Connect with us

Eranakulam

നവീകരണത്തിന് ചെലവാക്കുന്നത്് ശതകോടികള്‍; എന്നിട്ടും കോടതികളില്‍ നിന്ന് നീതി വൈകുന്നു

Published

|

Last Updated

കൊച്ചി: ഇന്ത്യയിലെ വിവിധ കോടതികളില്‍ മൂന്ന് കോടിയോളം കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇതിന് പരിഹാരം കാണുന്നതിനുള്ള ഇ കോര്‍ട്ട് പ്രോജക്ടിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ച കോടികള്‍ നീതിന്യായ സംവിധാനത്തിന്റെ സഹജമായ ദൗര്‍ബല്യങ്ങള്‍ മൂലം വൃഥാവിലാകുന്നു.
2004 മുതല്‍ ഇതുവരെ 597 കോടിയോളം രൂപയാണ് ഇ കോര്‍ട്ട്‌സ് മിഷന്‍ മോഡ് പ്രോജക്ടിന് വേണ്ടി നിയമകാര്യമന്ത്രാലയം നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന് കൈമാറിയിട്ടുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 15.9 കോടി ലാപ്‌സാകുകയും 8.8 കോടി രൂപ ബാക്കിവരികയും ചെയ്തതൊഴിച്ചാല്‍ 574.18 കോടിയും ചെലവഴിക്കപ്പെട്ടു. എന്നാല്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വര്‍ഷം തോറും കൂടിക്കൊണ്ടിരിക്കുന്നുവെന്ന് കോടതികളില്‍ നിന്ന് ലഭിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ഇ കോര്‍ട്‌സ് മിഷന് വേണ്ടി ചെലവിട്ട ശതകോടികളുടെ പ്രയോജനം കോടതികളില്‍ നീതിതേടിയെത്തുന്ന പൗരന്‍മാര്‍ക്ക് ലഭിച്ചില്ലെന്നാണിത് കാണിക്കുന്നത്.
2004-05ല്‍ 103.05 കോടി, 2006-07ല്‍ 84 കോടി, 2008-09 ല്‍ 25.90 കോടി, 2009-10 ല്‍ 65 കോടി, 2010-11 ല്‍ 97.50 കോടി, 2011-12 ല്‍ 112.39 കോടി, 2012-13 ല്‍ 83 കോടി, 2013 ഒക്‌ടോബര്‍ വരെ 26 കോടി എന്നിങ്ങനെയാണ് ഇ കോര്‍ട്ട്‌സ് പ്രോജക്ടിന് വേണ്ടി ദേശീയതലത്തില്‍ ചെലവഴിച്ചത്. കേരള ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 2009ല്‍ 1,13,426 ആയിരുന്നുവെങ്കില്‍ 2012 സെപ്തംബറിലെത്തിയപ്പോള്‍ 1,23,122 ആയി. കേരളത്തിലെ കീഴ്‌ക്കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 2009 ല്‍ 9,98,503 ആയിരുന്നുവെങ്കില്‍ 2012ലെത്തിയപ്പോള്‍ അത് 11,41,026 ആയി ഉയര്‍ന്നു. മൂന്ന് വര്‍ഷം കൊണ്ട് ഒന്നേ കാല്‍ ലക്ഷം കേസുകളുടെ വര്‍ധന.
ഹൈക്കോടതിയില്‍ 2009 ല്‍ തീര്‍പ്പാക്കപ്പെട്ടത് 78,958 കേസുകളായിരുന്നുവെങ്കില്‍ 2011 ല്‍ തീര്‍പ്പാക്കിയത് 73,273 കേസുകള്‍. കീഴ്‌ക്കോടതികളില്‍ 2009 ല്‍ 10,82,354 കേസുകള്‍ തീര്‍പ്പാക്കപ്പെട്ടപ്പോള്‍ 2011 ല്‍ തീര്‍പ്പാക്കിയത് 9,92,374 കേസുകള്‍. ഇ കോര്‍ട്‌സ് പദ്ധതിക്കായി കോടികള്‍ ചെലവഴിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴും തീര്‍പ്പാക്കുന്ന കേസുകളുടെ എണ്ണം കൂടുകയല്ല കുറയുകയാണ്. കമ്പ്യൂട്ടറൈസേഷന് വേണ്ടി കേരള ഹൈക്കോടതിയില്‍ 2008-2009ല്‍ 20 ലക്ഷവും 2009- 10ല്‍ 85 ലക്ഷവും ചെലവഴിക്കപ്പെട്ടുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2009ല്‍ ഹൈക്കോടതിക്കുവേണ്ടി ശമ്പളം അടക്കം ഖജാനാവില്‍ നിന്ന് ചെലവാക്കിയത് 37.24 കോടിയായിരുന്നുവെങ്കില്‍ 2011 ല്‍ അത് 44.59 കോടിയായി ഉയര്‍ന്നു. ഏഴ് കോടിയിലധികം രൂപയുടെ വര്‍ധന. എന്നാല്‍ കോടതിയുടെ പ്രകടനത്തില്‍ ആനുപാതിക വര്‍ധനയുണ്ടായില്ലെന്ന് മാത്രമല്ല, കുറയുകയാണ് ചെയ്തത്.
ഇ കോര്‍ട്‌സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ കോടതികളെയും ജയിലുകളെയും ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗിനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയെങ്കിലും ഇതുവരെയും അത് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിന് ലാപ്‌ടോപ്പും ഡാറ്റാബേസും ലഭ്യമാക്കിയെങ്കിലും വലിയൊരു വിഭാഗം ജഡ്ജിമാര്‍ ഇപ്പോഴും കമ്പ്യൂട്ടര്‍ സാക്ഷരത നേടിയിട്ടില്ലാത്തതിനാല്‍ അതും പ്രയോജന രഹിതമായി.
വൈകിക്കിട്ടുന്ന നീതി, നീതി നിഷേധത്തിന് തുല്യമാണെന്നത് നിയമരംഗത്തെ അടിസ്ഥാന തത്വമാണ്. കോടിക്കണക്കിന് പൗരന്‍മാര്‍ക്ക് ഇത്തരത്തില്‍ നീതി നിഷേധിക്കപ്പെടുന്നതിന് പരിഹാരം കാണാനായി ചെലവിട്ട കോടിക്കണക്കിന് രൂപയാണ് ലക്ഷ്യം നേടുന്നതില്‍ സംഭവിച്ച പരാജയം മൂലം പാഴായിപ്പോകുന്നത്.