കടുവാ സെന്‍സസിന് പോയ വനപാലകര്‍ മാവോവാദികളെ കണ്ട് ഓടി രക്ഷപ്പെട്ടു

Posted on: December 17, 2013 12:28 am | Last updated: December 17, 2013 at 12:28 am

നിലമ്പൂര്‍: കടുവാ സെന്‍സസിന് കാട്ടില്‍ പോയ വനം ജീവനക്കാര്‍ മാവോവാദികളെ കണ്ട് ഓടിരക്ഷപ്പെട്ടു. തിങ്കളാഴ്ച സന്ധ്യയോടെ പോത്തുകല്ല് വനമേഖലയിലെ കുമ്പളപ്പാറ ആദിവാസി കോളനിക്കടുത്ത് വെച്ചാണ് മാവോവാദികളെ കണ്ടത്. നിലമ്പൂര്‍ റെയ്ഞ്ചിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ ജീവനക്കാരായ ഫോറസ്റ്റര്‍ സുനില്‍, ഗാര്‍ഡ് സി ചന്ദ്രന്‍ എന്നിവരാണ് കാട്ടില്‍ നിന്ന് ഓടി സമീപത്തെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കെട്ടിടത്തില്‍ അഭയം പ്രാപിച്ചത്. ഇവരെ വനം വകുപ്പിന്റെ വാഹനമെത്തി പുറത്തേക്ക് കൊണ്ടുവരികയായിരുന്നു.
വനമേഖലകളെ കേന്ദ്രീകരിച്ച് നടക്കുന്ന കടുവാ സെന്‍സസിന് തിങ്കളാഴ്ചയാണ് തുടക്കമായത്. രാവിലെ വനമേഖലയില്‍ തിരച്ചില്‍ നടത്തിയതിന് ശേഷം കുമ്പളപ്പാറ ആദിവാസി കോളനിയില്‍ വിശ്രമിക്കാനായിരുന്നു തീരുമാനം.
ഇതനുസരിച്ച് സംഘം ഫോണും തിരിച്ചറിയല്‍ കാര്‍ഡുകളും വസ്ത്രങ്ങളും കിറ്റില്‍ എടുത്ത് വെച്ച് കുളിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് ഏഴ് പേരടങ്ങുന്ന മാവോവാദി സംഘം കോളനിയിലേക്ക് വന്നത്. ഇതോടെ വനപാലക സംഘം ഓടിരക്ഷപ്പെടാന്‍ നോക്കിയെങ്കിലും മാവോവാദികള്‍ തടഞ്ഞു നിര്‍ത്തി. എന്തിനാണ് ഓടുന്നതെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ആരാണെന്നുമെല്ലാം സംഘം വനപാലകരോട് ചോദിച്ചു. തങ്ങള്‍ കാടുകാണാന്‍ വന്നവരാണെന്നും തിരിച്ചുപോകുകയാണെന്നും മറുപടി പറഞ്ഞപ്പോള്‍ വനപാലകരേയും സംഘത്തോടൊപ്പം കൂട്ടുകയായിരുന്നു. ഞങ്ങള്‍ക്ക് കോാളനിക്കാരോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും അവര്‍ക്ക് തമിഴ്അറിയാത്തതിനാല്‍ നിങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണമെന്നും മാവോവാദികള്‍ പറഞ്ഞതായി വനപാലകര്‍ പറഞ്ഞു. ഇതിനിടയില്‍ ഫോറസ്റ്റര്‍ സുനില്‍ ഓടിരക്ഷപ്പെട്ടു. ഗാര്‍ഡ് ചന്ദ്രന്‍ സംഘത്തോടൊപ്പം പോയെങ്കിലും ഫോണും കാര്‍ഡുമടങ്ങിയ കിറ്റ് കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.
ഒരു സ്ത്രീയുള്‍പ്പെടെയുള്ള സംഘത്തെയാണ് വനത്തിനുള്ളില്‍ കണ്ടത്. പട്ടാള വേഷധാരികളുടെ കൈയില്‍ തേക്കുകളുണ്ടായിരുന്നു. യൂണിഫോം ധരിക്കാത്തതിനാലാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഇവര്‍ പറഞ്ഞു.