ഹോളി ഖുര്‍ആന്‍ കെട്ടിടം ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു

Posted on: December 17, 2013 10:10 pm | Last updated: December 17, 2013 at 10:10 pm

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഹോളി ഖുര്‍ആന്‍ കെട്ടിടം സന്ദര്‍ശിച്ചു.
മംസാറിലെ ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്(ഡി ഐ എച്ച് ക്യൂ എ) ഹെഡ്ക്വാട്ടേഴ്‌സിലെ പുതിയ കെട്ടിടത്തിലാണ് സന്ദര്‍ശനം നടത്തിയത്. ഫെഡറല്‍ നാഷണല്‍ കോര്‍ട്ട് സ്പീക്കര്‍ മുഹമ്മദ് അഹമ്മദ് അല്‍ മുര്‍, ജുമാ അല്‍ മാജിദ് സെന്റര്‍ ചെയര്‍മാന്‍ ജുമാ അല്‍ മാജിദ്, ശൈഖ് മുഹമ്മദിന്റെ കള്‍ച്ചറല്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് ഉപദേശകനും ഡി ഐ എച്ച് ക്യൂ എ ബോര്‍ഡ് മെംമ്പര്‍ ചെയര്‍മാനുമായ ഇബ്രാഹിം ബുമില്‍ഹ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ശൈഖ് മുഹമ്മദിനെ സ്വീകരിച്ചു.
ആറു കോടി ദിര്‍ഹമാണ് കെട്ടിടത്തിനായി ശൈഖ് മുഹമ്മദ് സംഭാവന നല്‍കിയത്. പ്രവാചകര്‍ മുഹമ്മദ് (സ) യുടെ തിരുശേഷിപ്പ്, ശൈഖ് ഖലീഫ ബിന്‍ സായിദ് മുശ്‌റഫ് വിഭാഗത്തിലെ ആഭരണങ്ങള്‍, പുരാതന ഖുര്‍ആന്‍ കൈയെഴുത്തു പ്രതികള്‍ ഉള്‍പ്പെടെയുള്ളവയും ശൈഖ് മുഹമ്മദ് നോക്കി കണ്ടു.