Connect with us

National

ഉദ്യോഗസ്ഥന്‍മാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാറിന്റെ അനുമതി വേണ്ട: കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കോടതിയുടെ മേല്‍നോട്ടത്തിലുള്ള അഴിമതി കേസുകളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണാ നടപടികള്‍ സ്വീകരിക്കാന്‍ സി ബി ഐക്ക് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം ആവശ്യമില്ലെന്ന് സുപ്രീം കോടതി. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സര്‍ക്കാറിന്റെ അനുമതി കാത്തുനില്‍ക്കാതെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാനുള്ള സി ബി ഐയുടെ തീരുമാനത്തിന് ശക്തി പകരുതുന്നതാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ആര്‍ എം ലോധ നേതൃത്വം നല്‍കിയ മൂന്നംഗ ബഞ്ചിന്റെതാണ് ഉത്തരവ്.
മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിചാരണാ നടപടികള്‍ക്ക് വിധേയരാക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വേണമെന്ന നിയമം കോടതി മേല്‍നോട്ടത്തിലുള്ള കേസില്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റി (ഡി എസ് പി ഇ)ന്റെ 6എ വകുപ്പ് പ്രകാരം, കോടതി മേല്‍നോട്ടത്തിലുള്ള അഴിമതി നിരോധ നിയമം അനുസരിച്ചുള്ള കേസുകള്‍ക്ക് അനുമതി വേണ്ടതില്ല. ഉത്തരവില്‍ പറയുന്നു.
എല്ലാ അഴിമതി കേസുകളിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി അനിവാര്യമാണെന്നതില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ തവണ ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കല്‍ മാറ്റിവെക്കുകയായിരുന്നു. ഇത്തരം വ്യവസ്ഥകള്‍ കോടതി മേല്‍നോട്ടത്തിലുള്ള കേസുകളില്‍ ജുഡീഷ്യല്‍ അധികാരത്തിന് ഭംഗം വരുത്തുമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഇത്തരം “പീഡനങ്ങളില്‍” നിന്ന് സംരക്ഷിക്കുന്നതിന്, ഡി എസ് പി ഇയുടെ 6എ വകുപ്പ് അനുസരിച്ച് ജോയിന്റ് സെക്രട്ടറി റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് ഉത്തരവാദപ്പെട്ട അധികാരികളില്‍ നിന്ന് സമ്മതം വേണമെന്ന കേന്ദ്രത്തിന്റെ നിലപാട് സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ അധികാരത്തെ ദുരുപയോഗം ചെയ്തുവെന്ന നേരിയ സംശയം ഉള്ളതിനാലാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുകയെന്ന ദൗത്യം കോടതി ഏറ്റെടുക്കുന്നതെന്നും ബഞ്ച് വ്യക്തമാക്കിയിരുന്നു.
കോടതി മേല്‍നോട്ടത്തിലുള്ള കേസുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് സര്‍ക്കാറിന്റെ അനുമതി ആവശ്യമില്ലെന്ന് സി ബി ഐ അഭിഭാഷകന്‍ അമരീന്ദ്ര ചരണ്‍ വാദിച്ചു. സ്വകാര്യ സന്നദ്ധ സംഘടനക്കും പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ച അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശര്‍മക്കും വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണും ഇതേ വാദം ആവര്‍ത്തിച്ചു.