മസ്‌കത്ത് നഗരസഭ ശുചീകരണത്തൊഴിലാളികള്‍ പണി മുടക്കി

Posted on: December 15, 2013 1:58 pm | Last updated: December 15, 2013 at 1:58 pm

Labour Strikeമസ്‌കത്ത്: നഗരസഭയുടെ ശുചീകരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഇന്നലെ പണിമുടക്കി. അധിക സേവനത്തിന് വേതനം നിഷേധിക്കുന്നുവെന്നതുള്‍പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പണിമുടക്ക്. ഇരുനൂറോളം തൊഴിലാളികളാണ് ഇന്നലെ പണിമുടക്കിയത്.
വേതനം നല്‍കാതെ ജോലി ചെയ്യിപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് പണിമുടക്കിയ തൊഴിലാളികള്‍ പറഞ്ഞു. നേരത്തെ തങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം അവധിയുണ്ടായിരുന്നു. ഇപ്പോള്‍ അവധിയില്ലെന്നു മാത്രമല്ല, അധിക ജോലിക്കു വേതനവുമില്ല. മുമ്പ് അവധി ദിനങ്ങളില്‍ ജോലി ചെയ്യുന്നതിന് അധിക ശമ്പളം ലഭിച്ചിരുന്നു. 600 പേര്‍ ശുചീകരണ വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ട്. പല തവണ അധികൃതര്‍ക്കു മുന്നില്‍ വിഷയം ഉന്നയിച്ചിരന്നു. പരിഹാരമുണ്ടായിട്ടില്ല. അധികൃതര്‍ രംഗത്തു വന്നാല്‍ ചര്‍ച്ചക്കു തയാറാണെന്നും ജോലിക്കാര്‍ പറഞ്ഞു.
അതിനിടെ പണിമുടക്കിയ തൊഴിലാളികളെ അനുനയിപ്പിച്ച് ജോലിയിലേക്കു തിരികെ കൊണ്ടുവരാന്‍ പരിശ്രമിച്ചെങ്കിലും പണിമുടക്കിയവര്‍ വഴങ്ങിയില്ല. വിദേശികളായ ജീവനക്കാരെ മാത്രമാണ് വേതനം നിഷേധിച്ച് ചൂഷണം ചെയ്യുന്നതെന്നാണ് കരുതുന്നതെന്നും ഒമാനിലെ തൊഴില്‍ നിയമത്തിന്റെ ലംഘനമാണ് നടക്കുന്നതെന്നതിനാല്‍ തങ്ങള്‍ ജോലിക്കു ഹാജരാകാന്‍ തയാറല്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.
മസ്‌കത്ത് നഗരസഭയുടെ കീഴില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന തൊഴിലാളികളെ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ പുതിയ തൊഴില്‍ കരാറിന്റെ പരിധിയില്‍ കൊണ്ടു വന്നിരുന്നു. നേരത്തെയുണ്ടായിരുന്ന ജോലിയില്‍നിന്നും പിരിച്ചു വിട്ടാണ് പുതിയ തൊഴില്‍ കരാറുണ്ടാക്കിയത്. ശേഷമാണ് വാരാന്ത്യ അവധിയും അധിക വേതനവും വെട്ടിക്കുറച്ചതെന്നും പ്രതിമാസ ശമ്പളത്തിലും കുറവുണ്ടായി എന്നും തൊഴിലാളികള്‍ പറഞ്ഞു. ആഗസ്റ്റ് ഒന്നു മുതല്‍ നിലവില്‍ വന്ന പുതിയ കരാര്‍ പ്രകാരം ജീവനക്കാരുടെ ശമ്പളം 150 ആക്കി ഏകീകരിച്ചു. അലവന്‍സായി ലഭിച്ചിരുന്ന 100 റിയാല്‍ ഇല്ലാതാക്കുകയും ചെയ്തു. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്നവര്‍ക്ക് ഫലത്തില്‍ ശമ്പളത്തില്‍ വന്‍ കുറവുണ്ടായി. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ ജോലി ഉപേക്ഷിച്ചു പോയിരുന്നു. താമസസൗകര്യം മാത്രമാണ് നഗരസഭ അനുവദിക്കുന്നത് ഭക്ഷണച്ചെലവ് ശമ്പളത്തില്‍ നിന്നും കണ്ടെത്തണം.