പരാജയ കാരണം പാര്‍ട്ടിക്കുള്ളിലെ ഐക്യം തകര്‍ന്നതെന്ന് സോണിയ

Posted on: December 19, 2013 5:23 am | Last updated: December 18, 2013 at 11:24 pm

ന്യൂഡല്‍ഹി: പാര്‍ട്ടിക്കുള്ളിലെ അച്ചടക്കവും ഐക്യവും തകര്‍ന്നതാണ് അടുത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങാന്‍ ഇടയാക്കിയതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി. പാര്‍ട്ടി പ്രവര്‍ത്തകരോട് നിരാശരാകരുതെന്ന് ഉണണര്‍ത്തിയ അവര്‍, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ഓര്‍മപ്പെടുത്തി. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.
നിരവധി കാരണങ്ങള്‍ പരാജയത്തിന് പിന്നിലുണ്ട്. കോണ്‍ഗ്രസിന്റെ നേട്ടങ്ങളും പദ്ധതികളും പ്രവര്‍ത്തനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ട്ടി വിജയിച്ചില്ല. ജനങ്ങളുടെ ആഗ്രഹങ്ങള്‍ കോണ്‍ഗ്രസിലൂടെ പൂര്‍ത്തിയാകില്ലെന്ന സമൂഹം ധരിച്ചിരിക്കുകയാണ്. ഭിന്നിപ്പിക്കുന്ന നയത്തെയാണ് എതിര്‍ പാര്‍ട്ടികള്‍ മുന്നോട്ടുവെക്കുന്നത്. ഇത് നമ്മുടെ മതേതരത്വ സ്വഭാവത്തെ പരിഹസിക്കുന്നതാണ്. നമ്മുടെ രാജ്യത്തെ ആധുനികവത്കരിക്കുന്നതില്‍ ഇത്തരം ആശയങ്ങള്‍ തടസ്സം സൃഷ്ടിക്കുമെന്നും ബി ജെ പിയുടെ പേര് പറയാതെ സോണിയ ചൂണ്ടിക്കാട്ടി.
‘കോണ്‍ഗ്രസ് പാര്‍ട്ടി നിരവധി ജയങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ജയമാണെങ്കിലും പരാജയമാണെങ്കിലും കഴിവിന്റെ പരമാവധി ജനങ്ങളെ സേവിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് ഓര്‍ക്കണമെ’ന്നും സോണിയാ ഗാന്ധി പറഞ്ഞു.

ALSO READ  ആറ് മാസത്തിനകം പുതിയ പ്രസിഡന്റ്; അതുവരെ ഇടക്കാല അധ്യക്ഷയായി സോണിയ തുടരും