ലോക്പാല്‍ ബില്‍ ലോക്‌സഭയും പാസാക്കി

Posted on: December 18, 2013 1:03 pm | Last updated: December 19, 2013 at 9:08 am

lok-sabha

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ ലോക്‌സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. സമാജ് വാദിപാര്‍ട്ടി, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു. ഇന്നലെ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു. നിയമമന്ത്രി കബില്‍ സിബലാണ് ബില്‍ അവതരിപ്പിച്ചത്.

ചരിത്രപരമായ നിയോഗമാണിതെന്നും ബില്‍ പാസാക്കാന്‍ എം പിമാര്‍ ഒന്നിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ അഴിമതി തടയാന്‍ ലോക്പാല്‍ ബില്ലുകൊണ്ട് മാത്രം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ എതിര്‍ത്തുകൊണ്ട് മുലായം സിംഗ് യാദവ് സംസാരിച്ചു. തുടര്‍ന്ന് എസ് പി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ബില്‍ ലോക്‌സഭയും പാസാക്കിയതോടെ അണ്ണാ ഹസാരെയുടെ നിരാഹാര പന്തലില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടക്കുകയാണ്. രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ലോക്പാല്‍ നിയമമാകും.