ക്യാമ്പില്‍ തണുത്ത് വിറച്ച് മരിച്ചാലും നാട്ടിലേക്കില്ല: മുസാഫര്‍നഗര്‍ ഇരകള്‍

Posted on: December 16, 2013 5:56 am | Last updated: December 16, 2013 at 9:21 am

muzafar nagar

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലും അയല്‍ജില്ലയായ ശംലിയിലും കലാപം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും പതിനായിരക്കണക്കിന് മുസ്‌ലിം ഇരകള്‍ അഭയാര്‍ഥി ക്യാമ്പ് വിട്ട് സ്വന്തം ഗ്രാമത്തിലേക്ക് പോകാന്‍ ഭയക്കുന്നു. സ്വന്തം ഗ്രാമങ്ങളില്‍ നിര്‍ഭയമായി എന്നെന്നേക്കും കഴിയാന്‍ വേണ്ട ശക്തമായ നടപടികള്‍ ഇതുവരെ അധികാരികള്‍ സ്വീകരിച്ചിട്ടില്ല. തിരികെ ചെന്നാല്‍ കൊല്ലപ്പെടുമെന്ന് ഇവര്‍ ഭയക്കുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങള്‍ തിരികെ പോകണമെന്ന് അധികാരികള്‍ എന്തുകൊണ്ടാണ് ആഗ്രഹിക്കുന്നതെന്ന് ഹസന്‍പൂര്‍ ഗ്രാമത്തിലെ 42കാരനായ മഹ്ബൂബ് ചോദിക്കുന്നു.
തീരെ ശോഷിച്ച ടെന്റുകളില്‍ എല്ല് തുളക്കുന്ന തണുപ്പ് സഹിക്കാന്‍ ഇവര്‍ സന്നദ്ധമാകുന്നത് ഈ ഭയം കാരണമാണ്. കലാപബാധിത ഇടങ്ങളില്‍ മറ്റ് പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും സുരക്ഷാ കാര്യത്തില്‍ ഇവര്‍ക്ക് വിശ്വാസമില്ല. ക്യാമ്പില്‍ കിടന്ന് മരിച്ചാലും ഗ്രാമത്തിലേക്ക് തിരികെ പോകാനില്ലെന്നാണ് ഇരകള്‍ പറയുന്നത്.
ഡിവിഷനല്‍ കമ്മീഷണര്‍ മഞ്ജിത് സിംഗ് കഴിഞ്ഞ ദിവസം കാന്ധ്‌ല അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. കലാപത്തിനിടെ കാണാതായവരെ കുറിച്ച് ക്യാമ്പിലുള്ളവര്‍ അദ്ദേഹത്തെ അറിയിച്ചു. ഇവരെ മരിച്ചവരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. ക്യാമ്പിലുള്ളവര്‍ക്ക് അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ നല്‍കാന്‍ ജില്ലാ അധികൃതര്‍ക്ക് മഞ്ജിത് സിംഗ് നിര്‍ദേശിച്ചിട്ടുണ്ട്.
കലാപ സമയത്ത് 13 പേരെ കാണാതായതായും രണ്ട് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായും ശംലി ജില്ലാ മജിസ്‌ട്രേറ്റ് പി കെ സിംഗ് സ്ഥിരീകരിച്ചു. ലിസാധ് ഗ്രാമത്തിലെ ആള്‍ക്കാരെയും കാണാതായിട്ടുണ്ട്. ക്യാമ്പില്‍ അതിശൈത്യം കാരണം 11 കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ഉന്നതതല സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് സിംഗ് അറിയിച്ചു. മുസാഫര്‍നഗറില്‍ ഒന്നും ശംലിയില്‍ നാലും ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്.