില്‍ തന്നെ ജോലിയില്‍ നിന്ന് വിരമിക്കുന്നത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിരമിച്ച ശേഷം മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പത്താം ശമ്പളക്കമ്മീഷനില്‍ പെന്‍ഷനേഴ്‌സിനായി ടേംസ് ഓഫ് റഫറന്‍സില്ലെന്ന പ്രചരണം തെറ്റാണ്. ജീവനക്കാരും പെന്‍ഷനേഴ്‌സും തുല്യരാണ്. അതുകൊണ്ടുതന്നെ ഒരു ശമ്പളക്കമ്മീഷനിലും പെന്‍ഷനേഴ്‌സിനായി ഒരു പ്രത്യേക ടേംസ് ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വരവിനേക്കാള്‍ ചെലവ് വര്‍ധിച്ചത് സര്‍ക്കാറിനെ പ്രയാസത്തിലാക്കുന്നുണ്ട്. ഇത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ച മുരടിക്കും. റവന്യൂ കമ്മിയായ സാഹചര്യത്തിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജനങ്ങളോട് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് കെ സി അബു, കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് ചെരണ്ടത്തൂര്‍ ശ്രീധരന്‍, എന്‍ ശ്യാംകുമാര്‍, സി വിഷ്ണു നമ്പൂതിരി, പള്ളത്ത് അഹമ്മദ്‌കോയ, ഇ ലോഹിതാക്ഷന്‍ മാസ്റ്റര്‍ പങ്കെടുത്തു.