Connect with us

Wayanad

ഇനി വയനാട്ടില്‍ പൈതൃക കലകളുടെ സമ്മേളനം

Published

|

Last Updated

പനമരം: പട്ടികജാതി പട്ടികവര്‍ഗ വികസനവകുപ്പുകളുടെയും കിര്‍ത്താഡ്‌സിന്റെയും യുവജനക്ഷേമബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാന പൈതൃകോത്സവത്തിന് ഇന്ന് പനമരത്ത് തുടക്കമാവും.
ഉച്ചക്ക് 12.30ന് മാനന്തവാടി പഴശ്ശി കുടീരത്തില്‍ നിന്ന് പൈതൃകോത്സവഗ്രാമത്തിലേക്ക് ദീപശിഖാപ്രയാണം ആരംഭിക്കുന്നതോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. ദീപശിഖാപ്രയാണം 2.30ന് പനമരം കരിമ്പുമ്മല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് കരിമ്പുമ്മലില്‍ നിന്നും ആരംഭിക്കുന്ന വര്‍ണശബളമായ ഘോഷയാത്രയും ദീപശിഖയും തലയ്ക്കല്‍ ചന്തു പൈതൃകോത്സവഗ്രാമമായ പനമരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ പ്രവേശിക്കും. 3.35ന് മന്ത്രി പി കെ ജയലക്ഷ്മി പതാക ഉയര്‍ത്തും. 3.40ന് മന്ത്രി എ പി അനില്‍കുമാര്‍ ദീപശിഖ ഏറ്റുവാങ്ങി തലയ്ക്കല്‍ ചന്തു സ്മൃതി മണ്ഡപത്തില്‍ സ്ഥാപിക്കും. തുടര്‍ന്ന് മന്ത്രി പി കെ ജയലക്ഷ്മി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പൈതൃകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ചടങ്ങില്‍ എക്‌സിബിഷന്‍ ഉദ്ഘാടനം മന്ത്രി എ പി അനില്‍കുമാറും, കലാപരിപാടികളുടെ ഉദ്ഘാടനം എം ഐ ഷാനവാസ് എം പിയും നിര്‍വ്വഹിക്കും. ജില്ലാകലക്ടര്‍ കെ ജി രാജു, ചലച്ചിത്രതാരം ഭാമ, എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, എം വി ശ്രേയാംസ്‌കുമാര്‍, സി മമ്മൂട്ടി, കെ എം ഷാജി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി പി ആലി തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും സംസാരിക്കും. വൈകുന്നേരം ആറ് മണിക്ക് പൈതൃക കലാരൂപങ്ങളുടെ ആവിഷ്‌ക്കാരമായ ആട്ടം ഇടുക്കി ജില്ലയിലെ കലാകാര•ാരും കണ്ഠാകര്‍ണ്ണന്‍ തെയ്യം കോഴിക്കോട് ജില്ലയിലെ കലാകാര•ാരും അവതരിക്കും. വൈകുന്നേരം ഏഴ് മണിക്ക് ആലപ്പുഴ ബ്ലൂസ്റ്റാര്‍ ഓര്‍ക്കസ്ട്ര അവതരിക്കുന്ന സംഗീത നിശയുമുണ്ടായിരിക്കും.
എല്ലാദിവസവും രാവിലെ 10 മണി മുതല്‍ എക്‌സിബിഷന്‍ നടക്കും. പട്ടികവിഭാഗങ്ങളുടെ പരമ്പരാഗത ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും വൈശീയവൈദ്യം, മരുന്ന് ആവിക്കുളി, വംശീയഭക്ഷണം, വിവിധ വകുപ്പുകളുടെയും കുടുംബശ്രീയുടെയും സ്റ്റാളുകള്‍ എന്നിവ എക്‌സിബിഷന്റെ പ്രത്യേകതയായിരിക്കും. നാളെ വൈകുന്നേരം നാല് മണിക്ക് ഭക്ഷ്യസുരക്ഷയും പട്ടികവര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പി എന്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. സ്റ്റീഫന്‍ മാത്യു, എലിസബത്ത് തോമസ് എന്നിവര്‍ വിഷയം അവതരിപ്പിക്കും. ഡോ. തോമസ് പി ജെ മോഡറേറ്ററായിരിക്കും. വൈകുന്നേരം ആറ് മണിക്ക് വയനാട് നാട്ടുണര്‍വ്വ് നാടന്‍പാട്ട് സംഘം അവതരിപ്പിക്കുന്ന നാടന്‍പാട്ടും ഏഴ് മണിക്ക് പ്രശസ്ത സിനിമാതാരം കലാഭവന്‍ മണി നയിക്കുന്ന മെഗാഷോയും ഗാനമേളയും നടക്കും.
23ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പട്ടികവര്‍ഗ്ഗ ശാക്തീകരണവും തദ്ദേശഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി ടി മാത്യു ഉദ്ഘാടനം ചെയ്യും. ഡോ. പി പി ബാലന്‍, സൂപ്പി നരിക്കാട്ടേരി, പി ഗഗാറിന്‍, ഡോ. എബി ജോര്‍ജ്ജ്, ഉഷാകുമാരി എന്നിവര്‍ വിഷയാവതരണം നടത്തും. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് എം എ ജോസഫ് മോഡറേറ്ററായിരിക്കും. വൈകുന്നേരം 6.30 മുതല്‍ വയനാട് ജില്ലയിലെ കലാകാര•ാര്‍ അവതരിപ്പിക്കുന്ന ആദിവാസിപ്പാട്ടുകള്‍, വട്ടക്കളി, കുട്ടിച്ചാത്തന്‍ തിറ എന്നിവയും കാസര്‍ഗോഡ് ജില്ലക്കാര്‍ അവതരിപ്പിക്കുന്ന മംഗലം കളിയും അരങ്ങേറും.
24ന് വൈകുന്നേരം നാല് മണിക്ക് ഗോത്രജീവിതവും കലകളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുള്‍ അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. പ്രഫ. രാഘവന്‍ പയ്യനാട്, മിനി പി വി എന്നിവര്‍ വിഷയം അവതരിപ്പിക്കും. കിര്‍ത്താഡ്‌സ് റിസര്‍ച്ച് ഓഫീസര്‍ വി എസ് സുഭാഷ് മോഡറേറ്ററായിരിക്കും. വൈകുന്നേരം ആറ് മണിക്ക് എച്ചോം തുടിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് കരോള്‍ നടക്കും. വൈകുന്നേരം ഏഴ് മണി മുതള്‍ വയനാട് ജില്ലക്കാര്‍ അവതരിപ്പിക്കുന്ന വട്ടക്കളി, പുലിപ്പാട്ട്, പാലക്കാട് ജില്ലക്കാരുടെ ഇരുളനൃത്തം, കണ്ണൂര്‍ ജില്ലയിലെ കലാകാര•ാര്‍ അവതരിപ്പിക്കുന്ന വിഷ്ണുമൂര്‍ത്തി തെയ്യം, കോഴിക്കോട് ജില്ലക്കാര്‍ അവതരിപ്പിക്കുന്ന നാഗകാളി വെള്ളാട്ട് തിറ എന്നിവ അരങ്ങേറും.
25ന് വൈകുന്നേരം നാല് മണിക്ക് വനസംരക്ഷണവും ഗോത്രജീവിതവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പ്രഫ. കെ ശ്രീധരന്‍, എ ഷാനവാസ് എന്നിവര്‍ വിഷയം അവതരിപ്പിക്കും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എസ് വിജയ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ അഡ്വ. എം വേണുഗോപാല്‍ മോഡറേറ്ററായിരിക്കും. വൈകുന്നേരം ആറ് മണിക്ക് ക്രിസ്തുമസ് കരോളും 6.30 മുതല്‍ കാസര്‍ഗോഡ്, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ കലാകാര•ാര്‍ അവതരിപ്പിക്കുന്ന പൈതൃകകലകളുടെ ആവിഷ്‌ക്കാരവും നടക്കും.
26ന് വൈകുന്നേരം മൂന്ന് മണിക്ക് മാധ്യമങ്ങളും പട്ടികവിഭാഗങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ലാല്‍ മോഹന്‍, എം പി സുകുമാരന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. അഡ്വ. ഫാ. തോമസ് ജോസഫ് തേരകം മോഡറേറ്ററായിരിക്കും. വൈകുന്നേരം 6.30 മുതല്‍ കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, ഇടുക്കി ജില്ലക്കാര്‍ അവതരിപ്പിക്കുന്ന മുടികളി/തുടികളി, രക്തേശ്വരി തെയ്യം, മലയ പുറാട്ട്, ആട്ടവും പാട്ടവും തുടങ്ങിയ പൈതൃകകലകളുടെ ആവിഷ്‌ക്കാരങ്ങള്‍ നടക്കും.
27ന് വൈകുന്നേരം മൂന്ന് മണിക്ക് വയനാടിന്റെ സാംസ്‌ക്കാരികചരിത്രവും ഗോത്രവര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സാചാക്കോ ഉദ്ഘാടനം ചെയ്യും. പ്രൊഫ. മോഹന്‍ബാബു, എം ചന്ദ്രന്‍മാസ്റ്റര്‍, റാഷിദ് എന്നിവര്‍ വിഷയാവതരണം നടത്തും. ഡോ. പി ലക്ഷ്മണന്‍ മോഡറേറ്ററായിരിക്കും. വൈകുന്നേരം ആറ് മണിക്ക് നായ്ക്കട്ടി രാജീവ്ഗാന്ധി സ്‌കൂളില്‍ കരാട്ടെ പ്രദര്‍ശനം നടക്കും. 6.30ന് പൈതൃകോത്സവവേദിയില്‍ കാസര്‍ഗോഡ്, തൃശ്ശൂര്‍, വയനാട് ജില്ലക്കാര്‍ അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങള്‍ അരങ്ങേറും.
28ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പൈതൃകകലകളുടെ കാലികപ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ എന്‍ പി മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. ഡോ. കെ എം ഭരതന്‍, ഫാ. ബേബി ചാലില്‍ എസ് ജെ എന്നിവര്‍ വിഷയാവതരണം നടത്തും. കെ ജെ മൈക്കിള്‍ മോഡറേറ്ററായിരിക്കും. വൈകുന്നേരം 6.30 മുതല്‍ പാലക്കാട് ജില്ലക്കാര്‍ അവതരിപ്പിക്കുന്ന പുത്തന്‍തിറ, വയനാടിന്റെ ഗദ്ദിക, പണിയനൃത്തം, കണ്ണൂര്‍ജില്ലയുടെ വിഷ്ണുമൂര്‍ത്തി തെയ്യം എന്നിവ നടക്കും.
29ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപനസമ്മേളനം വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി കെ ജയലക്ഷ്മി അധ്യക്ഷയായിരിക്കും.
ചലച്ചിത്രതാരം ഇന്ദ്രന്‍സ് മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം എഴ് മണിക്ക് മെഗാഷോ അരങ്ങേറും. സാജന്‍പള്ളുരുത്തി, ഇന്ദ്രന്‍സ്, നിസ്സാര്‍ കൊല്ലം എന്നിവര്‍ നയിക്കുന്ന കോമഡി ഫെസ്റ്റിവല്‍ സീസണ്‍-2 നെ തുടര്‍ന്ന് വൊഡാഫോണ്‍ തകധിമി ഫെയിം ജോബിന്‍ജോര്‍ജ്ജും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങളും അരങ്ങേറും.

 

Latest