Connect with us

International

റഷ്യന്‍ മുന്‍ വ്യവസായ പ്രമുഖന് ജയില്‍ മോചനം

Published

|

Last Updated

മോസ്‌കോ: നികുതി തട്ടിപ്പു കേസില്‍ പെടുത്തി പത്ത് വര്‍ഷക്കാലമായി ജയിലിലടക്കപ്പെട്ട റഷ്യയിലെ മുന്‍ വ്യവസായ പ്രമുഖന്‍ മൈക്കിള്‍ കോഡോര്‍കോവ്‌സ്‌കിയെ മോചിപ്പിച്ചു. പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ജയില്‍ മോചനം. മാനുഷിക പരിഗണന നല്‍കിയാണ് മൈക്കിളിനെ മാപ്പ് നല്‍കി മോചിപ്പിച്ചതെന്ന് പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.
രോഗശയ്യയില്‍ കിടക്കുന്ന മാതാവിനെ പരിചരിക്കാന്‍ വേണ്ടിയാണ് മൈക്കിളിനെ മോചിപ്പിക്കുന്നതെന്ന് പുടിന്‍ വ്യക്തമാക്കി. പുടിന്റെ മാപ്പ് നല്‍കലിന് തൊട്ടു പിന്നാലെ മൈക്കിള്‍ ജയില്‍ മോചിതനാകുകയും ജര്‍മനിയിലെ മാതാവിനെ കാണാന്‍ പുറപ്പെട്ടതായും റഷ്യന്‍ ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യാവകാശ സംഘടനകളുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് ഇരുപതിനായിരത്തോളം തടവുപുള്ളികളെ ജയില്‍ മോചിപ്പിക്കാന്‍ പുടിന്‍ തീരുമാനിച്ചിരുന്നു. എം പിമാരുടെ പൂര്‍ണ പിന്തുണയോടെയാണ് തടവുപുള്ളികളുടെ ജയിലില്‍ മോചനത്തിന് തീരുമാനമായത്. ഫെബ്രുവരിയില്‍ റഷ്യയിലെ സോച്ചിയില്‍ ശൈത്യകാല ഒളിമ്പിക്‌സ് നടക്കാനിരിക്കെ, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും മറ്റും നിരന്തരമായ വിമര്‍ശം ഇല്ലാതാക്കുകയാണ് മൈക്കിളടക്കമുള്ള തടവുകാരെ മോചിപ്പിക്കുന്നതിലൂടെ പുടിന്‍ ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. എണ്ണ വ്യാപാര രംഗത്തെ പ്രമുഖനായിരുന്ന മൈക്കിള്‍ നികുതി വെട്ടിപ്പടക്കം മൂന്ന് ക്രിമിനല്‍ കേസുകളില്‍ 2003ലാണ് അറസ്റ്റിലാകുന്നത്.
വിചാരണ കഴിഞ്ഞ് 2005ല്‍ കോടതി മൈക്കിളിനെതിരെ എട്ട് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. പിന്നീട് 2007ല്‍ മറ്റ് കള്ളപ്പണം വെളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ 13 വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചു. കഴിഞ്ഞ വര്‍ഷം മൈക്കിളിന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ ഇളവ് ചെയ്തു കൊടുത്തിരുന്നു. 1980കളില്‍ റഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്ന മൈക്കളിനെ 2007ല്‍ കോടതി പാപ്പര്‍സ്യൂട്ടായി പ്രഖ്യാപിച്ചിരുന്നു.

---- facebook comment plugin here -----

Latest