നമ്മുടെ ഉദ്യോഗസ്ഥരെക്കുറിച്ച് ഹൈക്കോടതി പറഞ്ഞത്

Posted on: December 17, 2013 6:00 am | Last updated: December 17, 2013 at 10:58 am

kerala high court picturesഒരു കേന്ദ്രീയ വിദ്യാലയത്തിലെ ഉദ്യാഗസ്ഥന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയെയും നിരുത്തരവാദത്തെയും കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശമ്പളത്തിന് കൂറ് കാണിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി, മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്ക പരിപാടി നടത്തേണ്ടിവന്നത് ഇതുകൊണ്ടാണെന്നും ജനങ്ങള്‍ക്ക് ഉദ്യോഗസ്ഥ വൃന്ദത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും നിരീക്ഷിച്ചു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് പ്രേരകം ഉദ്യോഗസ്ഥരുടെ കടമ നിര്‍വഹണത്തിലുള്ള വീഴ്ചയാണെന്ന കോടതി നിരീക്ഷണത്തോട് വിയോജിപ്പുണ്ടാകാം. ജനസമ്പര്‍ക്ക പരിപാടി ജനങ്ങളെ കൈയിലെടുക്കാനുള്ള കേവല രാഷ്ട്രീയ തന്ത്രമാണെന്ന് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. ഉദ്യോഗസ്ഥര്‍ പണിയെടുക്കുന്നില്ലെങ്കില്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ചെയ്യേണ്ടത് അവരെ പാട്ടിന് വിട്ട്, പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി ജനസമ്പര്‍ക്ക പരിപാടിക്ക് ഇറങ്ങിത്തിരിക്കുകയല്ല, ഉദ്യോഗസ്ഥരെ കാര്യക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കുകയാണെന്നാണ് കാര്യബോധമുള്ളവര്‍ പറയുക. എന്നാല്‍ ഉദ്യോഗസ്ഥരില്‍ ബഹുഭൂരിഭാഗവും വാങ്ങുന്ന ശമ്പളത്തിന് ജോലി എടുക്കുന്നില്ലെന്നും ഉത്തരവാദിത്വ ബോധം കാണിക്കുന്നില്ലെന്നുമുള്ള കോടതി പരാമര്‍ശത്തില്‍ സമാന്യ ജനത്തിന് രണ്ട് പക്ഷമില്ല. ഒരു തവണയെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങേണ്ടി വന്നവര്‍ക്ക് വിശേഷിച്ചും. എന്ത് നിസ്സാര കാര്യങ്ങള്‍ക്കും അനാവശ്യമായ കാലതാമസം, സാധാരണക്കാരന്റെ നിയമപരമായ അജ്ഞതയെയും അടിയന്തര ആവശ്യങ്ങളെയും ചൂഷണം ചെയ്തു കൈക്കൂലി വാങ്ങുക, ഓഫീസില്‍ എത്താന്‍ വൈകിയാലും നേരത്തെ പോകുന്നതില്‍ വീഴ്ച വരുത്താതിരിക്കുക, അനാവശ്യ സമരങ്ങള്‍ നടത്തുക തുടങ്ങി ജനങ്ങളെയും നാടിനെയും ദ്രോഹിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ജനത്തിന് മിക്കപ്പോഴും അവരില്‍ നിന്ന് അനുഭവപ്പെടാറുള്ളത്.
സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ട രോഗികളെ സൗജന്യമായി ചികിത്സിക്കാനുള്ളതാണെന്നാണ് സങ്കല്‍പം. ഇവിടെ മെച്ചപ്പെട്ട ‘നോട്ട’വും പരിചരണവും ലഭിക്കണമെങ്കില്‍ ഉന്നത ഡോക്ടര്‍മാര്‍ മുതല്‍ പ്യൂണ്‍ വരെയുളളവരെ കാണേണ്ടതു പോലെ കാണണമെന്നത് ഒരു രഹസ്യമല്ല. ഓപ്പറേഷന് നിര്‍ദേശിച്ചാല്‍ തക്ക സമയത്ത് അത് നടക്കണമെങ്കില്‍ ഡോക്ടറുടെ വീട്ടില്‍ ചെന്ന് ചട്ടപ്പടി ഏല്‍പിക്കണം. നഴ്‌സുമാരെ തൃപ്പെടുത്തിയില്ലെങ്കില്‍ അവര്‍ക്ക് രോഗിയ കണ്ട ഭാവമേ ഉണ്ടാകില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൈക്കൂലി അരങ്ങ് തകര്‍ത്തപ്പോള്‍ കഴിഞ്ഞ വര്‍ഷം മുന്‍ എം എല്‍ എ ശിവന്‍കുട്ടി മുന്‍കൈയെടുത്ത് കൈക്കൂലിവിരുദ്ധ സ്‌ക്വാഡിന് രൂപം നല്‍കിയതിന്റെ ഫലമായി നല്ല മാറ്റമുണ്ടായിരുന്നു. എന്നാല്‍ ജീവനക്കാരുടെ ‘തന്ത്രപരമായ’ നീക്കത്തെ തുടര്‍ന്നു സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഏറെ താമസിയാതെ നിലക്കുകയും കൈക്കൂലി സമ്പ്രദായം പൂര്‍വാധികം ശക്തിപ്പെടുകയും ചെയ്തു. അഴിമതി നിര്‍മാര്‍ജനത്തിന് സര്‍ക്കാറിന്റെയോ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് നീക്കത്തെയും പരാജയപ്പെടുത്താന്‍ ജീവനക്കാരും സംഘടനകളും ബഹുമിടുക്കരാണ്.
ബജറ്റവതരണ വേളയിലും മറ്റും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന കണക്കുകള്‍ കാണിക്കുന്നത് റവന്യൂ വരുമാനത്തിന്റെ 85 ശതമാനവും വിനിയോഗിക്കുന്നത് ജനസംഖ്യയുടെ പത്തില്‍ താഴെ മാത്രം വരുന്നു ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും ശമ്പളത്തിനും പെന്‍ഷന്‍ ഉള്‍പ്പെയെയുള്ള ആനുകൂല്യങ്ങള്‍ക്കുമാണെന്നാണ്. ഈയിടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പങ്കാളിത്ത സ്വഭാവത്തിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരമാനിച്ചപ്പോള്‍ അത് പരാജയപ്പെടുത്താന്‍ ജീവനക്കാര്‍ ദിവസങ്ങളോളം പണിമുടക്കുകയുണ്ടായി. ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറിപ്പറ്റിയാല്‍ പിന്നെ തങ്ങളെയും കുടുംബത്തെയും ജീവിതാന്ത്യം വരെ സര്‍ക്കാര്‍ പോറ്റിക്കൊള്ളണമെന്ന അവരുടെ ചിന്താഗതി രാജഭരണ കാലത്തെയാണ് ഓര്‍മിപ്പിക്കുന്നത്. പണ്ട് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പല പേരുകളിലയി ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തിരുന്ന കൊള്ള നികുതികള്‍ വിനിയിഗിച്ചിരുന്നത് അന്നത്തെ സര്‍ക്കാര്‍ ജീവനക്കാരായ പട്ടന്മാരെ തീറ്റിപ്പോറ്റാനും ആയിരക്കണക്കിനു വരുന്ന ബ്രാഹ്മണര്‍ക്ക് ദിവസവും അന്നദാനം നടത്താനും മുറജപം, ഹിരണ്യഗര്‍ഭം, തുലാപുരുഷദാനം തുടങ്ങിയ ചടങ്ങുകളില്‍ ബ്രാഹ്മണരെ തൃപ്തിപ്പെടുത്തുന്നതിനായി സ്വര്‍ണ്ണം ദാനം ചെയ്യാനുമായിരുവെന്ന് കേട്ടിട്ടുണ്ട്. ബ്രാഹ്മണരുടെ സ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ഗുമസ്തന്മാരും രാഷ്ട്രീയ പാര്‍ട്ടികളും വന്നതൊഴിച്ചാല്‍ പഴയ നടപ്പിനും ശീലങ്ങള്‍ക്കും കാര്യമയ മാറ്റമില്ല.
മാന്യമായ ശമ്പളത്തിനും കൈക്കൂലിക്കും പുറമെ പാവപ്പെട്ടവര്‍ക്കവകാശപ്പെട്ട ആനുകൂല്യങ്ങള്‍ അനധികൃതമയി പിടിച്ചു പറ്റുന്നതിലും ഉദ്യോഗസ്ഥരില്‍ പലരും മിടുക്കരാണെന്ന് ദാരിദ്ര്യ രേഖക്ക് താഴെയുള്ള റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹര്‍ കൈവശം വെക്കുന്നതിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലൂടെ വ്യക്തമായതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ വ്യാപകമായി ബി പി എല്‍ റേഷന്‍കാര്‍ഡുകള്‍ സമ്പാദിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അത് തിരിച്ചേല്‍പിക്കണമെന്ന് അന്ത്യശാസന നല്‍കിയപ്പോള്‍ 35,078 ഉദ്യോഗസ്ഥര്‍ ബി പി എല്‍ കാര്‍ഡുകള്‍ തിരിച്ചുനല്‍കിയതായാണ് ഔദ്യോഗിക കണക്ക്. ഇത് സര്‍ക്കാര്‍ വൃത്തങ്ങളെ തന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. 23,400 പേരായിരുന്നു അതുവരെ സര്‍ക്കാര്‍ കണക്കില്‍ ചുളുവില്‍ ബി പി എല്‍ കാര്‍ഡുകള്‍ സമ്പാദിച്ച സര്‍ക്കാര്‍ ജീവനക്കാര്‍.
നാട്ടില്‍ നടക്കുന്ന എല്ലാ തട്ടിപ്പിന്റെലും വെട്ടിപ്പിലും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാണ്. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സരിതയുടെ സൗരോര്‍ജ കുംഭകോണത്തിന് പിന്നില്‍ കളിച്ചത് പ്രധാനമായും ഉദ്യോഗസ്ഥരായിരുന്നല്ലോ. സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ തട്ടിപ്പ് കേസ്. കോഴിക്കട് ജില്ലാ ജയിലില്‍ ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തിലും ഉദ്യോഗസ്ഥരുടെ പങ്ക് വെളിച്ചത്ത് വന്നു. ജയില്‍ പുള്ളികള്‍ക്ക് ഫോണ്‍ എത്തിക്കാനും സംഭവം വിവാദമായതിനെ തുടര്‍ന്ന് ഉന്നതോദ്യോഗസ്ഥര്‍ ജയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ അവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ രായ്ക്കുരാമാനം ഫോണുകള്‍ കടത്താനും ഒത്താശ ചെയ്തു കൊടുത്തത് ഉദ്യാഗസ്ഥരായിരുന്നുവെന്നാണ് ജയില്‍ വകുപ്പ് മേധാവികളുടെ വിലയിരുത്തല്‍. കരിപ്പൂരിലും നെടുമ്പാശ്ശേരിലും നടക്കുന്ന് സ്വര്‍ണക്കടത്ത് അന്വേഷണം നടന്നപ്പോഴും ഉദ്യോഗസ്ഥരുടെ കളി വെളിപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി മാഫിയകള്‍ക്ക് വയല്‍ നികത്താനും മണല്‍ മാഫിയക്ക് നിര്‍ഭയം മണല്‍ കടത്താനും ഒത്താശ ചെയ്യുന്നതും ഉദ്യോഗസ്ഥ ലോബി തന്നെ.
ഉദ്യോഗസ്ഥ വൃന്ദം മൊത്തം ഇങ്ങനെയാണെന്ന് പറയുകയല്ല. നിസ്വാര്‍ഥരും ജനങ്ങളോടും നാടിനോടുമുള്ള കടപ്പാടിനെപ്പറ്റി ബോധമുള്ളവരുമാണ് അവരില്‍ നല്ലൊരു ഭാഗം. എന്നാല്‍ ഒരു വിഭാഗത്തിന്റെ ജനദ്രോഹ നടപടികള്‍ക്ക് മുമ്പില്‍ അവരുടെ സേവന മനസ്ഥിതി ശ്രദ്ധിക്കപ്പടാതെ യും അംഗീകാരം ലഭിക്കാതെ പോകുകയാണ്. കോടതിക്ക് ഉദ്യോഗസ്ഥരെ ശക്തമായ ഭാഷയില്‍ വിമര്‍ശക്കേണ്ടി വന്നതിന്റെ സാഹചര്യവും ഇതാണ്. എന്നാല്‍ നിയമം കൊണ്ട് ഈ പ്രവണത തടയാനാകില്ല. ഇത്തരം നിയമങ്ങള്‍ നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഭരണവൃത്തം തന്നെ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കയാണ്. മാത്രമല്ല, ഈയിടെ ഉത്തര്‍പ്രദേശിലെ ഒരു മന്ത്രി കൈക്കുലിയെ അനുകൂലിച്ചു സംസാരിക്കുക പോലുമുണ്ടായി. യു പിയിലെ പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അമ്മാവനുമായ ശിവ്പാല്‍ സിങ് യാദവാണ് നന്നായി ജോലിയെടുത്താല്‍ കുറച്ചൊക്കെ പൊതുമുതല്‍ കട്ടെടുക്കുന്നതില്‍ തെറ്റില്ലെന്നു ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്. ഇത്തരമൊരു സാഹചര്യത്തില്‍ കോടതികളുടെ ശക്തമയ ഇടപെടുലും ജനങ്ങളുടെ ഉയര്‍ന്ന പ്രതികരണ ശേഷിയും മാത്രമാണ് ഇത്തരം ദുഷ്പ്രവണത ഇല്ലായ്മ ചെയ്യാനുള്ള മര്‍ഗങ്ങള്‍.

ALSO READ  ഉപഭോക്താവാണ് ഇനി രാജാവ്