തിലകന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

Posted on: December 18, 2013 7:00 pm | Last updated: December 18, 2013 at 7:11 pm

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോ. ഭരണസമിതി കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ തിലകന്‍ എസ് പുല്ലാനിയുടെ മൃതദേഹം ഇന്ന് (ബുധന്‍) രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം ഷാര്‍ജയില്‍ പോലീസ് മോര്‍ച്ചറിയിലാണ്.
സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഇക്കഴിഞ്ഞ ദിവസം ഫഌറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഷാര്‍ജയില്‍ ലേബര്‍ സപ്ലൈ കമ്പനി നടത്തിവരികയായിരുന്നു തിലകന്‍. ഒരു വര്‍ഷം മുമ്പ് ഭാര്യ ലീന മരിച്ചത്, ആഘാതമായി. ഇതുകാരണം കമ്പനിയുടെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാത്തതാണ് കടബാധ്യതക്കു കാരണമായി വിലയിരുത്തപ്പെടുന്നതെന്ന് സുഹൃത്ത് മനാഫ് പറഞ്ഞു.
കമ്പനിയിലെ തൊഴിലാളികള്‍ക്ക് നാല് മാസത്തോളമായി ശമ്പളം നല്‍കാന്‍ കഴിഞ്ഞില്ല. അതിനു മുമ്പ് ശമ്പളം നല്‍കിയത് കടം വാങ്ങിയിട്ടാണത്രെ. കമ്പനിയില്‍ 80 ഓളം തൊഴിലാളികളുണ്ട്.
നാട്ടിലെ സ്വത്ത് വിറ്റ് കടബാധ്യത തീര്‍ക്കാമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ മക്കളായ ചിന്തുവിനെയും ഉണ്ണിയെയും നാട്ടിലേക്കയച്ചു. ആത്മഹത്യ ചെയ്ത ദിവസം രാവിലെ തിലകന് ലഭിച്ച വിവരമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സ്വത്ത് വാങ്ങാന്‍ സമ്മതിച്ചയാള്‍ പിന്മാറിയതാണത്രെ കാരണം. ഷാര്‍ജ ഒ ഐ സി സി സീനിയര്‍ വൈസ് പ്രസിഡന്റും സേവനം അംഗവുമാണ് തിലകന്‍. 18 വര്‍ഷത്തോളമായി ലേബര്‍ സപ്ലൈ കമ്പനി നടത്തിവരുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിച്ച കമ്പനിയായിരുന്നു. കമ്പനിയുടെ നടത്തിപ്പ് തിലകന്റെ മക്കളെ ഏല്‍പ്പിക്കാന്‍ സ്‌പോണ്‍സര്‍ നിര്‍ദേശിച്ചിട്ടുണ്ടത്രെ. തിലകന്റെ ആത്മഹത്യ ഒ ഐ സി സി പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.