Connect with us

Malappuram

ചേലേമ്പ്ര ലീഗില്‍ ഗ്രൂപ്പിസം മുറുകുന്നു

Published

|

Last Updated

വളളിക്കുന്ന്: ചേലേമ്പ്ര സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനം ഒരു വിഭാഗത്തിന് നഷ്ടമായതോടെ ചേലേമ്പ്ര ലീഗില്‍ പൊട്ടിത്തെറി. മണ്ഡലം നേതൃത്വത്തിനെതിരെ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി നൗശാദലി പരസ്യമായി രംഗത്ത്. ഇതോടെ പഞ്ചായത്ത് ഭരണമടക്കം പ്രതിസന്ധിയില്‍.
കഴിഞ്ഞ ദിവസം നടന്ന ബേങ്ക് തിരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ഥികള്‍ക്കനുകൂലമായി പഞ്ചായത്ത് ലീഗ് പ്രസിഡന്റ് നൗശാദലിയടക്കം ചില നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നതാണ് ഗ്രൂപ്പിസം മുറുകാന്‍ കാരണമായത്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പടലപിണക്കം തുടങ്ങിയിരുന്നു. ഗ്രാമപഞ്ചായത്ത് കെ പി ശാഹിന ഔദ്യോഗിക വിഭാഗമായതിനാല്‍ തങ്ങള്‍ക്ക് നാല് സീറ്റ് വേണമെന്നായിരുന്നു മറുവിഭാഗത്തിന്റെ വാദം. ജില്ലാ കമ്മിറ്റി ഇടപെട്ട് ഈ വാദം അംഗീകരിച്ചെങ്കിലും നാമനിര്‍ദേശ പത്രിക കൊടുക്കുന്ന സമയത്ത് ഔദ്യോഗിക വിഭാഗം ഇതംഗീകരിക്കുകയായിരുന്നു.
മുന്‍ ബേങ്ക് പ്രസിഡന്റ് എന്‍ എ നാസറിനെതിരെ ചേലേമ്പ്ര നിക്ഷേപ തട്ടിപ്പുമായി ബന്ധമുളളതിനാല്‍ പ്രവര്‍ത്തകരും ഭാരവാഹികളിലെ ഭൂരിപക്ഷവും ഇദ്ദേഹത്തെ ഡയറകടറാക്കുന്നതിനെതിരായിരുന്നു. സമവായമെന്ന നിലക്കാണ് ഔദ്യോഗിക വിഭാഗം ഇതംഗീകരിച്ചത്. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തെ പ്രസിഡന്റാക്കാനായിരുന്നു മറു വിഭാഗത്തിന്റെ നീക്കം. എന്നാല്‍ ഇതിനെതിരെ ഔദ്യോഗിക വിഭാഗം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് വിവിധ വാര്‍ഡ് ഭാരവാഹികളും പഞ്ചായത്ത് കൗണ്‍സിലര്‍മാരും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മറു വിഭാഗം പ്രസിഡന്റിന്റെ ബന്ധുവായ അഫ്‌സലിനെ പ്രസിഡന്റാക്കാന്‍ നീക്കം നടത്തുകയായിരുന്നു. ഇതിനെതിരെ ഔദ്യോഗിക വിഭാഗം രംഗത്ത് വന്നതോടെ വിഷയം ജില്ലാ പരിഗണക്ക് വിടുകയായിരുന്നു. ജില്ലാ പ്രസിഡന്റ് ഔദ്യോഗിക വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് അഡ്വ. എന്‍ പി മുഹമ്മദ് ശമീമിനേയും മറുഭാഗത്ത് നിന്ന് അഫ്‌സലിനും ഭരണകാലാവധി തുല്ല്യമായി വീതിച്ച് നല്‍കാനും ആദ്യ തവണ നറുക്കെടുപ്പിലൂടെ ഭാഗിച്ച് നല്‍കാനും മണ്ഡലം ജനറല്‍ സെക്രട്ടറി ബക്കര്‍ ചെര്‍ന്നൂരിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതുപ്രകാരം അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസം രാവിലെ എട്ട് മണിക്ക് ഇരു വിഭാഗത്തേയും വിളിച്ച് ചേര്‍ത്തെങ്കിലും ജില്ലാ സെക്രട്ടറി എം എ ഖാദര്‍ ജില്ലാ പ്രസിഡന്റിന്റെ തീരുമാനം അട്ടിമറിക്കുകയായിരുന്നുവെന്നും വിമത വിഭാഗത്തിന്റെ വക്താവായിട്ടാണെന്ന യോഗത്തില്‍ പങ്കെടുത്തതെന്നുമാണ് ഔദ്യോഗിക വിഭാഗം ആരോപിക്കുന്നത്. രാവിലെ 11 മണിക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 10.40 വരെയും തീരുമാനമില്ലാത്തതിനാല്‍ ഔദ്യോഗിക വിഭാഗം പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് അസാധുവാകാതിരിക്കാന്‍ ഔദ്യോഗിക വിഭാഗം യോഗത്തില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസിലെ പ്രദീപ് ലീഗ് ഔദ്യോഗിക വിഭാഗത്തിലെ അഡ്വ. എന്‍ പി മുഹമ്മദ് ഷെമീമിനെ പ്രസിഡന്റായി നിര്‍ദേശിക്കുകയും കെ പി മൊയ്തീന്‍കുട്ടി പിന്താങ്ങുകയും ചെയ്തു. ഇതോടെ എതിരില്ലാതെ ഔദ്യോഗിക വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചു.
ഔദ്യോഗിക വിഭാഗത്തില്‍ നിന്നുളള അഡ്വ. ശമീം, കെ പി മൊയ്തീന്‍കുട്ടി, അമ്പായത്തിങ്ങല്‍ ആരിഫ, കോണ്‍ഗ്രസില്‍ നിന്ന് ഹുസൈന്‍ കുന്നുമ്മല്‍, ടി ഗോപാലകൃഷ്ണന്‍, പി ഷിനോയ്, പ്രദീപ് യോഗത്തില്‍ പങ്കെടുത്തു. നൗശാദലി വിഭാഗത്തില്‍ പെട്ട ജമീല ഹുസൈന്‍, അഫ്‌സല്‍, സാജിത, നാസര്‍ യോഗം ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസിലെ ഹുസൈന്‍ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.