പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെ: ബൈപ്പാസ് നിര്‍മാണത്തിന് കേന്ദ്രത്തിന്റെ എന്‍ ഒ സി

Posted on: December 15, 2013 7:19 am | Last updated: December 15, 2013 at 7:19 am

കോഴിക്കോട്: ദേശീയപാത 17 ബൈപ്പാസിന്റെ പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയുള്ള ഭാഗത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ ഒ സി നല്‍കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എം കെ രാഘവന്‍ എം പിയെ അറിയിച്ചു. ബൈപ്പാസ് പൂര്‍ത്തീകരണത്തിന് പദ്ധതി ചെലവിന്റെ അന്‍പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
നിലവില്‍ ഇടിമൂഴിക്കല്‍ മുതല്‍ വെങ്ങളം വരെയുള്ള 28 കിലോമീറ്റര്‍ ബൈപ്പാസ് പദ്ധതിയുടെ പൂളാടിക്കുന്ന് വരെയുള്ള 23 കിലോമീറ്റര്‍ ഭാഗമാണ് പൂര്‍ത്തിയായത്. പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയുള്ള അഞ്ച് കിലോമീറ്റര്‍ ഭാഗത്തിനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയായതാണ്. ഈ ഭാഗം പൂര്‍ത്തിയാകാത്തതിനാല്‍ ബൈപ്പാസ്‌കൊണ്ടുള്ള പ്രയോജനം പൂര്‍ണതോതില്‍ ലഭിക്കാത്ത സാഹചര്യമാണ്.
പൂളാടിക്കുന്നില്‍ സംസ്ഥാന പാതയിലാണ് ബൈപ്പാസ് ഇപ്പോള്‍ ചെന്നുചേരുന്നത്. വീതികുറഞ്ഞ സംസ്ഥാന പാതയില്‍ പൂളാടിക്കുന്നിനും അത്തോളി- തിരുവങ്ങൂരിനും ഇടയില്‍ ഗതാഗതക്കുരുക്കിന് ഇത് ഇടയാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് എം കെ രാഘവന്‍ എം പി മുഖ്യമന്ത്രിയെയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെയും ഉദ്യോഗസ്ഥരെയും വിഷയം ബോധ്യപ്പെടുത്തിയത്.
ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയായാലേ കോഴിക്കോട് നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുകയുള്ളൂവെന്നും അതിനാല്‍ പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയുള്ള റോഡ് നിര്‍മാണ പ്രവൃത്തിക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഉടന്‍ അനുമതി നല്‍കി പദ്ധതി പൂര്‍ത്തിയാക്കണമെന്നും എം പി ലോക്‌സഭയിലും ആവശ്യപ്പെട്ടിരുന്നു.