Connect with us

Kozhikode

ശാഫി സഖാഫിയുടെ പ്രഭാഷണത്തിന് ഉജ്ജ്വല തുടക്കം

Published

|

Last Updated

മുക്കം: ശാഫി സഖാഫി മുണ്ടമ്പ്രയുടെ ദശദിന ഖുര്‍ആന്‍ പ്രഭാഷണത്തിന് ചെറുവാടിയില്‍ ഉജ്ജ്വലമായ തുടക്കം. കോഴിക്കോട്, ഏറനാട് താലൂക്കിന്റെ വിവിധ ഭാഗത്തു നിന്നും സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് പ്രഭാഷണ നഗരിയിലെത്തിയത്. ഇനിയുള്ള പത്ത് രാവുകള്‍ ചെറുവാടിയും പരിസരവും ഉത്സവാഘോഷത്തിലായിരിക്കും.
പ്രഭാഷണ സംഗമം എസ് വൈ എസ് മലപ്പുറം ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അന്ധകാരത്തില്‍ ജീവിച്ച ഒരു സമൂഹത്തെ പരിഷ്‌കര്‍ത്താക്കളാക്കിയ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനെന്ന് ഇരിങ്ങല്ലൂര്‍ പറഞ്ഞു. മതപണ്ഡിതര്‍ തന്നെ നടുറോഡില്‍ വെച്ച് പരസ്പരം ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഈ കാലത്ത് ശാഫി സഖാഫിയുടെ പ്രഭാഷണം മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ ശ്രദ്ധേയമാണെന്ന് പി കെ എം സഖാഫി പറഞ്ഞു.
എസ് വൈ എസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കെ അബ്ദുല്ല സഅദി അധ്യക്ഷത വഹിച്ചു. കൊടിയത്തൂരിലും പരിസരത്തുമുള്ള നിര്‍ധന രോഗികള്‍ക്കുള്ള സഹായം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, എസ് വൈ എസ് ജില്ലാ സെക്രട്ടറി നാസര്‍ ചെറുവാടി എന്നിവര്‍ വിതരണം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. എം എ അസീസ് ഫൈസി, എസ് എം എ സംസ്ഥാന സെക്രട്ടറി ഇ യഅ്ഖൂബ് ഫൈസി, എസ് എം എ ഏരിയാ പ്രസിഡന്റ് കെ ടി ഹമീദ്, എസ് വൈ എസ് സോണ്‍ ജനറല്‍ സെക്രട്ടറി ശമീര്‍ മാസ്റ്റര്‍, ടി പി മുഹമ്മദ് കുട്ടി സഖാഫി പ്രസംഗിച്ചു. ഇ എന്‍ മഹമൂദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു.
ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഹായി – വാദിസലാമിന്റെയും എസ് വൈ എസ് സര്‍ക്കിള്‍ കമ്മിറ്റിയുടെയും സംയുക്ത സാന്ത്വന കേന്ദ്രം ചുള്ളിക്കാപറമ്പില്‍ ഉദ്ഘാടനം ചെയ്യും. പ്രഭാഷണ ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിന് ആരോഗ്യ സെമിനാറുകളും മറ്റു സാന്ത്വന പരിപാടികളും നടക്കും.