സാംസ്‌കാരിക ലോകത്തിന് അറബി ഭാഷ നല്‍കിയത്‌

Posted on: December 18, 2013 6:00 am | Last updated: December 18, 2013 at 7:53 am

ARABIC DAY

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ലോകസംസ്‌കാരത്തിനും നാഗരികതക്കും സുപ്രധാന സംഭാവനകള്‍ നല്‍കിയ ശാസ്ത്ര സാഹിത്യ സമ്പത്തുള്ള ഭാഷയാണ് അറബി. പ്രവാചകനായ നൂഹ്(അ)മിന്റെ പുത്രനായ സാമിന്റെ സന്താനപരമ്പരയായ സെമിറ്റിക് വംശത്തിന്റെ സംസാരഭാഷയായ സെമിറ്റിക്കില്‍ നിന്നാണ് അറബിയുടെ ഉത്പത്തി. മറ്റെല്ലാ സെമിറ്റിക് ഭാഷകളും മൃതഭാഷകളാകുകയോ നാമമാത്രമാകുകയോ ചെയ്തപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ജീവല്‍ഭാഷയായി അറബി അവശേഷിക്കാന്‍ പ്രധാന കാരണം, അത് വിശുദ്ധ ഖുര്‍ആനിന്റെയും തിരുനബി(സ)യുടെയും ഭാഷയായി എന്നതാണ്. പൗരാണികത, ആധുനികത, സമ്പന്നത, സജീവത തുടങ്ങിയ നാല് സവിശേഷതകള്‍ കൊണ്ട് അറബി മറ്റു ഭാഷകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. പ്രവാചകന് മുമ്പ് തന്നെ അറബികള്‍ അന്നറിയപ്പെട്ടിരുന്ന മനുഷ്യാധിവാസ കേന്ദ്രങ്ങളിലെല്ലാം വ്യാപാരാവശ്യാര്‍ഥം സഞ്ചരിച്ചിരുന്നു. ലോകത്തിലെ മിക്ക ഭാഷകളിലും അറബി പദങ്ങള്‍ സ്വാധീനം ചെലുത്തിയതിന്റെ പ്രധാനപ്പെട്ട ഒരു കാരണം ഇത്തരം വാണിജ്യ ബന്ധമാണ്.
ഇസ്‌ലാമിന്റെ സന്ദേശവുമായി അറബികള്‍ ചെന്നെത്തിയ സ്ഥലങ്ങളിലെല്ലാം നേരത്തെ നിലവിലിരുന്ന ശാസ്ത്രശാഖകള്‍, ഭാഷാ സാഹിത്യങ്ങള്‍, കലകള്‍, തത്വ ചിന്തകള്‍ തുടങ്ങിയ വിവിധ വിജ്ഞാന ശാഖകളുമായി അറബി ഭാഷ താദാത്മ്യം പ്രാപിക്കുകയും അവയിലെ ഉത്തമ ഘടകങ്ങളെ സ്വാംശീകരിക്കുകയും പകരം സ്വന്തം വൈജ്ഞാനിക സാംസ്‌കാരിക മൂല്യങ്ങളെ അവയിലേക്ക് നിവേശിപ്പിക്കുകയും ചെയ്തുകൊണ്ട് ലോക വിജ്ഞാന സമ്പത്തുക്കളെയും നാഗരികതയെയും സംപുഷ്ടമാക്കിയ ഒരു മാധ്യമവും അറബിയെപ്പോലില്ല.

അറബി ഭാഷ ലോകത്തിലെ വിവിധ ഭാഷകളിലും അവയുടെ സാഹിത്യങ്ങളിലും ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ നിത്യവ്യവഹാരത്തില്‍ അനേകം അറബി പദങ്ങള്‍ ചിരസ്ഥായിത്വം നേടിയതായി കാണാം. മലയാള ഭാഷയെ അറബി പരിപോഷിപ്പിച്ചതായി കാണാന്‍ കഴിയും. ബി സി 1000നു മുമ്പ് തന്നെ അറബികള്‍ കോഴിക്കോട്ട് താമസിച്ചിരുന്നു. കേരളത്തിലെ സുഗന്ധ ദ്രവ്യങ്ങളും വാളും മറ്റും അറബിക്കവിതകളില്‍ സ്ഥലം പിടിച്ചത് ഇതിന് വ്യക്തമായ തെളിവാണ്. നബിയുടെ പ്രബോധന ആവിര്‍ഭാവത്തോടെ അറേബ്യയുമായുള്ള കേരളത്തിന്റെ ബന്ധം സുദൃഢമായി. മലയാള ഭാഷയില്‍ സുലഭമായി കാണുന്ന അറബി പദങ്ങള്‍ അറബി തന്നെയാണോ എന്ന് സംശയം ജനിപ്പിക്കത്തക്ക രീതിയില്‍ മലയാള ഭാഷയുമായി അവ പൂര്‍ണമായും ചേര്‍ന്നു കഴിഞ്ഞുവെന്ന് ഏതാനും ഉദാഹണങ്ങളില്‍ നിന്ന് വ്യക്തമാണ്. അസ്‌ല്, കാലി, ബദല്, ബാക്കി, റദ്ദ്, വിട(വിദാഅ്), വകീല്‍, വക്കാലത്ത്, മുന്‍സിഫ്, മഹസ്സര്‍ (മഹഌ), താകീത്(തഅ്കീദ്) താരഫ്(തഅ്‌രീഫ്), നക്കല്‍, തര്‍ജമ, വസൂല്‍, കത്ത്, ആപത്ത്, കരാര്‍(കറാര്‍), നികുതി(നഖ്ദ), താലൂക്ക്(തഅല്ലുക്), ഇന്‍ക്വിലാബ്(ഇന്‍ഖിലാബ്), മരാമത്ത്(മറാമത്ത്), മുക്തിയാര്‍(മുഖ്താര്‍), ഇനാം (ഇന്‍ആം), ഖജനാവ്(ഖസാന), ചക്കാത്ത്(സകാത്ത്),തഹ്‌സീല്‍ദാര്‍, അമീന്‍, പിഞ്ഞാണം(ഫിര്‍ജാന്‍), സാന്‍(സ്വഹനുന്‍), കര്‍പ്പൂരം(കാഫൂന്‍), കീസ്, മുന്‍ഷി(മുന്‍ഷിഅ്), ഹരജി(അര്‍ളിയ്), ഹാജര്‍(ഹാളിര്‍) തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്.

തുര്‍ക്കി, അല്‍ബാനി, ഫാര്‍സി, ആഫ്രിക്കന്‍ ഭാഷകളിലും ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനീഷ്, പോര്‍ത്തുഗീസ്, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്‌കാന്‍ഡിനേവിയന്‍, പോളിഷ്, ഡച്ച് തുടങ്ങിയ യൂറോപ്യന്‍ ഭാഷകളിലും അറബി ഭാഷാ സ്വാധീനം നേടിയതിന്റെ കാരണം പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയിലെ സെമിറ്റിക് ഭാഷ വിഭാഗങ്ങളുടെ മേധാവിയും ഓറിയന്റലിസ്റ്റുമായ പ്രൊഫ. ഫിലിപ് കെ ഹിറ്റി അദ്ദേഹത്തിന്റെ വിശ്രുതമായ THE ARABS എന്ന ചരിത്ര ഗന്ഥത്തില്‍ രേഖപ്പെടുത്തുന്നത് കാണുക:
””For many centuries in the middle ages it was the lanuguage of learning culture and progressive thought through out the civilized world. Between the 9th and 12th centuries more works Philosophical, Medical, Historical, Religious, Astronomical and Geographical were produced through the medium of Arabic than through any other tongue. The Vocabularies of European languages still Fear the marks of its influence”
”മധ്യകാലഘട്ടത്തില്‍ വളരെ നൂറ്റാണ്ടുകളോളം അറബി ഭാഷ പരിഷ്‌കൃത രാജ്യങ്ങളില്‍ വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും പുരോഗമന ചിന്തകളുടെയും ഭാഷയായിരുന്നു. ഒന്‍പതും 12ഉം നൂറ്റാണ്ടുകള്‍ക്കിടയില്‍ തത്വശാസ്ത്രം, വൈദ്യശാസ്ത്രം, ചരിത്രം, മതം, ഗോളശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിജഞാനങ്ങളുടെ വിവിധ ശാഖകളിലുള്ള വളരെയധികം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത് അറബി ഭാഷയിലായിരുന്നു. അക്കാരണത്താല്‍ യൂറോപ്യന്‍ ഭാഷകളില്‍ അറബി ഭാഷാ പദങ്ങളുടെ സാന്നിധ്യം ഇപ്പോഴും നിലനില്‍ക്കുന്നു.”
‘ടെയിലര്‍’ എന്ന ബഹുഭാഷാ പണ്ഡിതന്റെ ഇംഗ്ലീഷിലെ അറബി പദങ്ങളെക്കുറിച്ചുള്ള പഠനമായ ARABIC WORDS IN ENGLISH എന്ന ഗ്രന്ഥത്തില്‍ ആയിരത്തിലധികം വാക്കുകള്‍ അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് കടന്നുവന്നുവെന്ന് സമര്‍ഥിക്കുന്നു. അതില്‍ നിന്നുള്ള ഏതാനും ഉദാഹരണങ്ങള്‍ പരിശോധിക്കാം.
അറബിയിലെ ‘മഗ്‌സന്‍'(സൂക്ഷിക്കുന്ന സ്ഥലം) എന്ന സ്ഥലസൂചക നാമം(ഇസ്മു മകാന്‍)ഇംഗ്ലീഷിലെ Magazine ( മാഗസിന്‍) ആയി. സാധാരണ വായക്കാര്‍ക്ക് വേണ്ടി സാഹിത്യ വിഭവങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം എന്നര്‍ഥം. വാഹനങ്ങളെ വേര്‍തിരിച്ചു നിര്‍ത്തുന്ന Traffic എന്ന പദം അറബിയിലെ ‘തഫ്‌രീഖ്’ ആണ്. ഒന്‍പതാം നൂറ്റാണ്ടില്‍ അബു ജഅ് ഫര്‍ മുഹമ്മദുബ്‌നു മൂസ എന്ന ഗണിത ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ച ‘അല്‍ ജബര്‍ വല്‍ മുഖാബല’ എന്ന പ്രയോഗത്തില്‍ നിന്നാണ് ബീജഗണിതത്തിനുള്ള വാക്കായ ‘ആല്‍ജിബ്ര’ രൂപം കൊണ്ടത്. അക്കങ്ങളോ അതുപോലുള്ള പ്രതീകങ്ങളോ ‘ജബര്‍’ അഥവാ ബ്രാക്കറ്റുകള്‍ക്കുള്ളില്‍ വെക്കുക എന്ന അര്‍ഥത്തില്‍.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞനായിരുന്ന റോബര്‍ട്ട് ചെസര്‍ ഗണിത ശാസ്ത്രത്തിലെ ഒരു ശാഖയായ ട്രിഗ്‌ണൊമെട്രിയില്‍ ഉപയോഗിച്ച Sinus എന്ന വാക്ക് അറബിയിലെ പോക്കറ്റിന് ഉപയോഗിക്കുന്ന ജയ്ബ് എന്ന വാക്കില്‍ നിന്നെടുത്തതാണെന്ന് പ്രൊഫ. ഹിറ്റി സമര്‍ഥിക്കുന്നു.
അറബിയിലെ പൂജ്യത്തിനുള്ള വാക്കായ ‘സിഫ്‌റി’ല്‍ നിന്നാണ് ഗണിതശാസ്ത്രത്തിലെ സൈഫര്‍(Cipher) അല്ലെങ്കില്‍ Zero വന്നത്. ഗോളശാസ്ത്രത്തിലെ നക്ഷത്രങ്ങള്‍ക്കുള്ള മുഴുവന്‍ പേരുകളും അറബി വാക്കുകളാണെന്നാണ് ഹിറ്റി തന്നെ Etymology (പദോത്പത്തി ശാസ്ത്രം) കൊണ്ട് സ്ഥാപിക്കുന്നത്. ഉദാഹരണം: Acrab(തേള്‍), Al Gesi (കോലാടിന്‍ കുട്ടി), Al Tair(അത്വാഇര്‍- പറവ), Deneb (ദനബുന്‍- വാല്), Pherkad (ഫര്‍ഖദ്- പശുക്കുട്ടി)
രസതന്ത്ര ശാസ്ത്രത്തിലെ വളരെയേറെ സാങ്കേതിക പദങ്ങള്‍ അറബിയാണ്. രസതന്ത്രം(Chemistry) എന്ന വാക്ക് പോലും അറബിയിലെ കീമിയാഇല്‍ നിന്ന് രൂപപ്പെട്ടതാണെന്ന് മാത്യു കുഴിവേലിയുടെ മലയാളം സര്‍വവിജ്ഞാന ശാസ്ത്രത്തില്‍ പദോത്പത്തി ശാസ്ത്രം വിശദീകരിച്ചുകൊണ്ട് തെളിയിക്കുന്നു.
സുര്‍മ എന്ന അര്‍ഥത്തിലുള്ള ‘അല്‍ കുഹ്ല്‍’ എന്ന വാക്കില്‍ നിന്നാണ് രസതന്ത്രത്തിലെ ആല്‍ക്കഹോള്‍ (Alcohol) എന്ന പ്രയോഗം ഉണ്ടായത്. കണ്ണെഴുതാന്‍ ഉപയോഗിക്കുന്ന വളരെ നേര്‍ത്ത പൊടി ഒരു ലഹരി സാധനത്തിന്റെ പേരായി. വാറ്റ് പാത്രത്തിനുള്ള Alembic അറബിയിലെ അല്‍ ഇന്‍ബിഖ് ആണ്. ചുണ്ണാമ്പിന്റെ വാക്കായ Al Khali അറബിയിലെ അല്‍ ഖലിയും സോഡ അറബിയിലെ സുദാഅ്(തലവേദന)യുമാണ്.
ഔഷധ നിര്‍മാണ ശാസ്ത്രത്തിലെ സാന്ദ്രീകൃതൗഷധമായ Syrup (സിറപ്പ്) അറബിയിലെ ശിറാബ് (‘ശരിബ’ എന്ന ക്രിയയില്‍ നിന്നുള്ള) എന്ന വാക്കില്‍ നിന്നും ഔഷധ വാഹകമായ മധുരപാനീയമായ Julep (റോഡ് വാട്ടര്‍) അറബിയിലെ ജിലാബുമാണ്. മയിലാഞ്ചിക്കുള്ള അറബി ഹന്നാഇല്‍ നിന്ന് ഇംഗ്ലീഷിലെ Hennaയും സഅ്ഫറാനില്‍ നിന്ന് ഇംഗ്ലീഷിലെ Saffron(കുങ്കുമം)ഉം രൂപം കൊണ്ടു.
യൂറോപ്പിലെ വിവിധ ഭാഷകളിലുള്ള നോവല്‍, കഥ, കവിത, തത്വചിന്ത തുടങ്ങിയവയില്‍ അറബി ഭാഷയിലുള്ള രചനകള്‍ എത്രമാത്രം സ്വാധീനം ചെലുത്തിയെന്നും അവക്ക് അറബി ഭാഷയിലുള്ള രചനകളുമായി എത്ര കൃത്യമായ സാമ്യമാണുള്ളതെന്നും പ്രൊ. ഹിറ്റി തന്നെ പറയട്ടെ.
In prose the fables, tales and apologues which began to flourish in Western Europe during the 13th century present unmistakable analogies with earlier Arabic works (History of the Arabs)
1704ല്‍ ഗാലണ്ട് എന്ന സാഹിത്യകാരന്‍ ആദ്യമായി ഫ്രഞ്ച് ഭാഷയിലേക്ക് ഭാഷാന്തരം ചെയ്ത 13-ാം നൂറ്റാണ്ടിലെ അറബി സാഹിത്യ കൃതിയായ ‘അല്‍ഫു ലൈല വ ലൈല’ യൂറോപ്പിലെ തന്നെ സാഹിത്യകാരന്മാരെ എത്രമാത്രം സ്വാധീനിച്ചുവെന്നതും ആധുനിക യൂറോപ്പിലെയും ഏഷ്യയിലെയും ഏറ്റവും ജനപ്രീതി നേടിയ അറബി സാഹിത്യമായി മാറിയെന്നും ഹിറ്റി തന്നെ വ്യക്തമാക്കുന്നു:
First translated into French by Galland the Nights have worked their way into all the principal languages of Modern Europe and Asia and have taken their place as the most popular piece of Arabic literature in the west. (History of the Arabs, Page 465)
മുന്നൂറിലധികം തവണ വിവിധ യൂറോപ്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ആയിരത്തൊന്നു രാവുകള്‍’ അവിടെയുള്ള സാധാരണ അനുവാചകന്മാര്‍ക്ക് മാനസികോല്ലാസവും സാഹിത്യരസവും പകര്‍ന്നുകൊടുത്തു. വിശ്വപ്രസിദ്ധരായ മൂന്ന് സാഹിത്യകാരന്മാരുടെ കൃതികളില്‍ അറബിക്കഥകളുടെ സ്വാധീനം ശക്തമാണ്. ഇറ്റാലിയന്‍ സാഹിത്യകാകന്മാരായ ബൊക്കോഷ്യേയുടെ ‘ഡെക്കാമറണ്‍’ (Decameron) ചോസറുടെ ‘കാന്റര്‍ബറി കഥകള്‍’ (Canterbury Tales) സ്പാനീഷ് സാഹിത്യകാരനായ സെര്‍വാന്റസിന്റെ വിശ്രുത ഹാസ്യാത്മക നോവലായ ‘ഡോണ്‍ കിക്‌സോട്ട്’ (Don Quixote) എന്നിവയാണവ. അറബിക്കഥകളിലും ഡോണ്‍കിക് സോട്ടിലുമുള്ള പ്രമേയങ്ങളുടെ ശക്തമായ സാദൃശ്യം കാരണം ഡോണ്‍കിക് സോട്ടിന്റെ ഒരു അറബി മൂലം ഉണ്ടെന്ന് പോലും തമാശയായി പറയപ്പെടുന്നുണ്ടെന്ന് ഹിറ്റി പറയുന്നു. (Joking claime that the book had an Arabic orginal The Arabs, page 559)
ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അബ്ദുല്ലാഹിബ്‌നു മുഖഫ്ഫഅ് എന്ന സാഹിത്യകാരന്‍ സംസ്‌കൃതത്തിലെ പ്രസിദ്ധമായ ‘പഞ്ചതന്ത്ര കഥകളി’ല്‍ നിന്ന് സ്വതന്ത്രമായ വിവര്‍ത്തനത്തിലൂടെ രചിച്ച ഗ്രന്ഥമാണ് ‘കലീല വ ദിംന’. അറബിയില്‍ ഇത് ഭാഷാന്തരം ചെയ്യപ്പെട്ടതുകൊണ്ടാണ് അങ്ങനെയൊരു കൃതിയെക്കുറിച്ച് ലോകം അറിഞ്ഞതു തന്നെ. എ ഡി പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഈ കൃതി ആദ്യമായി സ്പാനിഷ് ഭാഷയിലേക്കും തുടര്‍ന്ന് മറ്റു യൂറോപ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. 16-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് സാഹിത്യകാരനായ ലഫോണ്ടയിലിന്റെ ചില കഥകളുടെ അടിസ്ഥാനം ‘കലീല വ ദിംന’യാണെന്ന് ഹറ്റി അഭിപ്രായപ്പെടുന്നു.
(തുടരും)