Connect with us

Kerala

ഇനി ടാറിംഗിന് പ്ലാസ്റ്റിക്; പദ്ധതിക്ക് കൊച്ചിയില്‍ തുടക്കം

Published

|

Last Updated

കൊച്ചി: മാലിന്യനിര്‍മാര്‍ജനം മുന്‍നിര്‍ത്തി റോഡ് ടാറിംഗിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രീതി വ്യാപകമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. തദ്ദേശസ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റുകള്‍ക്ക് സബ്‌സിഡി നല്‍കി നാമമാത്രമായ നിരക്കില്‍ പൊതുമരാമത്ത് വകുപ്പിന് പ്ലാസ്റ്റിക് ലഭ്യമാക്കിയാല്‍ മാത്രമേ മാലിന്യസംസ്‌കരണത്തിന് മുന്‍തൂക്കം നല്‍കുന്ന ഈ പദ്ധതി ഫലപ്രദമാകുകയുള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. റോഡ് ടാറിംഗിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാക്കനാട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വികസനത്തിനൊപ്പം മാലിന്യനിര്‍മാര്‍ജനത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. ക്ലീന്‍ കേരള എന്ന പേരില്‍ രൂപവത്കരിച്ചിട്ടുള്ള കമ്പനിയുടെ ആഭിമുഖ്യത്തിലാണ് ഈ രംഗത്ത് പരിപാടികള്‍ക്ക് രൂപം നല്‍കുന്നത്. 300ലേറെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റുകള്‍ ഉടനെ സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമാകും. പ്ലാസ്റ്റിക് ഉപയോഗിച്ച് ടാറിംഗിന് ഉപയോഗിക്കുന്ന ബിറ്റുമിനില്‍ കുറവു വരുത്താനാകുമോ എന്നത് സംബന്ധിച്ച് കേരള ഹൈവെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും നാഷനല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും പഠനം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

പ്ലാസ്റ്റിക് കൂടി ഉപയോഗിച്ചുള്ള റോഡ് ടാറിംഗ് സംസ്ഥാനത്തിന്റെ മാലിന്യ സംസ്‌കരണ ചരിത്രത്തില്‍ പുതിയൊരേടാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ഏഴ് വര്‍ഷം മുമ്പ് ഈ പദ്ധതിക്ക് രൂപം നല്‍കിയിരുന്നെങ്കിലും മാലിന്യ പ്രശ്‌നം മുന്‍ നിര്‍ത്തി സജീവമായി നടപ്പാക്കാന്‍ തീരുമാനിച്ചത് ഇപ്പോഴാണ്. ടാറിംഗിനുള്ള ഒരു കിലോഗ്രാം പ്ലാസ്റ്റിക് തരികള്‍ ഉത്പാദിപ്പിക്കുന്നതിന് ആയിരം പ്ലാസ്റ്റിക് കവറുകള്‍ വേണം. പ്രതിദിനം 300 കിലോഗ്രാം തരികള്‍ വരെ ഒരു യൂനിറ്റില്‍ ഉത്പാദിപ്പിക്കാനാകും. വാളയാറിലെ മലബാര്‍ സിമന്റ്‌സ് ഫാക്ടറിയില്‍ ഇന്ധനാവശ്യത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നതു കൂടിയാകുമ്പോള്‍ അധികം വൈകാതെ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. പാലച്ചുവട് – നിലംപതിഞ്ഞിമുകള്‍ റോഡാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ കൈവശമുള്ള റോഡുകളുടെ ടാറിംഗിനാണ് പ്ലാസ്റ്റിക് പ്രയോജനപ്പെടുത്തുക. നിലവില്‍ 15 നഗരസഭകളിലാണ് ഷ്രെഡിംഗ് യൂനിറ്റുകളുള്ളത്. മറ്റു നഗരസഭകളിലും ഉടനെ ഇവ നിലവില്‍ വരും. ശുചിത്വ മിഷനാണ് യൂനിറ്റുകള്‍ക്കുള്ള ചെലവ് വഹിക്കുന്നത്. യൂനിറ്റുകളില്‍ ആറായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും.