യു എ ഇയില്‍ നിന്ന് പണമയക്കല്‍ വര്‍ധിക്കും; ഇന്ത്യയില്‍ നിന്ന് ധാരാളം പേര്‍ എത്തും

Posted on: December 17, 2013 10:07 pm | Last updated: December 17, 2013 at 10:07 pm

ദുബൈ: അടുത്ത രണ്ടു വര്‍ഷത്തിനകം യു എ ഇയില്‍ നിന്ന് പണം അയക്കുന്നതില്‍ ഏഴ് മുതല്‍ എട്ട് ശതമാനം വര്‍ധനവുണ്ടാകുമെന്ന് എച്ച് എസ് ബി സി മിഡില്‍ ഈസ്റ്റ് മേഖലാ മേധാവി ഗിഫോര്‍ഡ് നകാജിമ അറിയിച്ചു. ധാരാളം വിദേശികളെ യു എ ഇ ആകര്‍ഷിക്കുന്നതും സ്വകാര്യ മേഖല വന്‍ വളര്‍ച്ച നേരിടുന്നതുകാരണവുമാണ് ഇതിനു കാരണമാവുക.
ഈ വര്‍ഷം ആഗോളതലത്തില്‍ 55,000 കോടി ഡോളറാണ് പണമയക്കല്‍. 2016 ഓടെ 70,000 കോടി ഡോളറായി വര്‍ധിക്കും. വാണിജ്യ മേഖല വന്‍ കുതിപ്പിലേക്കാണ് നീങ്ങുന്നത്. അതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ കാണാനുണ്ട്. എണ്ണയിതര വരുമാനം 4.5 ശതമാനം വര്‍ധിക്കും. തൊഴിസവസരങ്ങളും വര്‍ധിക്കും.
വേള്‍ഡ് എക്‌സ്‌പോ 2020 ദുബൈക്ക് ലഭിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ ജീവിതോപാധി തേടി യു എ ഇയിലെത്തും. 2013നും 2021നും ഇടയില്‍ രണ്ടു ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് 2,600 കോടി ദിര്‍ഹമാണ് ചെലവ് ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തുക. ഇപ്പോള്‍ തന്നെ ഇന്ത്യക്കാരും ചൈനക്കാരും ആസൂത്രണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും വിദേശ പണം എത്തുന്ന രണ്ടു രാജ്യങ്ങളാണവ-ഗിഫോര്‍ഡ് നകാജിമ പറഞ്ഞു.