Connect with us

Kerala

സന്ധ്യക്കും ചിറ്റിലപ്പള്ളിക്കുമെതിരെ സി പി എം നേതാക്കള്‍

Published

|

Last Updated

തിരുവനന്തപുരം: ക്ലിഫ് ഹൗസ് ഉപരോധ സമരത്തിനിടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിന്റെ പേരില്‍ പ്രതിഷേധിച്ച വീട്ടമ്മക്കെതിരെയും അവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ച വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെയും സി പി എം നേതാക്കള്‍. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദനും ബേബിജോണുമാണ് രൂക്ഷ വിമര്‍ശങ്ങളുമായി രംഗത്തുവന്നത്. സരിതോര്‍ജത്തിന്റെ പുതിയ രീതിയിലുള്ള താടകാവതരണമാണ് കഴിഞ്ഞ ദിവസം ഇവിടെ കണ്ടതെന്ന് ഇന്നലെ സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ പറഞ്ഞു. കൊച്ചൗസേപ്പ് ഇത്ര കൊച്ചാണെന്ന് അറിഞ്ഞിരുന്നില്ല. ചിറ്റിലപ്പള്ളിയല്ല, ചെറ്റലപ്പള്ളിയാണെന്നും ബേബി ജോണ്‍ പരിഹസിച്ചു. സരിതക്ക് നല്‍കാനാണ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ നല്‍കിയത്. പൂരപ്പറമ്പിലെ മുച്ചീട്ടു കളിയല്ല ഇടതു സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ബ്ലൗസില്‍ കോണ്‍ഗ്രസ് ചിഹ്നം പതിപ്പിച്ച് വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനു വേണ്ടി പ്രചാരണം നടത്തിയ വ്യക്തിയാണ് സന്ധ്യയെന്ന് സി പി എം സംസ്ഥാന സമിതിയംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സന്ധ്യ, ഉമ്മന്‍ ചാണ്ടി പക്ഷക്കാരിയായ തനി കോണ്‍ഗ്രസുകാരിയാണ്. സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല സന്ധ്യ വാദിച്ചത്. സമരക്കാരെ ചീത്തവിളിക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ സംസാരിച്ചത്. ജനത്തിനെ എല്‍ ഡി എഫിനെതിരാക്കാന്‍ വേണ്ടി സര്‍ക്കാറും പോലീസും ചേര്‍ന്ന് നടത്തിയ ഗൂഢലോചനയാണ് വ്യാഴാഴ്ച നടന്നതെന്നും അദ്ദേഹം പറഞ്ഞു.
സമരങ്ങള്‍ക്ക് പൊതുവെ എതിരാണ് കൊച്ചൗസേപ്പ ്ചിറ്റിലപ്പള്ളി. സമരത്തെ എതിര്‍ക്കുന്നവരെ സഹായിക്കുന്ന സമീപനമാണ് അദ്ദേഹത്തിനുള്ളത്. അവകാശങ്ങള്‍ക്കായി പോരാടുന്ന പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള സമീപനമാണ് ചിറ്റിലപ്പള്ളിക്കുള്ളത്. ഇതിലൂടെ സമരം പൊളിഞ്ഞെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. സമരം പ്രതീകാത്മകമല്ല. ജില്ലാ കമ്മിറ്റി ആദ്യം പറഞ്ഞത് തെറ്റായിരുന്നെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തിരുത്തിയിരുന്നു. ആശയവിനിമയത്തിലുണ്ടായ പിശകായിരുന്നു അത്. സമരം പ്രതീകാത്മകമായി നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നില്ല. സമരത്തിന്റെ വേദി മാറ്റണമെന്ന് നേരത്തെ സി പി ഐ ആവശ്യപ്പെട്ടെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.
സമരസ്ഥലത്തെത്തിയാല്‍ അഞ്ച് ലക്ഷം നല്‍കുന്നുവെന്നു കേട്ടാണ് താന്‍ എത്തിയതെന്ന് എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. ഇന്നലെ സന്ധ്യയാണെങ്കില്‍ ഇന്ന് കുതിരപ്പുറത്തേറി സാക്ഷാല്‍ ഝാന്‍സി റാണി തന്നെ വന്നേക്കാം. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ചിറ്റിലപ്പള്ളി പാരിതോഷികം നല്‍കിയത്. മറ്റൊരു ചാക്കു രാധാകൃഷ്ണനാകാനാണു ചിറ്റിലപ്പള്ളിയുടെ ശ്രമമമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ നടന്ന ഉപരോധത്തിനിടെയാണ് സി പി എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ള എന്നിവര്‍ക്കുനേരെ സമീപത്തെ താമസക്കാരിയായ സന്ധ്യ ശകാരം ചൊരിഞ്ഞത്. ക്ലിഫ് ഹൗസ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് ഗതാഗതം തടഞ്ഞതിലായിരുന്നു പ്രതിഷേധം. ഇതാണ് നേതാക്കള്‍ക്കെതിരെ തിരിയാന്‍ സന്ധ്യയെ പ്രേരിപ്പിച്ചത്. പൊതുജനങ്ങള്‍ക്കായി ഒറ്റക്കു ശബ്ദമുയര്‍ത്താന്‍ കാണിച്ച ധീരതക്കാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചത്.