ശൈഖ് നഹ്‌യാനും യൂസുഫലിക്കും ഡോക്ടറേറ്റ്‌

Posted on: December 18, 2013 11:14 pm | Last updated: December 18, 2013 at 11:14 pm

dddഅബൂദബി: യു എ ഇ യുവജന, സാംസ്‌കാരിക സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്‌യാനും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം ഡി യുമായ എം എ യൂസഫലിക്കും ഓണററി ഡോക്ടറേറ്റ്. ഇന്ത്യയിലെ പ്രശസ്ത സര്‍വകലാശാലയായ അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ ആണ് ഡോക്ടറേറ്റ് നല്‍കിയത്. യു എ ഇ യിലെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ശൈഖ് നഹ്‌യാന് ഡോക്ടറേറ്റ് നല്‍കുന്നത്. ഗള്‍ഫിലെ മൊത്ത വ്യാപാര, വാണിജ്യ മേഖലകളിലെ പുരോഗതിക്കായി യൂസുഫലി നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്.
26,000 മലയാളികളടക്കം 35,000 ഓളം പേര്‍ക്ക് തന്റെ സ്ഥാപനത്തിലൂടെ യൂസുഫലി തൊഴില്‍ നല്‍കുന്നുണ്ട്. വ്യാണിജ്യ വ്യവസായ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഗള്‍ഫിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമാണ് അദ്ദേഹം. അബൂദബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍പേട്രണ്‍ ഗവര്‍ണര്‍, അബൂദബി ഇന്ത്യന്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍, അബൂദബി മലയാളി സമാജം, കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ എന്നീ സംഘടനകളുടെ പേട്രണ്‍, അബൂദബി ഹിന്ദു ശ്മശാന കമ്മറ്റിയുടെ ഉപ രക്ഷാധികാരി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിക്കുന്നു. എസ് എന്‍ ഡി പി യുടെ നേതൃത്വത്തിലുള്ള സേവനം യു എ ഇ യുടെ കമാന്‍ഡര്‍, ക്രിസ്തീയ സഭകളുടെ കമാന്‍ഡര്‍ എന്നീ പദവികളും യൂസുഫലിക്ക് ലഭിച്ചിട്ടുണ്ട്. 2014 ഫെബ്രുവരി 27ന് അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ ഡോക്ടറേറ്റ് സമ്മാനിക്കുമെന്ന് സമീറുദ്ദീന്‍ ഷാ അറിയിച്ചു.