എസ് വൈ എസ് മീലാദ് ക്യാമ്പയിനിന് അന്തിമ രൂപമായി

Posted on: December 17, 2013 12:07 am | Last updated: December 17, 2013 at 12:07 am

കോഴിക്കോട്: ലോകാനുഗ്രഹി മുഹമ്മദ് നബി (സ)യുടെ ജന്മദിനംകൊണ്ട് ശ്രേഷ്ഠമായ റബീഉല്‍ അവ്വലില്‍ എസ് വൈ എസ് വിപുലമായ മീലാദ് ക്യാമ്പയിന്‍ ആചരിക്കുന്നു.
‘മുത്ത് നബി വിളിക്കുന്നു’ എന്ന തലവാചകത്തില്‍ വിശ്വാസപൂര്‍ണതക്ക് അനിവാര്യമായ പ്രവാചക സ്‌നേഹം സമൂഹ മനസ്സില്‍ കൂടുതല്‍ അങ്കുരിപ്പിക്കുന്നതിനാവശ്യമായ കര്‍മ പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ് അന്തിമ രൂപം നല്‍കി. ജില്ല, സോണ്‍ തലങ്ങളില്‍ നബിദിന റാലിയും മീലാദ് സമ്മേളനങ്ങളും സംഘടിപ്പിക്കും. സോണ്‍ പരിധിയിലെ കവലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്‌പോട്ട് ക്വിസ്സ് ക്യാമ്പയിന്‍, പരിപാടികള്‍ക്ക് പുതുമയാകും. സര്‍ക്കിള്‍, യൂനിറ്റ് ഘടകങ്ങളില്‍ നബി കീര്‍ത്തന സദസ്സുകളും മദ്ഹ് പ്രഭാഷണങ്ങളും അലങ്കാരങ്ങളും നടക്കും. പള്ളികള്‍, മദ്‌റസകള്‍, ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ പന്ത്രണ്ട് വരെ മൗലിദ് സദസ്സുകള്‍ സംഘടിപ്പിക്കും. സംസ്ഥാന തല മീലാദ് സമ്മേളനം ജനുവരി 19ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. കാബിനറ്റില്‍ പൊന്മള അബദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ത്വാഹാ സഖാഫി, പേരോട് അബദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മുഹമ്മദ് പറവൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.